സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ആധികാരിക ജയത്തോടെ ഇറ്റലി യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് എയില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് റോബര്‍ട്ടോ മാന്‍സീനിയുടെ നീലപ്പട സ്വിറ്റ്സര്‍ലന്‍ഡിനെ തോല്‍പ്പിച്ചത്. മാനുവല്‍ ലോക്കടെല്ലിയാണ് ഇറ്റലിയുടെ രണ്ട് ഗോളുകള്‍ നേടിയ്ത. സിറൊ ഇമ്മൊബീലിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. ആദ്യ മത്സരത്തില്‍ തുര്‍ക്കിയെ തോല്‍പ്പിച്ച ഇറ്റലി ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ്. അസൂറികളുടെ സമഗ്രാധിപത്യമായിരുന്നു മത്സരത്തില്‍. 10-ാം മിനിറ്റില്‍ തന്നെ ആദ്യ അവസരം സൃഷ്ടിച്ചു. ലിയൊണാര്‍ഡോ സ്പിനസോളയുടെ ക്രോസില്‍ ഇമ്മൊബീല്‍ തലവച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 19-ാ മിനിറ്റില്‍ ജിയോര്‍ജിയോ കെല്ലിനി ഇറ്റലിക്കായി ഗോള്‍ നേടിയെങ്കിലും വാര് വിനയായി.26-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി.രണ്ടാം ഗോളിന് 52-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.നിക്കോളോ ബരേല്ലയുടെ പാസ് സ്വീകരിച്ച ലോക്കടെല്ലിയുടെ ഇടങ്കാലന്‍ ഷോട്ട് ക്രോസ്ബാറിന് താഴെ വലത് മൂലയിയില്‍ പതിച്ചു. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രമുള്ളപ്പോള്‍ ഇമ്മൊബീല്‍ പട്ടിക പൂര്‍ത്തിയാക്കി.ഈ വിജയം ഇറ്റലിയുടെ തുടര്‍ച്ചയായ പത്താം വിജയമാണ്.