“സംസ്ഥാന ഫലമായി പ്രഖ്യാപിച്ചെങ്കിലും ചക്ക സംസ്കരണത്തിന് നടപടിയില്ല.

ചക്ക കേരളത്തിന്റെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചെങ്കിലും സംസ്‌കരണത്തിനും വിപണനത്തിനും സംഭരണത്തിനും നടപടിയായില്ല. ഇതുമൂലം ഏറെ വിപണി സാധ്യതയുള്ള ചക്ക വേണ്ടവിധം ഉപയോഗിക്കാതെ നശിക്കുകയാണ്. ചക്കയില്‍നിന്ന് നൂതനമായി വികസിപ്പിച്ചെടുത്ത നിരവധി മൂല്യവര്‍ധിത ഉൽപന്നങ്ങളുടെ ശ്രേണിയുണ്ട്. ചക്ക ഹലുവ, ചക്ക ചമ്മന്തിപ്പൊടി, ചക്ക അച്ചപ്പം, ചക്ക പപ്പടം, ചക്ക കൊണ്ടാട്ടം, ചക്കമടല്‍ അച്ചാര്‍, സ്‌ക്വാഷ് തുടങ്ങിയവയെല്ലാം വിപണിയിലുണ്ട്.

ജാക്ക് ഫ്രൂട്ട് കുക്കീസ്, മധുരിക്കുന്ന ചക്കപ്പഴം സ്‌നാക്ക്, സ്‌പൈസി ജാക്ക് ഫ്രൂട്ട് സ്‌നാക്ക്, ജാക്ക് ഫ്രൂട്ട് ഫ്ലേവേഡ് സോയാമീറ്റ്, ചക്ക അച്ചാര്‍, പാക്കറ്റിലാക്കിയ ഗ്രീന്‍ ഫ്രൂട്ട് ചക്കക്കറി എന്നിവ മുന്തിയ നിലവാരത്തില്‍ പാക്കറ്റുകളിലാക്കിയാണ് ശ്രീലങ്കയിൽ ചക്ക ഉൽപന്നങ്ങളെ വിപണനം ചെയ്യുന്നത്. സംസ്ഥാനത്ത് ചെറുകിട സംരംഭകര്‍ക്ക് കരുത്തേകാന്‍ സാങ്കേതികവിദ്യയും ധനസഹായവും വിപണന സൗകര്യങ്ങളും ഒരുക്കാനായിരുന്നു തീരുമാനമെങ്കിലും പദ്ധതി ചുവപ്പുനാടയിലാണ്. ചക്കയില്‍നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണന സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാല്‍ കോടികളുടെ വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടൽ. കോടിക്കണക്കിന് ചക്ക ഇവിടെ പ്രതിവര്‍ഷം ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. പൂർണമായും ആരോഗ്യദായകമായ ജൈവ ഉൽപന്നം എന്നനിലയില്‍ ചക്കക്ക് വരും കാലത്ത് വലിയ സാധ്യതകളുണ്ട്.

വടക്ക് ചൂടു കൂടുന്നു, തെക്ക് മഴ: കേരളത്തിൽ ഭിന്ന കാലാവസ്ഥ; ഭക്ഷണവും വെള്ളവുമില്ലാതെ വന്യമൃഗങ്ങൾ കാടിറങ്ങുന്നു.

“സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂടു കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പു വരുമ്പോഴും വടക്കന്‍ കേരളത്തിലും തെക്കൻ കേരളത്തിലും അനുഭവപ്പെടുന്നത് ഭിന്നമായ കാലാവസ്ഥ. വടക്കന്‍ കേരളത്തില്‍ താപനില ഉയരുമ്പോള്‍ തെക്കന്‍, മധ്യ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടെ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. തിരുവനന്തപുരത്ത് ഉള്‍പ്പെടെ വ്യാഴാഴ്ച രാവിലെ ചെറിയ തോതില്‍ ചാറ്റല്‍മഴ അനുഭവപ്പെടുകയും ചെയ്തു. തെക്കന്‍ കേരളത്തിനു മുകളില്‍ കൂടി ബംഗാള്‍ ഉള്‍ക്കടലില്‍നിന്നുള്ള കിഴക്കന്‍ കാറ്റ് (ഈസ്‌റ്റേര്‍ലി വേവ്) പോകുന്നതു കൊണ്ടാണ് ഇവിടെ അന്തരീക്ഷം മേഘാവൃതമായിരിക്കുന്നതും മഴയ്ക്കു സാധ്യതയുളളതെന്നും കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  ഈ സമയത്ത് തെക്കന്‍ കേരളത്തില്‍ പകൽ താപനില ഉയരാതെ നില്‍ക്കും. 

അതേസമയം വടക്കന്‍ കേരളത്തില്‍ ഇത്തരം സാഹചര്യം ഇല്ലാത്തതിനാലും ഇൻകമിങ് സോളാര്‍ റേഡിയേഷന്‍ കൂടിയിരിക്കുന്നതിനാലും താപനില ഉയരാനുള്ള സാധ്യതയാണുള്ളത്. വടക്കുകിഴക്കന്‍ മണ്‍സൂണിന്റെ സമയത്ത് ഈസ്‌റ്റേര്‍ലി വേവ് മൂലമാണ് കൂടുതല്‍ മഴ ലഭിക്കുന്നത്. ഇത് തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ കിട്ടാറുള്ളത്. ഉത്തരായനത്തിന്റെ ഭാഗമായി ഭൂമധ്യരേഖ കടന്നെത്തുന്ന സൂര്യന്‍ മാര്‍ച്ച് 22ന് കേരളത്തിനു മുകളിലായി എത്തും. ഈ കാലയളവില്‍ തെക്കന്‍ സംസ്ഥാനമായ കേരളത്തില്‍ ചൂട് വര്‍ധിച്ചുകൊണ്ടിരിക്കും. ഇക്കുറി അസാധാരണമായ ചൂടിന്റെ അനുഭവമാണ് സംസ്ഥാനത്ത് ഉണ്ടാകുന്നതെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

ഡിസംബര്‍ 31ന് അവസാനിക്കേണ്ട തുലാമഴ നീണ്ട് ജനുവരി 25-നാണ് അവസാനിച്ചത്. 25 ദിവസം മഴസാധ്യത നീണ്ടെങ്കിലും കാര്യമായ മഴ ലഭിച്ചതുമില്ല. ഇത്രത്തോളം നേരത്തേ തന്നെ ചൂട് ശക്തമായതോടെ മിക്കയിടങ്ങളിലും ജലദൗര്‍ലഭ്യം രൂക്ഷമായിക്കഴിഞ്ഞു. ഏറെ ഫലപ്രദമായ തരത്തില്‍ ജലസംരക്ഷണം ശക്തമാക്കണമെന്നുള്ളതിന്റെ കൃത്യമായ സൂചനകളാണ് മുന്നിലുള്ളതെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

കാടിനുള്ളില്‍ ചൂട് കൂടുന്നതും ആശങ്കാജനകമാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. കടുവ ഉള്‍പ്പെടെ മൃഗങ്ങള്‍ കാടുവിട്ട് പുറത്തേക്കു വരുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന് കാട്ടില്‍ ചൂടേറുന്നതും ഭക്ഷണവും വെള്ളവും ഇല്ലാതാകുന്നതാണ്. വേനല്‍ക്കാലത്ത് കാട്ടിനുള്ളില്‍ തന്നെ മൃഗങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും ഉറപ്പാക്കാന്‍ വനംവകുപ്പ് മിഷന്‍ ഫുഡ് ഫോഡര്‍ ആന്‍ഡ് വാട്ടര്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചൂട് കൂടുന്നുണ്ടെങ്കിലും കാര്‍ഷിക മേഖലയില്‍ ശുഭപ്രതീയാണുള്ളതെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. മാവും കശുമാവും ഇക്കുറി നന്നായി പൂത്തിട്ടുണ്ടെന്നും മികച്ച വിളവ് ലഭിക്കുന്നത് ഈ മേഖലയിലെ കര്‍ഷകര്‍ക്കു ഗുണകരമാകുമെന്നും ഇവര്‍ പറയുന്നു.

പാലക്കാട് ഡിവിഷനു കീഴിലുള്ള കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ ഇനി ക്ലോക്ക് ടവറില്ല

: കോഴിക്കോട്∙ റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിൽ നിന്ന് ക്ലോക്ക് ടവറും മറയുന്നു. നവീകരണത്തിന്റെ ഭാഗമായി സ്റ്റേഷൻ കെട്ടിടങ്ങൾ പൊളിക്കുന്നതോടൊപ്പമാണ് ക്ലോക്ക് ടവറും അപ്രത്യക്ഷമാകുന്നത്. ടവർ കെട്ടിടത്തിൽനിന്ന് ഭീമൻ ക്ലോക്ക് അഴിച്ചുമാറ്റി. ഇനി കെട്ടിടവും പൊളിച്ചുനീക്കും. നവീകരണത്തിന്റെ ഭാഗമായി സ്റ്റേഷനിലെ 90% കെട്ടിടങ്ങളും പൊളിച്ചു പുതിയതു പണിയും.
 137 വർഷം പിന്നിടുന്ന കോഴിക്കോട് സ്റ്റേഷനിൽ ബ്രിട്ടിഷ് കാലത്തേ ക്ലോക്ക് ടവർ നിലവിലുണ്ടായിരുന്നു. അതു മാറ്റി ഇപ്പോഴത്തെ ഇലക്ട്രോണിക് ക്ലോക്ക് സ്ഥാപിച്ചത് 2000ൽ ആണ്. കൊച്ചിയിലെ ജോയൽ ടൈംസ് ആണ് കരാറെടുത്തു സ്ഥാപിച്ചത്. 15 വർഷമായിരുന്നു കാലാവധിയെങ്കിലും കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇതു പ്രവർത്തിക്കുന്നുണ്ട്. പുതിയ കെട്ടിടത്തിൽ ക്ലോക്ക് ടവർ ഉൾപ്പെടുത്തിയിട്ടില്ല. പാലക്കാട് റെയിൽവേ ഡിവിഷനു കീഴിൽ ഇനി മംഗളൂരുവിൽ മാത്രമാണ് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ അവശേഷിക്കുന്നത്..

സുപ്രീം കോടതിയിൽ 90 ക്ലാർക്ക് ഒഴിവ്; ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അവസരം.

 സുപ്രീം കോടതിയിൽ 90 ലോ ക്ലാർക്ക് കം റിസർച് അസോഷ്യേറ്റ് ഒഴിവ്. കരാർ നിയമനം. ഫെബ്രുവരി 7 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙യോഗ്യത: ലോയിൽ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.


പ്രായം: 20–32.

∙ശമ്പളം: 80,000

തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ഇന്റർവ്യൂ അടിസ്ഥാനമാക്കി. തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രമുണ്ട്.

∙ഫീസ്: 500 രൂപ. ഫീസ് ഒാൺലൈനായി അടയ്ക്കണം. www.sci.gov.in

 

ടൂറിസം സെന്ററിന്റെ വിവിധ യൂണിറ്റുകളിൽ ക്ലാർക്ക്, ഗാർഡ്, ഡ്രൈവർ അവസരം.

കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ വിവിധ യൂണിറ്റുകളിൽ പത്തുമുതൽ യോഗ്യതക്കാർക്ക് അവസരം. 21 ഒഴിവിൽ കരാർ നിയമനമാണ്. വയനാട്, കക്കയം, മൂന്നാർ, ഇടുക്കി എന്നിവിടങ്ങളിലാണ് ഒഴിവ്. ഒാൺലൈനായും തപാൽ മുഖേനയും അപേക്ഷിക്കാം. അവസാന തീയതി: ഫെബ്രുവരി 5.

തസ്തിക, യോഗ്യത, ശമ്പളം.

∙ ബോട്ട് ഡ്രൈവർ: പ്ലസ് ടു ജയം, മാസ്റ്റർ ക്ലാസ് 3/ സ്രാങ്ക് ലൈസൻസ്, 2 വർഷ പരിചയം; 24,000.

∙ ലാസ്കർ/ ബോട്ടിങ് അസിസ്റ്റന്റ്: പത്താം ക്ലാസ് ജയം, ലാസ്കർ സർട്ടിഫിക്കറ്റ്, 2 വർഷ പരിചയം; 22,000.

ബഗ്ഗി ഡ്രൈവർ: പ്ലസ് ടു ജയം, എൽഎംവി ലൈസൻസ്, 2 വർഷ പരിചയം; 20,000.

കംപ്യൂട്ടർ ഒാപ്പറേറ്റർ കം ക്ലാർക്ക്: ബിരുദം, ഡിസിഎ, കെജിടിഇ ടൈപ്റൈറ്റിങ് ഇംഗ്ലിഷ് ഹയർ, മലയാളം ലോവർ, സർക്കാർ സ്ഥാപനത്തിൽ 2 വർഷ പരിചയം; 21,000.

ടൂറിസം ഗാർഡ്: പത്താം ക്ലാസ് ജയം, ലൈഫ് സേവിങ് ട്രെയിനിങ് സർട്ടിഫിക്കറ്റ്/ നീന്തൽ പരിശീലന സർട്ടിഫിക്കറ്റ്, മികച്ച ശാരീരിക ക്ഷമത; 20,000.

ടൂറിസം വർക്കർ/ ക്ലീനിങ് സ്റ്റാഫ്: പത്താം ക്ലാസ്; 18,000.

പ്രായപരിധി: 45.

www.cmd.kerala.gov.in

BSNL പുതിയ പ്ലാൻ: 99 രൂപയുടെ റീചാർജിൽ അൺലിമിറ്റഡ് കോളിംഗ് ലഭ്യമാകും.

ട്രായിയുടെ നിർദ്ദേശങ്ങൾ പാലിച്ച് ബിഎസ്എൻഎൽ വിലകുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. 99 രൂപയുടെ പ്ലാൻ 17 ദിവസത്തെ വാലിഡിറ്റിയും അൺലിമിറ്റഡ് കോളിംഗും വാഗ്ദാനം ചെയ്യുന്നു. 439 രൂപയുടെ പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയും അൺലിമിറ്റഡ് കോളിംഗും 300 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. ബിഎസ്എൻഎൽ അതിവേഗം 4ജി നെറ്റ്‌വർക്ക് രാജ്യത്തുടനീളം വ്യാപിപ്പിക്കുകയാണ്.

വിലകുറഞ്ഞ പ്ലാനുകൾ കൊണ്ടുവരാൻ ട്രായ് അടുത്തിടെ എല്ലാ ടെലികോം കമ്പനികളോടും ആവശ്യപ്പെട്ടിരുന്നു.യഥാർത്ഥത്തിൽ, ഉപയോക്താക്കൾക്ക് വോയ്‌സ്, എസ്എംഎസ് എന്നിവയുടെ മാത്രം പ്രയോജനം ലഭിക്കുന്ന പ്ലാനുകൾ. കാരണം 2 സിം കാർഡുകൾ ഉപയോഗിക്കുന്ന നിരവധി ഉപയോക്താക്കൾ ഉണ്ട്, അവർക്ക് താൽപ്പര്യമില്ലെങ്കിലും ഡാറ്റ പ്ലാനുകൾ വാങ്ങേണ്ടിവരും. ഇത് കണക്കിലെടുത്താണ് ജിയോയും എയർടെലും വോഡഫോണും ഇത്തരം പ്ലാനുകൾ അവതരിപ്പിച്ചത്.

ഇപ്പോൾ ഈ പ്ലാനുകൾ ബിഎസ്എൻഎല്ലും കൊണ്ടുവന്നിരിക്കുന്നു.ഈ പ്ലാനുകളിൽ ഉപയോക്താക്കൾക്ക് സമാനമായ ആനുകൂല്യങ്ങൾ ലഭിക്കാൻ പോകുന്നഎസ്. BSNL 99 പ്രീപെയ്ഡ് പ്ലാൻ ഉപഭോക്താക്കള്‍ക്ക് 17 ദിവസത്തെ വാലിഡിറ്റി നൽകുന്നു. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗ് നൽകുന്നു.അൺലിമിറ്റഡ് കോളിംഗ് സൗകര്യം ഉള്ളതിനാൽ ഇതൊരു തരം കോളിംഗ് വൗച്ചറാണ്.

ഇന്ത്യയിൽ എവിടെയും നിങ്ങൾക്ക് ഇത് ഉപയോഗിക്കാം. മുംബൈയും ഡൽഹിയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.ബിഎസ്എൻഎൽ 439 രൂപയുടെ പ്ലാനും സമാനമാണ്. അൺലിമിറ്റഡ് വോയിസ് കോളിംഗും 300 എസ്എംഎസും ഇതിൽ ലഭ്യമാണ്. ഇതിൻ്റെ വാലിഡിറ്റി 90 ദിവസമാണ്. BSNL-ൻ്റെ ഈ പ്ലാനുകളിൽ വോയ്‌സ്, എസ്എംഎസ് എന്നിവയുണ്ട്. എയർടെൽ, ജിയോ, വോഡഫോൺ-ഐഡിയ എന്നിവയിലും‌ സമാനമായ ആനുകൂല്യങ്ങൾ ലഭിക്കുമെങ്കിലും‌ താരതമ്യേന കുറഞ്ഞ പ്ലാന്‍ ബി.എസ്.എന്‍.എല്ലിന്‍റേത് തന്നെ.

പത്താം ക്ലാസുകാർക്ക് കേന്ദ്ര സർക്കാർ ജോലി; ശമ്പളം 16,000 മുതൽ 45,000 രൂപ വരെ, ഉയർന്ന യോഗ്യതക്കാർക്കും അവസരങ്ങൾ.

റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ ന്യൂഡൽഹിയിലെ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിന്റെ വിവിധ യൂണിറ്റ്/ സ്റ്റേഷനുകളിൽ 642 ഒഴിവുകളിൽ അവസരം. നേരിട്ടുള്ള നിയമനം. ഫെബ്രുവരി 16 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം:

മൾട്ടി ടാസ്കിങ് സ്റ്റാഫ് (464): പത്താം ക്ലാസും 60% മാർക്കോടെ ഐടിഐയും; 18-33; 16,000-45,000.

∙എക്സിക്യൂട്ടീവ്-സിഗ‌്‌നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ (75), ഇലക്ട്രിക്കൽ (64), സിവിൽ (36): ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ 60% മാർക്കോടെ 3 വർഷ ഡിപ്ലോമ; 18-30; 30,000-1,20,000.

.ജൂനിയർ മാനേജർ-ഫിനാൻസ് (3): സിഎ/സിഎംഎ ഫൈനൽ പരീക്ഷാ ജയം; 18-30; 50,000-1,60,000.

ഫീസ്: ജൂനിയർ മാനേജർ, എക്സിക്യൂട്ടീവ് തസ്തികകളിൽ 1000, മൾട്ടി ടാസ്ക്കിങ് സ്റ്റാഫ്- 500. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻ, ട്രാൻസ്ജെൻഡർ എന്നിവർക്കു ഫീസില്ല. ഒാൺലൈനായി ഫീസടയ്ക്കാം.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി), ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ് എന്നിവ മുഖേന.

കൂടുതൽ വിവരങ്ങൾക്ക്: https://dfccil.com.

പൊതുജനത്തിന് ഇരുട്ടടി! സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ് ഫെബ്രുവരി മാസത്തിലും പിരിക്കും, യൂണിറ്റിന് 10 പൈസ.

 വൈദ്യുതി സര്‍ചാര്‍ജ് ഫെബ്രുവരി മാസത്തിലും പിരിക്കും. യൂണിറ്റിന് 10 പൈസ വെച്ച് സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധിക ബാധ്യതയാണെന്നും ഇതാണ് അടുത്ത മാസം സ്വന്തം നിലയിൽ സര്‍ചാര്‍ജ് പിരിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.
പുതുവര്‍ഷത്തില്‍ സര്‍ചാര്‍ജ് ഒഴിവാക്കുമെന്ന ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ് കെഎസ്ഇബിയുടെ തീരുമാനം. ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവില്‍ താത്കാലികമായുണ്ടാവുന്ന വര്‍ധനയാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്.

കൊച്ചി മെട്രോ മൂന്നാം ഘട്ടം അങ്കമാലിയിലേക്ക്.

കൊച്ചി വിമാനത്താവളത്തെ കണക്ട് ചെയ്ത് മെട്രോ മൂന്നാം ഘട്ടത്തില്‍ ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക് സര്‍വീസ് നീട്ടുക എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാനുള്ള പ്രാരംഭനടപടികള്‍ക്ക് തുടക്കം. ഡിപിആര്‍ തയ്യാറാക്കാന്‍ കെഎംആര്‍എല്‍ കണ്‍സള്‍ട്ടന്‍സികളില്‍നിന്ന് ടെണ്ടര്‍ ക്ഷണിച്ചു.

കൊച്ചിയില്‍ മെട്രോ ആരംഭിച്ചപ്പോള്‍ത്തന്നെ വിമാനത്താവളത്തിലേക്ക് നീട്ടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രാസൗകര്യത്തിനുപുറമേ നെടുമ്പാശേരി, അങ്കമാലി പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. പ്രാദേശിക വികസനത്തിനും പാത നീട്ടിയാല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ട് ആറുമാസത്തിനുള്ളില്‍ ഡിപിആര്‍ സമര്‍പ്പിക്കണം. സാമ്പത്തികമായി ഏറ്റവും അനുയോജ്യവും കാര്യക്ഷമവുമായ പദ്ധതി തയ്യാറാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എലിവേറ്റഡ്, ഭൂഗര്‍ഭ പാതകളാണോ രണ്ടുംചേര്‍ന്നതാണോ സാമ്പത്തികമായി കൂടുതല്‍ അഭികാമ്യമെന്ന് കണ്ടെത്താനും ഡിപിആര്‍ തയ്യാറാക്കാനുമാണ് കെഎംആര്‍എല്‍ നിര്‍ദേശം. ഏറ്റെടുക്കേണ്ട സ്ഥലവും മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ എണ്ണവും പരമാവധി കുറയ്ക്കണമെന്നും നിര്‍ദേശിച്ചു. ഫെബ്രുവരി 10 മുതല്‍ 17 വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. 19ന് ടെണ്ടര്‍ തുറക്കും.

നിലവിലെ പാതയുമായി ബന്ധമില്ലാതെ, സ്വതന്ത്രപാതയായി പദ്ധതി നടപ്പാക്കാനുള്ള സാധ്യത പഠിച്ച് പ്രത്യേകം റിപ്പോര്‍ട്ട് നല്‍കണം. ആലുവ- അങ്കമാലി പാത ഭാവിയില്‍ ഗിഫ്റ്റ് സിറ്റി പ്രദേശത്തേക്ക് നീട്ടുന്നതുസംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനും നിര്‍ദേശമുണ്ട്. പാതയുടെ ദൈര്‍ഘ്യം, സ്റ്റേഷനുകളുടെയും യാത്രക്കാരുടെയും എണ്ണം, സ്ഥലം ഏറ്റെടുക്കാനുള്ള ചെലവ്, സമയം തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചാകും ഡിപിആര്‍ തയ്യാറാക്കുക.

ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയശേഷം രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് കെഎംആര്‍എല്‍. ജെഎല്‍എന്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്ക് വരെയുള്ള രണ്ടാം ഘട്ട നിര്‍മാണം പുരോഗമിക്കുകയാണ്. ഇതിനുപിന്നാലെയാണ് മെട്രോ അങ്കമാലിയിലേക്ക് നീട്ടാനുള്ള നടപടി ആരംഭിച്ചത്.

സംസ്ഥാന ഫാർമസി കൗൺസിലിൽ ഇൻസ്‌പെക്‌ടർ തസ്തികയിൽ ഒഴിവ്.

കേരള സംസ്ഥാന ഫാർമസി കൗൺസിലിൽ പാർട്‌ ടൈം ഫാർമസി ഇൻസ്‌പെക്‌ടർ നിയമനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് അവസരം. ജനുവരി 30 വരെ അപേക്ഷിക്കാം.

∙യോഗ്യത: ഫാർമസിയിൽ ബിരുദവും 5 വർഷ പരിചയവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഫാർമസിയിൽ ഡിപ്ലോമയും 7 വർഷ പരിചയവും.
 അപേക്ഷകർക്കു കേരള സംസ്ഥാന ഫാർമസി കൗൺസിൽ റജിസ്ട്രേഷനും ഉണ്ടായിരിക്കണം.

www.keralaspc.in

Verified by MonsterInsights