സ്കൂൾ പ്രവൃത്തിസമയം 45 മിനുട്ട് വർധിപ്പിക്കുന്നത് പരിഗണനയിൽ. ഇതുമായി ബന്ധപ്പെട്ട് അടുത്ത അധ്യയനവർഷത്തെ അക്കാദമിക് കലണ്ടറിന് രൂപം നൽകാൻ നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഉടൻ പുറത്തിറങ്ങും. സ്കൂൾ പ്രവൃത്തിസമയം രാവിലെ 9. 30 മുതൽ വൈകീട്ട് 4.15 വരെയാക്കുന്നതിലൂടെ 45 മിനുട്ട് അധികം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ഈ നടപടിയിലൂടെ ശനിയാഴ്ച പ്രവൃത്തിദിനം ഒഴിവാക്കാനുമാകും. എന്നാൽ, മദ്റസാ പഠനത്തെ സമയമാറ്റം ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലുമുണ്ട്.
അടുത്ത അധ്യയനവർഷത്തെ അക്കാദമിക് കലണ്ടറുമായി ബന്ധപ്പെട്ട് സമഗ്രമായ പഠനം നടത്താൻ സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി പ്രവൃത്തിസമയം വർധിപ്പിക്കുകയെന്ന പരിഹാര നടപടി മുന്നോട്ടുവയ്ക്കാനുള്ള സാധ്യതയാണ് കൂടുതലുള്ളത്.
പഠന-പഠനാനുബന്ധ പ്രവർത്തനങ്ങൾ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന രീതിയിൽ പഠിപ്പിക്കുന്നതിന് ആവശ്യമായ മണിക്കൂറുകൾ കണക്കാക്കുന്നതിനും അതനുസരിച്ചുള്ള പഠനദിനങ്ങൾ എത്രയെന്ന് കണക്കാക്കുന്നതിനുമാണ് സമിതിയെ നിശ്ചയിച്ചത്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ സമഗ്രമായ പഠനമാണ് സമിതി നടത്തിയത്. നിലവിലെ അധ്യയനവർഷത്തെ വിദ്യാഭ്യാസ കലണ്ടറിൽ 25 ശനിയാഴ്ചകൾ പ്രവർത്തിദിനമാക്കിയത് വിദ്യാഭ്യാസ അവകാശനിയമം കണക്കിലെടുത്ത് പുനഃപരിശോധിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് കണക്കിലെടുത്താണ് കഴിഞ്ഞ ജനുവരിയിൽ ഇതുമായി ബന്ധപ്പെട്ട സമഗ്ര പഠനത്തിനായി അഞ്ചംഗ സമിതിയെ സർക്കാർ നിയമിച്ചത്. സമിതി രണ്ടുമാസത്തിനകം സർക്കാരിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദേശം.
ഉത്തരവ് തീയതി മുതൽ രണ്ടുമാസത്തെ സമയമാണ് അനുവദിച്ചത്. അതനുസരിച്ചു 11നകം റിപ്പോർട്ട് സമർപ്പിക്കേണ്ടതായിരുന്നു. പത്ത് ദിവസം പിന്നിട്ടെങ്കിലും സമിതിയുടെ റിപ്പോർട്ട് ഉടൻ ഇറങ്ങുമെന്നാണ് അറിയുന്നത്. ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്നതിനോട് അധ്യാപക സംഘടനകൾ വിയോജിപ്പ് പ്രകടിപ്പിച്ച സ്ഥിതിക്ക് പ്രവൃത്തിസമയം വർധിപ്പിക്കുക എന്നതിൽ എത്തിച്ചേരാനാണ് സാധ്യത.
