1. വലിയവീടുകളിൽ കുഞ്ഞു ജീവിതം നയിക്കുന്നവർ
അവർക്ക് വലിയ വീട്, കാർ, സൗകര്യങ്ങൾ, വരുമാനം എല്ലാം ധാരാളം ഉണ്ടായിരിക്കും എന്നാൽ അവരുടെ കാർ അധികം കിലോമീറ്ററുകൾ ഓടിയിട്ടുണ്ടാവില്ല. നാട്ടിലെ വില കൂടിയ ഭക്ഷണവിഭവങ്ങളോ, മറുനാട്ടിലെ ഭക്ഷണ വൈവിധ്യങ്ങളോ അവർ അനുഭവിക്കാൻ മിനക്കെടാറുമില്ല. മികച്ച വരുമാനമുണ്ടെങ്കിലും ഈ ലോകമൊന്ന് ചുറ്റിക്കാണാൻ അവർക്ക് ആഗ്രഹവുമുണ്ടാവില്ല. വലിയ വീട്, വാഹനം മുതലായവ ഉണ്ടാവുന്നതിലാണ് അവരുടെ സന്തോഷം.

2. വലിയ വീടുകളിൽ ഞെരുങ്ങി ജീവിക്കുന്നവർ.
കാഴ്ചയിൽ സമ്പന്നരായി തോന്നിക്കും. വലിയ വീട്, കാർ, ബ്രാൻഡഡ് വസ്ത്രധാരണം എല്ലാമുണ്ടാവും. എന്നാൽ ഇവയൊരുക്കാൻ വരുന്ന വമ്പിച്ച കടബാധ്യത കാരണം വലിയ സമ്മർദ്ദത്തിലായിരിക്കും തുടർജീവിതം. ഉയർന്ന ബാധ്യതകൾ തീർക്കാൻ ഉള്ളതുകൊണ്ട് മക്കളിലായിരിക്കും തുടർപ്രതീക്ഷ. പുറംകാഴ്ചയിലെങ്കിലും സമ്പന്നരുമായി ഒത്തുപോവുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണിവർ.
3. കുഞ്ഞുവീട്, വലിയ ജീവിതം
ആവശ്യത്തിന് വരുമാനം കണ്ടെത്തി, പ്രത്യേകമായ ഇഷ്ടങ്ങൾക്കായി സമയം ചെലവഴിച്ച്, കുടുംബസമേത യാത്രകൾക്കും മറ്റും ധാരാളം പണം ചെലവഴിക്കുന്ന വിഭാഗം. മിച്ചമൊന്നും കാണില്ലെങ്കിലും ഉള്ളപ്പോൾ ഉള്ളത് പോലെ ജീവിക്കുന്ന ചിലർ. വലിയ വീടിനേക്കാൾ മറ്റുപലതിലുമാണ് ഇവർ സന്തോഷം കണ്ടെത്തുന്നത്.

4. വാടക വീടുകളിൽ താമസിക്കുന്ന സമ്പന്നർ.
ജോലി, വിദ്യാഭ്യാസം എന്നിവ സംബന്ധമായി വർഷങ്ങളോളം വാടകയ്ക്ക് താമസിക്കുന്നതിൽ സന്തോഷമുള്ള വിഭാഗം. റിട്ടയർമെന്റ് അടുക്കുമ്പോഴാണ് ഇവർ വീട് നിർമാണത്തെക്കുറിച്ച് ആലോചിക്കുക. ആവശ്യത്തിന് സമ്പത്ത് സ്വരൂപിക്കാൻ സാധിച്ചത് കൊണ്ട് അവർക്കത് അനായാസം ചെയ്യാൻ കഴിയും. സ്വന്തം വീട്ടിൽ വിശ്രമജീവിതം നയിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന വിഭാഗം.
5. കുഞ്ഞുവീടിനായി അധ്വാനിക്കുന്നവർ
അനിവാര്യ ഘട്ടത്തിൽ മാത്രം വീടിനെക്കുറിച്ച് ചിന്തിക്കുകയും ലോണുകൾക്ക് നെട്ടോട്ടമോടുകയും ശേഷം, കിട്ടിയ പണം കൊണ്ട് പണി തുടങ്ങി, ശേഷം പൂർത്തീകരിക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്യുന്നതിൽ ത്രിൽ കണ്ടെത്തുന്നവർ.
ആലോചിച്ചാൽ ഇനിയും വിഭാഗങ്ങൾ ഉണ്ടാകും. ഓരോരുത്തരും അവർക്കിഷ്ടമുളള വീടുകൾ പണിയട്ടെ. അവർക്കതിലാണ് സന്തോഷമെങ്കിൽ നമ്മളെന്തിന് നിരാശരാവണം?
