ഫിന്‍ജാല്‍ ചുഴലിക്കാറ്റിലും കനത്തമഴയിലും വ്യാപക കൃഷിനാശം സംഭവിച്ചതോടെ മുല്ലപ്പൂവിന് തീവിലയായി. ഈമാസത്തിലെ ആദ്യകല്ല്യാണ മുഹൂര്‍ത്തമായ ഞായറാഴ്ച ഒരു കിലോ മുല്ലപ്പൂവിന് 6000 രൂപയായിരുന്നു വില. അന്ന് ഒരു മുഴം മുല്ലപ്പൂവിന്റെ വില 150രൂപ ആയിരുന്നു.
ഇന്നലെ മുല്ലയുടെ വില 3500രൂപ ആയിരുന്നു. ചില്ലറ വില്പന മുഴത്തിന് 130ആയി. തീര്‍ത്ഥാടന കാലത്തിന് പിന്നാലെ വിവാഹ സീസണായതും വില വര്‍ദ്ധനവിന് കാരണമായെന്ന് വ്യാപാരികള്‍ പറയുന്നു.
അരളി, നന്ത്യാര്‍വട്ടം, പിച്ചി തുടങ്ങിയ ചെടികളുടെ മൊട്ട് മഞ്ഞ് മൂലം പൊഴിയുന്നതും ദൗര്‍ലഭ്യത്തിന് കാരണമായിട്ടുണ്ട്. സീസണില്‍ വില ഉയരുന്നത് പതിവാണെങ്കിലും ഇത്തവണ തിരിച്ചടിയായത് ഫിന്‍ജാല്‍ ചുഴലിക്കാറ്റിലുണ്ടായ വ്യാപക കൃഷിനാശമാണ്. തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലാണ് മുല്ലപ്പൂവ് കൃഷി കൂടുതലായി നടക്കുന്നത്.
ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ ജില്ലയിലുണ്ടായ കനത്ത മഴയില്‍ ഏക്കറുകണക്കിന് മുല്ലപ്പൂവ് കൃഷി നശിച്ചിരുന്നു. ഡിംഡിഗല്‍, നിലക്കോട്ട എന്നിവിടങ്ങളിലെ പൂപാടങ്ങളിലും കൃഷിനാശം വ്യാപകമാണ്. പൂവിന്റെ ലഭ്യത കുറഞ്ഞതോടെ തോട്ടം ഉടമകള്‍ക്ക് ഉള്ള പൂക്കളുടെ വിളവെടുപ്പിനായി അധിക കൂലി നല്‍കേണ്ട അവസ്ഥയാണ്.

മുല്ലപ്പൂവ് കിട്ടാനില്ലാത്തതും വിവാഹ സീസണുമാണ് തമിഴ്‌നാട്ടില്‍ മുല്ലപ്പൂവിന്റെ വില 6000കടക്കാന്‍ കാരണം. വില ഇനിയും കൂടാന്‍ സാദ്ധ്യതയുണ്ട്. നിലവിലെ സാഹചര്യത്തില്‍ ജനുവരി വരെ ഉയര്‍ന്നേക്കാം.