2024 അവസാനിക്കും മുന്‍പ്‌ നിങ്ങള്‍ ചെയ്‌തിരിക്കേണ്ട കാര്യങ്ങള്‍

നോക്കി നോക്കി ഇരുന്ന്‌ ഒരു വര്‍ഷമങ്ങ്‌ അവസാനിക്കാറായി. പോയ വര്‍ഷത്തിന്റെ കണക്കെടുപ്പിനും പുതിയ വര്‍ഷത്തിലേക്കായുള്ള ആസൂത്രണത്തിനുമൊക്കെയുള്ള സമയമാണിത്.

1. 2024നെപ്പറ്റി അവലോകനം

ഒരു നോട്ട്‌ബുക്കും നിങ്ങളുടെ വാര്‍ഷിക പ്ലാനറുമെടുത്ത്‌ ഇരുന്ന്‌ കുറച്ചു നേരം 2024 വര്‍ഷത്തിലേക്ക്‌ ഒരു തിരിഞ്ഞു നോട്ടം നടത്തുക. എന്തൊക്കെ അനുഭവങ്ങളാണ്‌ ഈ വര്‍ഷം ഉണ്ടായത്‌? എങ്ങനെയാണ്‌ നിങ്ങള്‍ വളര്‍ന്നത്‌? എവിടെയൊക്കെ വിജയിച്ചു, എവിടെയൊക്കെ പരാജയമടഞ്ഞു, എന്തെല്ലാം പാഠങ്ങള്‍ പഠിച്ചു തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തുക. ഇവയെല്ലാം നോട്ട്‌ബുക്കില്‍ കുറിച്ചുവയ്‌ക്കുക.

2. 2025ലെ ലക്ഷ്യങ്ങള്‍

നമ്മുടെ ജീവിതം മെച്ചപ്പെടാനായി നമുക്ക്‌ ആദ്യം ശരിയായ ഒരു ദിശ വേണം. എങ്ങോട്ടാണ്‌ വരും വര്‍ഷത്തില്‍ നമ്മുടെ ജീവിതത്തെ ആട്ടിത്തെളിച്ച്‌ കൊണ്ടുപോകാന്‍ പോകുന്നതെന്ന്‌ തീരുമാനിക്കാനായി 2025 വര്‍ഷത്തിലേക്കായുള്ള നിങ്ങളുടെ ലക്ഷ്യങ്ങള്‍ കുറിച്ചുവയ്‌ക്കുക. അവയെ കൈവരിക്കാവുന്ന ചെറു ലക്ഷ്യങ്ങളായി വിഭജിച്ച്‌ എന്തൊക്കെ ചെയ്യാനാകുമെന്ന്‌ ആസൂത്രണം ചെയ്യുക.

3. ദീര്‍ഘകാല ലക്ഷ്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുക

അടുത്ത 10 വര്‍ഷത്തില്‍ നിങ്ങള്‍ എന്താകാന്‍ ആഗ്രഹിക്കുന്നു? എവിടെയിരിക്കാന്‍ ആഗ്രഹിക്കുന്നു? ആരുടെ കൂടെയിരിക്കാന്‍ ആഗ്രഹിക്കുന്നു? നിങ്ങളുടെ ദിവസങ്ങള്‍ എങ്ങനെ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു? ഈ ചോദ്യങ്ങള്‍ നിങ്ങളുടെ ദീര്‍ഘകാല ആസൂത്രണത്തിന്‌ ഒരു രേഖാചിത്രം വരയ്‌ക്കാന്‍ സഹായിക്കും.

 4. ലക്ഷ്യങ്ങള്‍ക്കൊരു കര്‍മ പദ്ധതി

ഒരു കര്‍മ പദ്ധതിയില്ലാത്ത ലക്ഷ്യങ്ങള്‍ പ്രയോജനരഹിതമാണ്‌. ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ എന്തൊക്കെ നടപടികള്‍ എടുക്കണമെന്നതാണ്‌ കര്‍മ പദ്ധതി നിശ്ചയിക്കുന്നത്‌. അതിനുവേണ്ടി താണ്ടേണ്ടിവരുന്ന പടികള്‍, ബന്ധപ്പെടേണ്ടിവരുന്ന വ്യക്തികള്‍, ഓരോ പടിക്കുമുള്ള ഡെഡ്‌ലൈനുകള്‍, ലക്ഷ്യപൂര്‍ത്തീകരണത്തിനായുള്ള വിഭവങ്ങള്‍, മുന്നില്‍ വരാവുന്ന തടസ്സങ്ങള്‍, പ്രതീക്ഷിത ഫലങ്ങള്‍ എന്നിവയെല്ലാം ഈ കര്‍മ പദ്ധതിയില്‍ അടങ്ങിയിരിക്കണം.

5. നേട്ടങ്ങള്‍ ആഘോഷിക്കുക

ഇനി എത്ര ചെറുതായാലും ഈ വര്‍ഷത്തെ നിങ്ങളുടെ നേട്ടങ്ങളെ ആഘോഷിക്കാന്‍ മറക്കരുത്‌. ഈ വര്‍ഷം ചെയ്‌ത കാര്യങ്ങള്‍ക്ക്‌ സ്വയം അഭിനന്ദിച്ചുകൊണ്ടു മാത്രമേ അടുത്ത വര്‍ഷത്തിലേക്ക്‌ കാലെടുത്തു വയ്‌ക്കാവൂ.

6. നന്ദി ആരോട്‌ ഞാന്‍ ചൊല്ലേണ്ടൂ

എനിക്ക്‌ ഒന്നും കിട്ടിയില്ല, ഞാന്‍ ഒന്നും ആയില്ല എന്നിങ്ങനെയുള്ള പതംപറച്ചിലുകള്‍ക്കു പകരം, ഈ വര്‍ഷം നിങ്ങള്‍ക്കു ലഭിച്ച അനുഗ്രഹങ്ങള്‍ക്കും നല്ല കാര്യങ്ങള്‍ക്കും നിങ്ങള്‍ ആരോടൊക്കെ കടപ്പെട്ടിരിക്കുന്നു എന്ന്‌ പുനര്‍വിചിന്തനം നടത്തുക. നല്ല ആരോഗ്യം, അടുത്ത സുഹൃത്തുക്കള്‍, നല്ലൊരു പങ്കാളി, വളര്‍ത്തുമൃഗങ്ങള്‍ എന്നിങ്ങനെ നിങ്ങള്‍ ഈ ലോകത്തോടു കൃതാര്‍ഥനായിരിക്കുന്ന 15 കാര്യങ്ങള്‍ നോട്ട് ബുക്കില്‍ കുറിച്ചു വയ്‌ക്കുക.

7. ഫോണിലെ ഫോട്ടോകള്‍ ക്രമീകരിക്കുക


ഫോണില്‍ ആ വര്‍ഷം എടുത്തു കൂട്ടിയ ആയിരക്കണക്കിനു ചിത്രങ്ങളിലൂടെ ഒരു സഞ്ചാരം നടത്തി അവയെ ക്രമീകരിക്കാനും ഈ വര്‍ഷം തീരുന്നതിനു മുന്‍പ്‌ സമയം കണ്ടെത്തുക. ആവശ്യമില്ലാത്തവ ഡിലീറ്റ്‌ ചെയ്യാനും, പ്രധാനപ്പെട്ടവ സൂക്ഷിച്ചു വയ്‌ക്കാനും മികച്ച നിമിഷങ്ങള്‍ ചേര്‍ത്തൊരു ഫോട്ടോ ആല്‍ബം നിര്‍മിക്കാനുമൊക്കെ കുറച്ചു സമയം കണ്ടെത്തുക. ഈ വര്‍ഷം നിങ്ങള്‍ക്കു സമ്മാനിച്ച മികച്ച നിമിഷങ്ങളെയും ഇത്‌ ഓര്‍മപ്പെടുത്തും.

 

8. പ്രിയപ്പെട്ടവരോട്‌ മിണ്ടാം

ഫോണിലെ കോണ്‍ടാക്ട്‌ ലിസ്‌റ്റിലൂടെ വീണ്ടുമൊന്ന്‌ സ്‌ക്രോള്‍ ചെയ്‌തു നോക്കൂ. ഒരു കാലത്ത്‌ അത്രമേല്‍ പ്രിയപ്പെട്ടവരായിരുന്നിട്ടും കുറേ കാലമായി നിങ്ങള്‍ സംസാരിക്കാതിരിക്കുന്ന സുഹൃത്തുക്കളോ ബന്ധുക്കളോ ഒക്കെ അതില്‍ കാണില്ലേ. അവരെയെല്ലാം വീണ്ടും ഓര്‍ക്കാനും വിളിക്കാനും അതും പറ്റിയില്ലേല്‍ അവരെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടെന്നു പറഞ്ഞ്‌ ഒരു സന്ദേശം അയയ്ക്കാനും 2024ന്റെ ഈ അവസാന ദിനങ്ങള്‍ വിനിയോഗിക്കുക.

friends travels
Verified by MonsterInsights