കഴിഞ്ഞ പത്ത് വർഷത്തിനിടെ ഭാരതത്തിലെ റെയിൽവേ സംവിധാനത്തിൽ വന്ന പരിഷ്കാരങ്ങളെക്കുറിച്ച് വിശദമാക്കി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. വികസിത് ഭാരത് അംബാസഡർ ഈവന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം സർവോന്മുഖമായ വികസനത്തിനാണ് ഇന്ത്യൻ റെയിൽവേ സാക്ഷ്യം വഹിച്ചത്. എന്നാൽ അതിന് മുൻപുള്ള സർക്കാരുകൾ വെറും കറവപ്പശുവായാണ് റെയിൽവേയെ കണ്ടതെന്നും അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി.കുറഞ്ഞത് നാല് കിലോമീറ്റർ റെയിൽവേ ട്രാക്ക് ദിവസവും രാജ്യത്ത് നിർമിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 5,300 കിലോ മീറ്റർ റെയിൽവേ നെറ്റ്‌വർക്കാണ് പണികഴിപ്പിച്ചത്.
അതായത് സ്വിറ്റ്സർലാൻഡിലെ മുഴുവൻ ട്രെയിൻ നെറ്റ്‌വർക്ക് ഒറ്റവർഷം കൊണ്ട് ഇന്ത്യയിൽ പണിതു. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് 31,000 കിലോമീറ്റർ റെയിൽവേ ട്രാക്ക് പുതിയതായി ചേർത്തു. ജർമനിയിലെ ആകെ ട്രാക്കുകളുടെ അത്രയുമാണിത്.ഇന്ത്യൻ റെയിൽ സംവിധാനത്തിൽ വൈദ്യുതീകരണവും ആധുനികവത്കരണവും അവലംബിക്കുന്നതിനായുള്ള ശ്രമവും ഊർജിതമായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ 44,0000 കിലോമീറ്റർ റെയിൽവേ നെറ്റ്‌വർക്കുകൾ വൈദ്യുതീകരിച്ചു. കോൺഗ്രസ് ഭരിച്ച 60 വർഷക്കാലം ആകെ 20,000 കിലോ മീറ്റർ റെയിൽവേ നെറ്റ്‌വർക്കുകൾ വൈദ്യുതീകരിച്ചു. കോൺഗ്രസ് ഭരിച്ച 60 വർഷക്കാലം ആകെ 20,000 കിലോ മീറ്റർ മാത്രമായിരുന്നു വൈദ്യുതീകരിച്ചത്. ഇന്ത്യൻ റെയിൽവേ സമ്പൂർണമായി വൈദ്യുതീകരിക്കുകയെന്ന യജ്ഞമാണ് ഇപ്പോൾ നടക്കുന്നതെന്നും റെയിൽവേ മന്ത്രി അറിയിച്ചു.ഇവ കൂടാതെ രാജ്യമെമ്പാടും റെയിൽവേ സ്റ്റേഷനുകളുടെ പുനർനവീകരണം നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ 300ഓളം സ്റ്റേഷനുകളിലാണ് നിർമാണം നടക്കുന്നത്. അതിൽ 120 സ്റ്റേഷനും മഹാരാഷ്‌ട്രയിലാണ്. വന്ദേഭാരത്, ബുള്ളറ്റ് ട്രെയിൻ എന്നിവ ഇന്ത്യൻ റെയിൽവേയുടെ വികസനത്തിന്റെ പ്രതിബിംബങ്ങളാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.