കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുന്‍ ചാംപ്യന്‍മാരായ ബ്രസീല്‍ ഒരുവിധം ക്വാര്‍ട്ടര്‍ ഫൈനില്‍ കടന്നുകൂടി. ഗ്രൂപ്പ് ഡിയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ കരുത്തരായ കൊളംബിയയുമായി മഞ്ഞപ്പടയ്ക്കു 1-1ന്‍റെ സമനില വഴങ്ങേണ്ടി വന്നു. എങ്കിലും ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായി ബ്രസീല്‍ നോക്കൗട്ട് റൗണ്ടില്‍ കടന്നു. കൊളംബിയയാണ് ഗ്രൂപ്പ് ജേതാക്കളായത്. മൂന്നു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ മഞ്ഞപ്പട ജയിച്ചിട്ടുള്ളൂ. ശേഷിച്ച രണ്ടിലും സമനില കൊണ്ടു തൃപ്തിപ്പെടുകയായിരുന്നു.കൊളംബിയക്കെതിരേ ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് ബ്രസീല്‍ സമനിലയുമായി പോയിന്റ് പങ്കിട്ടത്. 12ാം മിനിറ്റില്‍ ബാഴ്‌സലോണ വിങ്ങര്‍ റഫീഞ്ഞയാണ് മഞ്ഞപ്പടയുടെ അക്കൗണ്ട് തുറന്നത്. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറിടൈമില്‍ ഡാനിയേല്‍ മ്യൂനോസിന്റെ ഗോളില്‍ കൊംബിയ സമനില പിടിച്ചുവാങ്ങുകയായിരുന്നു. ഇതോടെ ഗ്രൂപ്പുഘട്ട മല്‍സരങ്ങളും പൂര്‍ത്തിയായിരിക്കുകയാണ്.
ബ്രസീല്‍ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായതോടെ ചിരവൈരികളായ അര്‍ജന്റീനയുമായുള്ള ഡ്രീം ഫൈനലിലാണ് വഴിയൊരുങ്ങിയത്. ക്വാര്‍ട്ടര്‍ ഫൈനലും സെമി ഫൈനലും കടന്ന് മുന്നേറിയാല്‍ അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള ക്ലാസിക്ക് ഫൈനലാണ് ഫുട്‌ബോള്‍ പ്രേമികളെ കാത്തിരിക്കുന്നത്. ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍ മുന്‍ ചാംപ്യന്‍മാരായ ഉറുഗ്വേയാണ്. അര്‍ജന്റീനയാവട്ടെ ഇക്വഡോറിനെയും നേരിടും. മറ്റു ക്വാര്‍ട്ടറുകളില്‍ വെനസ്വേല കാനഡയെയും കൊളംബിയ പാനമയെയും നേരിടും.കൊളംബിയക്കെതിരേ 4-2-3-1 എന്ന കോമ്പിനേഷനാണ് ബ്രസീല്‍ പരീക്ഷിച്ചത്. കൊളംബിയയാവട്ടെ 4-3-3 എന്ന കോമ്പിനേഷനിലും കളിക്കാനിറങ്ങി. ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ് കളിയാരംഭിച്ചത്. ആദ്യ മിനിറ്റില്‍ തന്നെ വലതു വിങിലൂടെ പന്തുമായി പറന്നെത്തി ബോക്‌സിനു കുറുകെ റഫീഞ്ഞ ക്രോസ് നല്‍കിയെങ്കിലും കണക്ട് ചെയ്യാന്‍ ആരുമുണ്ടായില്ല. തുടര്‍ന്നും അറ്റാക്കിങ് ഫുട്‌ബോളിലൂടെ മഞ്ഞപ്പട എതിരാളികളെ മുള്‍മുനയില്‍ നിര്‍ത്തി.