ഇന്ത്യക്കെതിരായ ഏകദിനത്തിൽ സഞ്ജു സാംസൺ അവസാന ഓവറുകളിൽ നടത്തിയ മിന്നും പ്രകടനത്തെ മറികടന്ന് വിജയം നേടിയതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് ദക്ഷിണാഫ്രിക്കൻ ടീം. അവസാന ഓവറുകളിൽ സഞ്ജു മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ തുറന്നു പറഞ്ഞു.
അവസാന ഓവറിൽ നല്ല പോരാട്ടമാണ് നടന്നത്. സഞ്ജു ഞങ്ങളെ അവസാനം വരെ മുൾമുനയിൽ നിർത്തി. പക്ഷേ ഞങ്ങളുടെ ചുണക്കുട്ടികൾ ഉറച്ചുനിന്നു. മധ്യ ഓവറുകളിൽ ഞങ്ങൾക്ക് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഞാനും എയ്ഡനും പുറത്തായി. പക്ഷേ ഞങ്ങൾക്ക് വിജയിക്കാനായി” മത്സരത്തിന് ശേഷം ബാവുമ പറഞ്ഞു. മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുത്ത് ടീമിനെ മികച്ച സ്കോറിലെത്തിച്ചതിന് ടീമംഗങ്ങളായ ഡേവിഡ് മില്ലറെയും ഹെൻറിച്ച് ക്ലാസനെയും അദ്ദേഹം അഭിനന്ദിച്ചു.
”മില്ലറും ക്ലാസനും നന്നായി തന്നെ കളിച്ചു. മികച്ച കൂട്ടുകെട്ടിലൂടെ അവർ ഞങ്ങളെ നല്ല സ്കോറിലെത്തിച്ചു. ആദ്യ 15 ഓവറിൽ കെജിയും പാർനെലും മികച്ച ബൗളിംഗ് നടത്തി. മധ്യ ഓവറുകളിൽ ഞങ്ങൾ അൽപം പതറി. ഒരുപാട് റൺസ് വിട്ടുകൊടുത്തു. പക്ഷേ അവസാനം, വിജയം ഞങ്ങൾക്കൊപ്പമായിരുന്നു. അതിൽ ഞാൻ സന്തുഷ്ടനാണ്”, ബവുമ കൂട്ടിച്ചേർത്തു.
ക്ലാസൻ പുറത്താകാതെ 74 റൺസും മില്ലർ പുറത്താകാതെ 75 റൺസും നേടി. ഇരുവരുടെയും അർധസെഞ്ചുറികളുടെ പിൻബലത്തിൽ ദക്ഷിണാഫ്രിക്ക 4 വിക്കറ്റിന് 249 റൺസ് എന്ന സ്കോറിലെത്തി. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ടീമിന് ഒട്ടും ശുഭകരമായിരുന്നില്ല കാര്യങ്ങള്‍. വെറും 51 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ക്യാപ്റ്റൻ ശിഖർ ധവാൻ നാല് റൺസെടുത്ത് പുറത്തായി. ഇന്ത്യയുടെ മുൻനികര ബാറ്റ്സ്മാൻമാർക്ക് ആർക്കും തന്നെ കാര്യമായ സംഭാവന നൽകാനായില്ല.
ഇന്ത്യൻ ടീമിന്റെ താത്കാലിക ക്യാപ്റ്റനായ ശിഖർ ധവാനും മത്സരത്തിനു ശേഷം, സഞ്ചുവിന്റെയും ശ്രേയസ് അയ്യരുടെയും ശാർദുൽ താക്കൂറിന്റെയും ബാറ്റിങ്ങിനെ അഭിനന്ദിച്ചു. സഞ്ജുവിനെ അഭിനന്ദിച്ച് രാജസ്ഥാന് റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ഐ.പി.എല്‍ ടീമുകളും രംഗത്തെത്തി. ഒക്ടോബർ 9 ഞായറാഴ്ച രണ്ടാം ടി20 മത്സരത്തിൽ ഇരു ടീമുകളും റാഞ്ചിയിൽ ഏറ്റുമുട്ടും.