കേരളത്തിലെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം അടുത്ത വർഷം മുതൽ 6 വയസ്സാക്കുമ്പോൾ നിലവിൽ പ്രീപ്രൈമറിയിൽ പഠിക്കുന്ന ഒരു വിഭാഗം കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നു രക്ഷിതാക്കൾക്ക് ആശങ്ക. നിലവിലെ എൽകെജി കുട്ടികളിൽ 2026 ജൂണിനു മുൻപ് 6 വയസ്സ് തികയാത്തവർ ഒരു വർഷം കൂടി യുകെജിയിൽ ഇരിക്കേണ്ടിവരും. ഒരുമിച്ചു പഠിച്ചവരിൽ ഒരു കൂട്ടർ ഒന്നാം ക്ലാസിലേക്ക് എത്തുകയും ചെയ്യും. ജനനത്തീയതിയിൽ ദിവസങ്ങളുടെയോ മാസങ്ങളുടെയോ വ്യത്യാസം കൊണ്ടുപോലും ഒരു അധ്യയന വർഷം പിന്നിലാകുന്ന സാഹചര്യമുണ്ടാകുമെന്നു രക്ഷിതാക്കൾ പരാതിപ്പെടുന്നു. അടുത്ത വർഷത്തിനു പകരം 2027 ൽ ആരംഭിക്കുന്ന അധ്യയന വർഷം മുതൽ 6 വയസ്സ് പരിഷ്കാരം നടപ്പാക്കിയാൽ അതിനനുസരിച്ച് കുട്ടികളെ പ്രീപ്രൈമറിയിൽ ചേർത്തുകൂടേയെന്നും രക്ഷിതാക്കൾ ചോദിക്കുന്നു.
കേരളം ആദ്യം മടിച്ചു
ഒന്നാംക്ലാസ് പ്രവേശനത്തിന് 6 വയസ്സ് നിബന്ധന നടപ്പാക്കണമെന്നു കേന്ദ്രസർക്കാർ 2022 മുതൽ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. കേരളത്തിൽ അതിന്റെ ആവശ്യമില്ലെന്നും പെട്ടെന്ന് ആ രീതിയിലേക്കു മാറുന്നതു ബുദ്ധിമുട്ടാകുമെന്നുമായിരുന്നു സർക്കാർ നിലപാട്. കേരളത്തിലെ സ്കൂളുകളിൽ 5 വയസ്സ് തന്നെ തുടരുമെന്ന ഉറപ്പ് അനുസരിച്ചാണു രക്ഷിതാക്കൾ കുട്ടികളെ പ്രീപ്രൈമറിയിൽ ചേർത്തത്.
