3XO ഇങ്ങനെയൊക്കെ ഡിസൈന്‍ ചെയ്യാനാകുമോ? ആനന്ദ് മഹീന്ദ്രയെ പോലും ഞെട്ടിച്ച മോഡിഫിക്കേഷന്‍

മഹീന്ദ്രയില്‍ നിന്ന് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ വാഹനമാണ് XUV 3XO. മുന്‍ഗാമികളെ പോലെ തന്നെ ഈ വാഹനവും ജനങ്ങള്‍ ഏറ്റെടുത്തെന്നാണ് ഈ വാഹനത്തിന്റെ ബുക്കിങ്ങ് സൂചിപ്പിക്കുന്നത്. മഹീന്ദ്രയുടെ മറ്റ് വാഹനങ്ങളെ പോലെ തന്നെ സെഗ്മെന്റിലെ മികച്ച ഫീച്ചറുകളും കരുത്തുറ്റ എന്‍ജിനുമൊക്കെയായാണ് ഈ വാഹനവുംഎത്തിയിട്ടുള്ളത്. എതിരാളികളെ പോലും ഞെട്ടിപ്പിക്കുന്ന വിലയും കൂടി ആയതോടെ കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ മത്സരം കടുക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.എന്നാല്‍, ഇപ്പോള്‍ ഈ വാഹനം സാമൂഹിക മാധ്യമങ്ങളില്‍ കൈയടി നേടുന്നത് ഇക്കാര്യങ്ങള്‍ കൊണ്ടൊന്നുമല്ല. വാഹനം ഉപയോക്താക്കള്‍ക്ക് കൈമാറി തുടങ്ങും മുമ്പുതന്നെ 3XO-യെ മോടിപിടിപ്പിച്ച് കൊണ്ടുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്. ഈ ചിത്രങ്ങള്‍ മറ്റാരേക്കാളും ആകര്‍ഷിച്ചത് മഹീന്ദ്രയുടെ ചെയര്‍മാനായആനന്ദ് മഹീന്ദ്രയെയാണ്. അദ്ദേഹം തന്നെയാണ് ഏറെ കൗതുകത്തോടെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.കസ്റ്റമൈസേഷന്‍ സ്വപ്‌നങ്ങള്‍ക്ക് കരുത്തേകുന്ന 3XO-യുടെ ഈ ചിത്രങ്ങള്‍ കണ്ടത്തില്‍ അതിയായ സന്തോഷമെന്ന കുറിപ്പോടെയാണ് അദ്ദേഹം ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്.

 

വാഹനത്തിന് പുതിയ ഡിസൈന്‍ നല്‍കിയ എന്‍സ്ട്രീറ്റ് ഡിസൈന്‍ വിഭാഗത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. മഹീന്ദ്ര വാഹനങ്ങളുടെ ഡിസൈന്‍ മേധാവിയായ പ്രതീപ് ബോസിനെ മെന്‍ഷന്‍ ചെയ്താണ് അദ്ദേഹം ഈ ചിത്രം എക്‌സില്‍ പങ്കുവെച്ചിട്ടുള്ളത്. മെയ് 26-നാണ് ഈ വാഹനത്തിന്റെ വിതരണം ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് 3XO-യുടെ ബുക്കിങ്ങ് ആരംഭിച്ചത്. ആദ്യ 60 മിനിറ്റിനുള്ളില്‍ 50,000 ആളുകളാണ് ഈ വാഹനം ബുക്കുചെയ്തത്. ആദ്യ പത്ത് മിനിറ്റിനുള്ളില്‍ 27,000 ബുക്കിങ്ങുകള്‍ ഈ വാഹനത്തിന് ലഭിച്ചിരുന്നു. 7.49 ലക്ഷം രൂപ മുതല്‍ 15.49ലക്ഷം രൂപ വരെയാണ് 3XO-യുടെ പെട്രോള്‍ മോഡലിന്റെ വില. 9.99 ലക്ഷം രൂപ മുതല്‍ 14.99 ലക്ഷം രൂപ വരെയാണ് ഡീസല്‍ മോഡലിന്റെ എക്‌സ്‌ഷോറൂം വില.

 

 

രണ്ട് പെട്രോള്‍ ഒരു ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് മഹീന്ദ്ര ഈ വാഹനം നിരത്തുകളില്‍ എത്തിക്കുന്നത്. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 110 ബി.എച്ച്.പി. പവറും 200 എന്‍.എം.ടോര്‍ക്കും, 1.2 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍ എന്‍ജിന്‍ 130 ബി.എച്ച്.പി. പവറും 230 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.



Verified by MonsterInsights