ഏത് രാജ്യത്തെയും അടുത്തറിയാൻ ഏറ്റവും നല്ല മാർഗം റോഡ് ട്രിപ്പ് ആണെന്ന് പറയാറുണ്ട്. പക്ഷെ നമുക്ക് ഡ്രൈവ് ചെയ്യാൻ ഇഷ്ടമാണെങ്കിലും, സന്ദർശിക്കാൻ പ്ലാൻ ചെയ്യുന്ന രാജ്യത്തിന്റെ ഡ്രൈവിങ് നിയമങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.
പ്രാദേശിക നിയമങ്ങൾക്ക് പുറമെ, ഏറ്റവും പ്രധാനപ്പെട്ട കാര്യം സാധുവായ ഒരു ഡ്രൈവിങ് ലൈസൻസ് കൈവശം വെക്കുക എന്നതാണ്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും നിങ്ങളുടെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാം. ആ രാജ്യങ്ങൾ ഏതൊല്ലാമാണെന്ന് നോക്കാം.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക
നിങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്രവേശിക്കുന്ന തീയതി മുതൽ ഒരു വർഷം വരെയുള്ള കാലയളവിലേക്ക് നിങ്ങളുടെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് അവിടെ വാഹനം ഓടിക്കാം. നിങ്ങളുടെ ലൈസൻസ് ഇംഗ്ലീഷിൽ അച്ചടിച്ചതായിരിക്കണം. ഏതെങ്കിലും പ്രാദേശിക ഭാഷയിൽ ആവരുത്. കൂടാതെ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ നിങ്ങളുടെ വരവിന്റെയും പോക്കിന്റെയും രേഖയുടെ തെളിവായി ഐ-94 ഫോമും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം. അല്ലെങ്കിൽ, രാജ്യത്ത് പ്രവേശിച്ച തീയതി കാണിക്കാൻ നിങ്ങൾക്ക് സിബിപി ജിഒ (CBP GO) മൊബൈൽ ആപ്പും ഉപയോഗിക്കാം.

കാനഡ
ഇന്ത്യയിൽനിന്ന് ധാരാളം സന്ദർശകർ എത്തുന്ന മറ്റൊരു രാജ്യമായ കാനഡയിലും സാധുവായ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാം. എന്നാൽ ഇതിനുള്ള കാലയളവ് വളരെ കുറവാണ്. ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഒരുവർഷം വാഹനം ഓടിക്കാൻ കഴിയുന്ന അമേരിക്കയിൽനിന്ന് വ്യത്യസ്തമായി, കാനഡയിൽ നിങ്ങൾക്ക് രണ്ട് മാസത്തേക്ക് മാത്രമേ ഇത് സാധ്യമാകൂ.
യുണൈറ്റഡ് കിങ്ഡം
യുണൈറ്റഡ് കിങ്ഡത്തിലെ എല്ലാ രാജ്യങ്ങളിലും (ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ്) നിങ്ങൾ ആദ്യമായി അവിടെ പ്രവേശിച്ച തീയതി മുതൽ ഒരു വർഷത്തേക്ക് സാധുവായ ഒരു ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാം. എന്നാൽ, നിങ്ങൾക്ക് ഓടിക്കാൻ കഴിയുന്ന വാഹനങ്ങളുടെ വിഭാഗത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകാം. ചെറിയ കാറുകളും മോട്ടോർസൈക്കിളുകളും ഒരു തടസ്സവുമില്ലാതെ ഉപയോഗിക്കാം.
യൂറോപ്യൻ യൂണിയൻ
ചില യൂറോപ്യൻ രാജ്യങ്ങളിൽ ആദ്യത്തെ പ്രവേശന തീയതി മുതൽ ഒരു നിശ്ചിത കാലയളവിലേക്ക് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാൻ അനുവദിക്കുന്നു. ജർമ്മനി, ഇറ്റലി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, സ്പെയിൻ, സ്വീഡൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആറ് മുതൽ 12 മാസം വരെ കാലാവധി വ്യത്യാസപ്പെടാം. ലൈസൻസ് ഇംഗ്ലീഷ് ഭാഷയിൽ ആയിരിക്കണമെന്നത് നിർബന്ധമാണ്. ഈ രാജ്യങ്ങളിലെല്ലാം നിങ്ങൾ റോഡിന്റെ വലതുവശത്തുകൂടിയാണ് ഡ്രൈവ് ചെയ്യുന്നതെന്ന് പ്രത്യേകം ഓർക്കുക.

“ഓസ്ട്രേലിയയും ന്യൂസിലാൻഡും
ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലും നിങ്ങൾക്ക് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാം. ഓസ്ട്രേലിയ മൂന്നുമാസം വരെ ഡ്രൈവ് ചെയ്യാൻ അനുവദിക്കുമ്പോൾ, ന്യൂസിലാൻഡിൽ ആദ്യത്തെ പ്രവേശന തീയതി മുതൽ ഒരു വർഷത്തേക്ക് ഡ്രൈവ് ചെയ്യാം. ഈ രണ്ട് രാജ്യങ്ങളിലും ഗതാഗതം ഇന്ത്യയിലേതുപോലെ റോഡിന്റെ ഇടതുവശത്തുകൂടിയാണ്.
സിങ്കപുർ
സിങ്കപുരിലും പ്രവേശന തീയതി മുതൽ ഒരു വർഷത്തേക്ക് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് സാധുവാണ്. ഈ കാലാവധിക്ക് ശേഷം, ബന്ധപ്പെട്ട അധികാരികളിൽനിന്ന് ഒരു പ്രാദേശിക ഡ്രൈവിങ് ലൈസൻസിനായി നിങ്ങൾ അപേക്ഷിക്കേണ്ടിവരും. ഇവിടെയും ഗതാഗതം റോഡിന്റെ ഇടതുവശത്തുകൂടിയാണ്.
സൗദി അറേബ്യ
മിഡിൽ ഈസ്റ്റിലെ പല രാജ്യങ്ങലിൽനിന്നും വ്യത്യസ്ഥമായി, ഇംഗ്ലീഷിൽ അച്ചടിച്ച ഒരു സാധുവായ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് സൗദി അറേബ്യയിൽ വാഹനം ഓടിക്കാം. മൂന്ന് മാസത്തെ കാലയളവിലേക്കാണ് വിദേശ ലൈസൻസ് ഉപയോഗിക്കാൻ സൗദി അനുവദിക്കുന്നത്.
ഹോങ്കോങ്
ഹോങ്കോങ്ങിൽ ഒരുവർഷത്തേക്ക് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാൻ അനുവദിക്കുന്നുണ്ട്. ഈ കാലയളവിനുശേഷം നിങ്ങൾക്ക് ഒരു പ്രാദേശിക ഡ്രൈവിങ് ലൈസൻസ് നേടേണ്ടിവരും.”