വളരെക്കാലങ്ങൾക്കുശേഷം ഒരു സുഹൃത്തിനെ വിളിക്കുമ്പോള്‍ ഒരു പരിചയവും ഇല്ലാത്ത ആരോ എടുക്കുന്നത് മിക്കവരുടെയും അനുഭവമാണ്. സിം ഉപയോഗിക്കാതെ കട്ട് ആവുകയും ആ നമ്പർ മറ്റൊരാൾക്ക് അനുവദിക്കുകയും ചെയ്യുന്നതാണ് ഇതിനു കാരണം.
ജിയോ, എയര്‍ടെല്‍, വിഐ എന്നിവയുടെ സിം കാര്‍ഡുകള്‍ റീചാർജ് ചെയ്യാതെ 90 ദിവസമാണ് ആക്ടീവ് ആയിരിക്കുക. എയര്‍ടെല്‍ പോലുള്ള ചില സേവനദാതാക്കൾ 90 ദിവസത്തിന് ശേഷം 15 ദിവസത്തേക്ക് ഗ്രേസ് പിരിയഡ് അനുവദിക്കുന്നുണ്ട്. അതേസമയം 180 ദിവസം ബിഎസ്എന്‍എല്‍ സിം ആക്ടീവായിരിക്കും. ശേഷം സിം നമ്പര്‍ മറ്റൊരാള്‍ക്ക് അനുവദിക്കും.
എന്നാൽ 20 രൂപയ്ക്ക് റിചാർജ് ചെയ്താൽ സിം കട്ടാകാതെ നിലനിൽക്കുമെന്ന വാർത്തകളാണ് അടുത്തിടെ പുറത്തുവന്നത്. 20 രൂപയിൽ കുറയാത്ത ബാലൻസുണ്ടെങ്കിൽ കുറഞ്ഞത് തൊണ്ണൂറ് ദിവസത്തേക്ക് ഒരു പ്രീപെയ്ഡ് ഉപഭോക്താവിന്റെ മൊബൈൽ കണക്ഷൻ ഡീ-ആക്ടിവേറ്റ് ചെയ്യപ്പെടില്ലെന്ന് ട്രായ് പറയുന്നു. മാത്രമല്ല ഇത് പുതിയ നിർദ്ദേശമൊന്നുമല്ലെന്നും ദീർഘകാലമായി നിലനിൽക്കുന്നതാണെന്നും ട്രായ് പറയുന്നു.
അതേസമയം 20 രൂപ റിചാർജ് ചെയ്താൽ സിം റദ്ദാകാതിരിക്കുക മാത്രമേയുള്ളൂവെന്നത് അറിയുക. ഇൻകമിങോ ഔട്ഗോയിങോ ലഭ്യമാകില്ല. അതിനായി നിലവിലെ വാലിഡിറ്റി പ്ലാനുകൾ തന്നെ ചെയ്യേണ്ടിവരും. അതായത് 20 രൂപ റിചാർജ് ചെയ്ത് ഫോൺ കൊണ്ടുനടക്കുന്ന ആ കാലത്തിലേക്കുള്ള തിരിച്ചുപോക്കല്ലെന്ന് സാരം.
