മീറ്റർ റീഡിങ് എടുക്കുമ്പോൾത്തന്നെ വൈദ്യുതി ബിൽ തുക ഓൺലൈനായി അടയ്ക്കാം.

മീറ്റർ റീഡിങ് എടുക്കുമ്പോൾത്തന്നെ ബിൽ തുക ഓൺലൈനായി അടയ്ക്കാൻ സൗകര്യമൊരുക്കുന്ന കെഎസ്ഇബിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി ‍വിജയം. മീറ്റർ റീഡർ റീഡിങ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ ഉപയോക്താക്കൾക്ക് അനായാസം ബിൽ തുക അടയ്ക്കാൻ സാധിക്കും. ഡെബിറ്റ് / ക്രെഡിറ കാർഡ് മുഖേനയോ, ഭീം, ഗൂഗിൾ പേ, ഫോൺ പേ, പേയ്ടിഎം തുടങ്ങിയ ഭാരത് ബിൽ പേആപ്ലിക്കേഷനുകളിലൂടെ ക്യു ആർ കോഡ് സ്കാൻ ചെയ്തോ ബിൽ തുക അടയ്ക്കാൻ കഴിയും. യാത്ര ചെയ്യാൻ പ്രയാസമുള്ളവർക്കും ഓൺലൈൻ പണമടയ്ക്കാൻ സാങ്കേതിക ബുദ്ധിമുട്ടുള്ളവർക്കും പദ്ധതി സഹായമാണ്.

കനറാ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌പോട്ട് ബിൽ പേയ്മെന്റ് സേവനത്തിന് സർവീസ് ചാർജോ അധിക തുകയോ നൽകേണ്ടതില്ല. കെഎസ്ഇബിയെ സംബന്ധിച്ച് റീഡിങ് എടുക്കുന്ന ദിവസം തന്നെ ബിൽ തുക ലഭ്യമാകും എന്ന ഗുണവുമുണ്ട്. നവംബർ 15 മുതൽ തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം, ഉള്ളൂർ ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫിസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി വിജയമായതിനാൽ സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണു കെഎസ്ഇബി ലക്ഷ്യമിടുന്നത്.

അൽപ്പം തേങ്ങ മതി, മുടി ഒരിക്കലും നരയ്‌ക്കാത്ത ഡൈ തയ്യാറാക്കാം; മുടി വളർച്ചയും വർദ്ധിക്കും.

മാറിവരുന്ന കാലാവസ്ഥയും ശാരീരിക പ്രശ്‌നങ്ങളും കാരണം പലരും അനുഭവിക്കുന്ന പ്രശ്‌നമാണ് അകാലനര. ഇത് മാറ്റാൻ ഭൂരിഭാഗവും കെമിക്കൽ ഡൈയെ ആണ് ആശ്രയിക്കുന്നത്. എന്നാൽ, ദീർഘനാൾ ഇവ ഉപയോഗിച്ചാൽ പല തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. നര മാറാൻ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു ഡൈ പരിചയപ്പെടാം. ഇത് തയ്യാറാക്കാൻ വെറും മിനിട്ടുകൾ മതി. ഒരു കാര്യം കൂടെ ശ്രദ്ധിക്കുക, ഡൈ മാത്രമല്ല, നിങ്ങൾ ഭക്ഷണത്തിൽ നെല്ലിക്ക, മുരിങ്ങയില, കറിവേപ്പില എന്നിവ ഉൾപ്പെടുത്തുന്നതും നല്ലതാണ്. ഇത് വളരെ പെട്ടെന്ന് തന്നെ നര മാറ്റാൻ സഹായിക്കും.

ആവശ്യമായ സാധനങ്ങൾ

ഉലുവ – 1 ടേബിൾസ്‌പൂൺ

രിംജീരകം – 1 ടേബിൾസ്‌പൂൺ

ബദാം – 4 എണ്ണം

തേങ്ങി ചിരകിയത് – 2 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ചേരുവകളെല്ലാം ഇരുമ്പ് ചീനച്ചട്ടിയിലിട്ട് നന്നായി വറുത്ത് കരിച്ചെടുക്കണം. തണുക്കുമ്പോൾ ഇതിനെ അരച്ചെടുക്കുക. ഇതിലേക്ക് അൽപ്പം കറ്റാർവാഴ ജെൽ ചേർത്ത് നന്നായി യോജിപ്പിച്ച് ഡൈ രൂപത്തിലാക്കി ഒരു രാത്രി മുഴുവൻ ഇരുമ്പ് ചീനച്ചട്ടിയിൽ അടച്ച് സൂക്ഷിക്കുക.

ഉപയോഗിക്കേണ്ട വിധം

എണ്ണമയം ഒട്ടുമില്ലാത്ത മുടിയിൽ ഡൈ പുരട്ടി ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കാൻ പാടില്ല.

ഇന്ത്യയില്‍ ട്രെയിനുകള്‍ ഓടാത്ത ഒരു സംസ്ഥാനമുണ്ട്, അറിയാമോ?

പ്രശംസനീയമായ റയില്‍വേ ശൃംഖലയുള്ള നമ്മുടെ രാജ്യത്തെ ഈ സംസ്ഥാനത്തിന് മാത്രം റെയില്‍വേസ്‌റ്റേഷന്‍ ഇല്ലാത്തത് എന്തുകൊണ്ട്.

റെയില്‍വേ സര്‍വ്വീസ് ഇല്ലാത്ത ഒരു സംസ്ഥാനം ഇന്ത്യയിലുണ്ട് . ജനപ്രിയമായ ഒരു സംസ്ഥാനത്തുകൂടി ഒരു ട്രെയിന്‍ സര്‍വ്വീസ് പോലും ഇല്ലാത്തത് എന്തുകൊണ്ടാവും?

ഹിമാലയത്തിന്റെ മടിത്തട്ടില്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് സിക്കിം. പ്രകൃതി സ്‌നേഹികളുടെ സ്വര്‍ഗ്ഗം എന്ന് വിശേഷിപ്പിക്കപ്പെടുന്നയിടം കൂടിയാണിത്. പക്ഷേ റെയില്‍വേ ഇല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണിത്. ഇത്രയും പ്രശംസനീയമായ റെയില്‍വേ ശൃംഖലയുള്ള ഒരു രാജ്യത്തിന്റെ ഭാഗമായിട്ടും ഇത്രയും ജനപ്രിയമായ ഒരു സംസ്ഥാനമായിട്ടും സിക്കിമിന് ഇങ്ങനെ ഒരു കുറവുണ്ട്.

സിക്കിമിന് ഒരു റെയില്‍ സര്‍വ്വീസ് പോലുമില്ലാത്തതിന് കാരണം സിക്കിമിന്റെ പരുക്കന്‍ ഭൂപ്രദേശമാണ്. ഭൂമിശാസ്ത്രപരമായ വെല്ലുവിളികള്‍ കുറച്ചൊന്നുമല്ല ഇവിടെയുള്ളത്. മനോഹരമായ പ്രകൃതിയും കാഴ്ചയ്ക്ക് ആകര്‍ഷകമായ സ്ഥലവുമാണ് ഇവിടെ ഉള്ളതെങ്കിലും കുത്തനെയുളള താഴ്വരകളും ഇടുങ്ങിയ ചുരങ്ങളും ഉയര്‍ന്ന മലനിരകളും മാത്രമല്ല ഇവിടങ്ങളില്‍ മണ്ണിടിച്ചിലും ഭൂകമ്പങ്ങളും ഉണ്ടാകാന്‍ സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ റെയില്‍വേലൈന്‍ നിര്‍മ്മിക്കുന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതും അപ്രായോഗികവുമാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും ഫെബ്രുവരി 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി സിക്കിമിന്റെ ആദ്യത്തെ റെയില്‍വേ സ്റ്റേഷന് തറക്കല്ലിട്ടത് വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്. വിനോദ സഞ്ചാരത്തിനും പ്രതിരോധ ആവശ്യങ്ങള്‍ക്കുമായി റെയില്‍ സര്‍വ്വീസ് ഉപകരിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.

സിക്കിമിന്‍റെ പ്രകൃതിഭംഗി അതിനെ വേറിട്ട് നിര്‍ത്തുന്നുണ്ട്. വടക്കന്‍ സിക്കിമിലെ മറഞ്ഞിരിക്കുന്ന രത്‌നമെന്ന് പറയുന്ന കല്‍പോഖ്രി തടാകം എന്നറിയപ്പെടുന്ന കാക്ക തടാകം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തടാകങ്ങളിലൊന്നായ ചോമലുതടാകം, പശ്ചിമ സിക്കിമിലെ പ്രശസ്തമായ യുക്‌സോമിന് സമീപമുള്ള കഥോക് തടാകം ഇവയൊക്കെ സിക്കിമിനെ സംബന്ധിച്ചിടത്തോളം എടുത്തുപറയേണ്ട പ്രത്യേകതകളാണ്.

ഗർഭസ്ഥ ശിശു: അനോമിലി സ്കാനിങ്ങിൽ എല്ലാം അറിയാനാകുമോ; പരിമിതിയുണ്ടെന്ന്​ വിദഗ്​ധർ.

ഗർഭസ്ഥ ശിശുവിന്‍റെ ശാരീരികാവസ്ഥ കൃത്യമായി മനസ്സിലാക്കുന്നതിന് അഞ്ചാം മാസത്തെ അനോമിലി സ്കാനിലൂടെ സാധിക്കുമെങ്കിലും പരിമിതികളും പരിധികളുമുണ്ടെന്ന് വിദഗ്ധർ. കുഞ്ഞിന്‍റെ രൂപവും അവയവങ്ങളും അടുത്തുകാണാൻ സാധിക്കുമെന്നതാണ് അനോമിലി സ്കാനിന്‍റെ സവിശേഷത. അവയവങ്ങൾ വളർച്ച പ്രാപിച്ച ഘട്ടമായതിനാൽ ഇക്കാര്യങ്ങളിൽ ന്യൂനതകളുണ്ടെങ്കിൽ അതും ഈ സ്കാനിങ്ങിലൂടെ കണ്ടെത്താനും കഴിയും.

നാഡീവ്യൂഹങ്ങള്‍, ചെറുനാഡികള്‍, എല്ലുകള്‍ എന്നിവയുടെ നിരീക്ഷണവും സാധിക്കും. കുഞ്ഞിന്റെ വളര്‍ച്ച അളവുകള്‍, അമ്നിയോട്ടിക് ഫ്ലൂയിഡിന്‍റെ അളവ്, പ്ലാസന്റയുടെ സ്ഥാനം എന്നിവയാണ് സാധാരണ അനോമിലി സ്‌കാനിങ് റിപ്പോര്‍ട്ടിലുണ്ടാവുക.

അതേസമയം, അനോമിലി സ്കാനിൽ കണ്ടെത്താനാവുന്നതും കഴിയാത്തതുമായ വൈകല്യങ്ങളുണ്ടെന്നാണ് റേഡിയോളജിസ്റ്റുകളുടെ പക്ഷം. സ്കാനിങ് മെഷീനിന്‍റെ ശേഷിയടക്കം ഇക്കാര്യത്തിൽ പ്രധാനമാണ്. ബ്ലാക്ക് ആൻഡ്വൈറ്റിൽ കാഴ്ച നൽകുന്ന ടു.ഡി സ്കാനിങ്ങാണ് ആദ്യമുണ്ടായിരുന്നത്. ഇപ്പോൾ, ചെലവേറിയ ത്രീഡിയും ഫോർ ഡി സ്കാനിങ്ങുമെല്ലാം വ്യാപകമാണ്.

സാധാരണക്കാർക്ക് അപ്രാപ്യമായതിനാൽ അധികയിടങ്ങളിലും ടുഡി സ്കാനിങ്ങിനെയാണ് ആശ്രയിക്കുന്നത്. സാധാരണ എല്ലാ കേസുകളിലും ത്രീഡിയുടെ ആവശ്യം വരാറില്ല. ടുഡിയിൽ സ്വാഭാവികമായും ഗുണനിലവാരത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാം.

എല്ലാ വൈകല്യങ്ങളും സ്കാനിങ്ങിലൂടെ കണ്ടെത്താനാവില്ലെന്നും അതേസമയം തിരിച്ചറിയാൻ സാധിക്കുന്ന വൈകല്യങ്ങളുമുണ്ടെന്നും റേഡിയോളജിസ്റ്റ് ഡോ. അരുൺ മോഹൻ വ്യക്തമാക്കി. മുറിച്ചുണ്ട്, കൈകാലുകളിലെ പോരായ്മ, കൈയിലെ എല്ലിന്‍റെ അഭാവം എന്നിവ കൃത്യമായും അറിയാൻ കഴിയും.

ബിരുദവും ജോലിപരിചയവുമുണ്ടോ? സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ഒാഫിസറാകാം, 253 ഒഴിവിലേക്ക് ഉടനെ അപേക്ഷിക്കൂ.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫിസർമാരുടെ 253 അവസരം. ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലായാണ് ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. ഡിസംബർ 3 വരെ ഓൺലൈനായി അപേക്ഷിക്കാം.

സീനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ –2 വിഭാഗത്തിൽ മാനേജർ തസ്തികയിൽ മാത്രം 162 ഒഴിവുണ്ട്. സീനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ –4 വിഭാഗത്തിൽ ചീഫ് മാനേജർ തസ്തികയിൽ 10 ഒഴിവും മിഡിൽ മാനേജ്മെന്റ് ഗ്രേഡ് –3 വിഭാഗത്തിൽ സീനിയർ മാനേജർ തസ്തികയിൽ56 ഒഴിവുമുണ്ട്. ഐടി ഉൾപ്പെടെയുള്ള സ്ട്രീമുകളിലാണ് അവസരം.

സീനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ –1 വിഭാഗത്തിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 25 ഐടി സ്പെഷലിസ്റ്റ് ഒഴിവുകളിലേക്കും അപേക്ഷിക്കാം.

ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർക്കു യഥാക്രമം പൊതുമേഖലാ ബാങ്ക്/സ്വകാര്യ ബാങ്ക്/എൻബിഎഫ്സികളിൽ ജോലിപരിചയം വേണം.

http://www.centralbankofindia.co.in/

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തില്ലേ?; ഓണ്‍ലൈനായി സൗജന്യമായി പുതുക്കാന്‍ ഇനി രണ്ടാഴ്ച മാത്രം.

ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി രണ്ടാഴ്ച. 2024 ഡിസംബര്‍ 14 വരെ ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു.

ഇതിനോടകം തന്നെ നിരവധി തവണയാണ് സൗജന്യമായി ആധാര്‍ അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി കേന്ദ്രം നീട്ടിയത്. സമയപരിധി ഇനിയും നീട്ടിയില്ലായെങ്കില്‍ ഡിസംബര്‍ 14 ന് ശേഷം വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും.

മൈആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക.ആധാര്‍ എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞെങ്കില്‍ കാര്‍ഡ് ഉടമകള്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. പക്ഷേ ഇത് നിര്‍ബന്ധമല്ല. പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. അതേസമയം, ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോകണം.

2016ലെ ആധാര്‍ എന്റോള്‍മെന്റ്, അപ്‌ഡേറ്റ് റെഗുലേഷന്‍സ് അനുസരിച്ച് വ്യക്തികള്‍ ആധാര്‍ എന്റോള്‍മെന്റ് തീയതി മുതല്‍ പത്ത് വര്‍ഷത്തിലൊരിക്കല്‍ അവരുടെ ഐഡന്റിറ്റി പ്രൂഫ് (പിഒഐ), അഡ്രസ് പ്രൂഫ് (പിഒഎ) ഡോക്യുമെന്റുകള്‍ എന്നിവ അപ്‌ഡേറ്റ് ചെയ്യണമെന്ന് വ്യക്തമാക്കുന്നുണ്ട്. കൂടാതെ കുട്ടികളില്‍ അഞ്ച് വയസിനും 15 വയസിനും ഇടയില്‍ അവരുടെ ആധാര്‍ കാര്‍ഡില്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും നിര്‍ദേശിക്കുന്നുണ്ട്.

നടപത്തുവര്‍ഷം മുമ്പ് ആധാര്‍ കാര്‍ഡ് ലഭിച്ച് അപ്‌ഡേറ്റുകളൊന്നും വരുത്താത്തവര്‍ വിവരങ്ങള്‍ പരിഷ്‌കരിക്കാന്‍ തയ്യാറാവാണമെന്നാണ് യുഐഡിഎഐയുടെ നിര്‍ദേശം. എന്നിരുന്നാലും, ഈ അപ്‌ഡേറ്റുകള്‍ത്തേണ്ടത് നിര്‍ബന്ധമല്ലെന്നും യുഐഡിഎഐ വ്യക്തമാക്കി.

കെ-ഡിസ്‌കില്‍ കോര്‍ഡിനേറ്റര്‍; ഡിഗ്രിയാണ് യോഗ്യത; എല്ലാ ജില്ലകളിലും  ഒഴിവുകള്‍.

കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി നേടാന്‍ അവസരം. കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ (KDISC) ഇപ്പോള്‍ മണ്ഡലം കോര്‍ഡിനേറ്റര്‍ പ്രോഗ്രാം സപ്പോര്‍ട്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ആകെയുള്ള 277 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. നേരത്തെ നവംബര്‍ 13 വരെ ആയിരുന്നു അപേക്ഷ. ഈ തീയതി ഇപ്പോള്‍ നീട്ടിയിട്ടുണ്ട്. നവംബര്‍ 30 വരെ നിങ്ങള്‍ക്ക് അപേക്ഷിക്കാനാവും.

തസ്തിക& ഒഴിവ്

കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ മണ്ഡലം കോര്‍ഡിനേറ്റര്‍ പ്രോഗ്രാം സപ്പോര്‍ട്ട് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്.

Constituency Coordinator 137 ഒഴിവും,  Programme Support Assistant 140 ഒഴിവുമുണ്ട്.

ആകെ 277 ഒഴിവുകള്‍. എല്ലാ മണ്ഡലങ്ങളിലും നിയമനം നടക്കും.

ശമ്പളംതെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപ മുതല്‍ 30,000 രൂപ വരെ ശമ്പളം ലഭിക്കും.

പ്രായപരിധി35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.

യോഗ്യത

അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ ബി.ടെക്/ എം.ബി.എ/ എം.എസ്.ഡബ്യൂ.

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി (അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഫുള്‍ ടൈം റെഗുലര്‍ കോഴ്‌സ് ആയിരിക്കണം)

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് https://cmd.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാം. 

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ: ഓരോ കുട്ടിക്കും വ്യത്യസ്ത ചോദ്യപേപ്പർ; ചോദ്യങ്ങൾ ഓൺലൈനാക്കുന്നു.

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷയുടെ ചോദ്യം ഓൺലൈനായി ലഭ്യമാക്കുന്ന രീതി ഈ വർഷം മുതൽ നടപ്പാക്കാൻ തീരുമാനം. ഇത്തവണ കണക്ക് പരീക്ഷയ്ക്കാകും പുതിയ രീതി. ഇതിനു മുന്നോടിയായി പിഴവുകൾ ഇല്ലെന്ന് ഉറപ്പാക്കാൻ പരീക്ഷണാടിസ്ഥാനത്തിലുള്ള പരീക്ഷ ഡിസംബറിലോ ജനുവരിയിലോ നടത്തുമെന്നു ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ.കെ.മാണിക്യരാജ് അറിയിച്ചു. വരുംവർഷങ്ങളിൽ കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, അക്കൗണ്ടൻസി എന്നിവയുടെ പ്രാക്ടിക്കൽ പരീക്ഷയും ഈ രീതിയിലാക്കാനാണു തീരുമാനം.

40 മാർക്കാണ് പ്രാക്ടിക്കൽ പരീക്ഷയ്ക്കുള്ളത്. നിലവിൽ പരീക്ഷാ പോർട്ടലായ ഐ എക്സാം വഴി മുൻകൂട്ടി ലഭിക്കുന്ന ചോദ്യപ്പേപ്പർ സ്കൂളിൽ പ്രിന്റ് എടുത്ത് വിദ്യാർഥികൾക്കു നൽകുകയാണ്. പല സെറ്റ് ചോദ്യങ്ങളിൽ നിന്നു വിദ്യാർഥികൾക്ക് ഏതു സെറ്റ് നൽകണമെന്ന് പരീക്ഷാ ചുമതലയുള്ള അധ്യാപകർക്ക് തീരുമാനിക്കാമായിരുന്നു. പുതിയ രീതി നടപ്പാക്കുന്നതോടെ ചോദ്യപ്പേപ്പർ മുൻകൂട്ടി സ്കൂളിൽ ലഭിക്കില്ല. പരീക്ഷാ സമയത്ത് വിദ്യാർഥി റജിസ്റ്റർ നമ്പർ നൽകി ലോഗിൻ ചെയ്യുമ്പോൾ കംപ്യൂട്ടറിൽ തന്നെ ചോദ്യങ്ങൾ  ലഭ്യമാകും. ഓരോ കുട്ടിക്കും വ്യത്യസ്ത ചോദ്യപ്പേപ്പറായിരിക്കും.

എന്നാൽ ഉത്തരം എഴുതുന്നതിന് കംപ്യൂട്ടർ സഹായത്തോടെ ഉത്തരം കണ്ടെത്തി, പേപ്പറിൽ രേഖപ്പെടുത്തി നൽകുന്ന നിലവിലെ രീതി തുടരും. ചോദ്യങ്ങളുടെ എണ്ണവും 6 ആയിരിക്കും. ഇതിൽ വിദ്യാർഥിക്ക് ഇഷ്ടമുള്ള 4 ചോദ്യങ്ങൾക്ക് (8 മാർക്ക് വീതം) ഉത്തരമെഴുതിയാൽ മതി. 32 മാർക്കാണ് ഇതിലൂടെ ലഭിക്കുക. ബാക്കി 4 മാർക്ക് വൈവയ്ക്കും 4 മാർക്ക് റെക്കോർഡിനുമാണ്. ചോദ്യപ്പേപ്പർ ഓൺലൈനായി ലഭ്യമാക്കുന്നത് പരീക്ഷ പൂർണമായി നിഷ്പക്ഷവും കുറ്റമറ്റതുമാക്കാൻ സഹായിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രായോഗികത ഉറപ്പാക്കാതെ ധൃതിപിടിച്ച് പുതിയ രീതി നടപ്പാക്കരുതെന്ന് അധ്യാപക സംഘടനയായ എൻടിയു വകുപ്പുമന്ത്രിക്കു നിവേദനം നൽകി. പരീക്ഷാ ചുമതല വഹിക്കുന്ന കണക്ക് അധ്യാപകർക്ക് പരിശീലനം പോലും ലഭിച്ചിട്ടില്ലെന്നും എൻടിയു പ്രസിഡന്റ് പി.എസ്.ഗോപകുമാർ ചൂണ്ടിക്കാട്ടി.

മഴ പോയിട്ടില്ല കെട്ടോ; ന്യൂനമര്‍ദം വരുന്നു ഒപ്പം കനത്ത മഴയുംവിവിധ ജില്ലകളില്‍ മുന്നറിയിപ്പ്.

മഴക്കാലം കഴിഞ്ഞെന്ന് കരുതിയിരിക്കേണ്ട ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ അതിതീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നും വിവിധ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.    ഞായറാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ചയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട്, തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരത്ത് ചുഴലിക്കാറ്റ് ഓറഞ്ച് മെസേജ് തുടര്‍ന്ന് നാളെ ഉച്ചയ്ക്ക് ശേഷം കാരൈയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്.

വൈദ്യുതിബില്ലിലും വീട്ടിലും ക്യു.ആർ. കോഡ്; സ്കാൻചെയ്ത് ഉപഭോക്താവിന് തുക അടയ്ക്കാം.

വൈദ്യുതിബില്ലിൽ ക്യു.ആർ. കോഡ് ഉൾപ്പെടുത്താൻ കെ.എസ്.ഇ.ബി. തീരുമാനിച്ചു. കോഡ് സ്കാൻചെയ്ത് ഉപഭോക്താവിന് തുക അടയ്ക്കാം. ഏതാനും മാസങ്ങൾക്കകം ഇത് നടപ്പാക്കും. ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നവിധം ഐ.ടി. വിഭാഗം ശക്തിപ്പെടുത്താനും ചെയർമാൻ ബിജു പ്രഭാകർ സംഘടനകളുടെ നിർദേശങ്ങൾ ക്ഷണിച്ചു.

വീടുകളിലും സ്ഥാപനങ്ങളിലും സ്ഥിരം ക്യു.ആർ. കോഡ് നൽകുന്നതും പരിഗണനയിലാണ്. സുരക്ഷിതമായി ഒരുസ്ഥലത്ത് ഒട്ടിച്ചുവെക്കാം. കോഡ് സ്കാൻചെയ്താൽ അതത് കാലത്തെ വൈദ്യുതിബില്ലിന്റെ വിവരങ്ങൾ അറിയാം. പണം അടയ്ക്കുകയും ചെയ്യാം.

ബിൽ നൽകുമ്പോൾത്തന്നെ പി.ഒ.എസ്. മെഷീൻവഴി കാർഡും ക്യു.ആർ. കോഡും വഴി പണം സ്വീകരിക്കുന്നരീതി പരീക്ഷണാടിസ്ഥാനത്തിൽ ബോർഡ് ഒക്ടോബറിൽ ആരംഭിച്ചിരുന്നു. തിരുവനന്തപുരത്തെ വെള്ളയമ്പലം, ഉള്ളൂർ സെക്ഷനുകളിലാണ് ഇതിപ്പോൾ നടക്കുന്നത്. ഇത് വിജയകരമാണെന്നാണ് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തൽ.

ഉപഭോക്താക്കളുമായുള്ള ഇടപെടലിന് ഇപ്പോൾ കെ.എസ്.ഇ.ബി. പ്രാമുഖ്യം നൽകുന്നില്ലെന്ന് ബോർഡ് ചെയർമാൻ ബിജു പ്രഭാകർ സംഘടനകളുടെ യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു. തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ കസ്റ്റമർ കെയർസെന്റർ തുടങ്ങും. പരാതികൾ പരിഹരിക്കാൻ പ്രൊഫഷണൽ ഏജൻസിയുടെ സഹായത്തോടെ കോൾസെന്റർ സേവനം നൽകണമെന്നും ചെയർമാൻ പറഞ്ഞു.

മാസം 1750 കോടി ശരാശരി വരുമാനം ലഭിക്കുമ്പോൾ വൈദ്യുതി ബോർഡ് ചെലവിടേണ്ടിവരുന്നത് 1950 കോടി രൂപ. മാസംതോറും 200 കോടിയാണ് ബോർഡിന് അധികം കണ്ടെത്തേണ്ടിവരുന്നത്.

‘ഇങ്ങനെപോയാൽ കെ.എസ്.ഇ.ബി. മറ്റൊരു കെ.എസ്.ആർ.ടി.സി.യാവും’ എന്ന് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വാർത്തയിൽ ബോർഡിന്റെ പ്രതിമാസവരുമാനം 150 കോടിയെന്ന് ചെയർമാൻ ബിജു പ്രഭാകർ പറഞ്ഞതായി ചേർത്തിരുന്നത് പിശകാണ്.

Verified by MonsterInsights