വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ അജ്ഞാത പേടകം വെടിവെച്ച് വീഴ്ത്തി അമേരിക്ക. അലാസ്ക സംസ്ഥാനത്തിന് മുകളിലൂടെ ഒരു ദിവസമായി പറക്കുകയായിരുന്ന അജ്ഞാത പേടകമാണ് യുദ്ധവിമാനത്തില്‍ നിന്ന് അമേരിക്ക വെടിവെച്ച് വീഴ്ത്തിയത്. 24 മണിക്കൂറായി പേടകത്തെ നിരീക്ഷിച്ച് വരികയായിരുന്നു അമേരിക്കന്‍ സൈന്യം.വ്യാഴാഴ്ചയാണ് സംഭവം എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അജ്ഞാത പേടകത്തിന്റെ ഉദ്ദേശ്യമോ ഉത്ഭവമോ എന്താണെന്ന് വ്യക്തമല്ല എന്നും എന്നാല്‍ 40,000 അടി ഉയരത്തില്‍ പൊങ്ങിക്കിടക്കുന്ന ഇത് വ്യോമയാനത്തിന് ഭീഷണിയായതിനാലാണ് നീക്കം ചെയ്തത് എന്നും വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
ഹൈ ആള്‍ട്ടിറ്റിയൂഡ് ഒബ്ജെക്ട് എന്ന് മാത്രമാണ് പെന്റഗണ്‍ ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്. പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി എന്നും ജോണ്‍ കിര്‍ബി കൂട്ടിച്ചേര്‍ത്തു. സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസിലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഷൂട്ടിംഗ് വിജയമായിരുന്നു എന്നായിരുന്നു ജോ ബൈഡന് പറഞ്ഞത്.സൗത്ത് കരോലിനയ്ക്ക് മുകളിലായിരുന്നപ്പോഴാണ് പേടകത്തെ വെടിവെച്ച് വീഴ്ത്തിയത്. അമേരിക്കയുടെ എഫ് 22 യുദ്ധ വിമാനത്തില്‍ നിന്ന് തൊടുത്ത മിസൈലാണ് അജ്ഞാത പേടകത്തെ തകര്‍ത്തത്. അതേസമയം പേടകത്തിനുള്ളില്‍ ആളില്ലാ എന്ന് ഉറപ്പാക്കിയ ശേഷമാണ് വെടിവെച്ച് വീഴ്ത്തിയത് എന്നും പെന്റഗണ്‍ വ്യക്തമാക്കി. അടുത്തിടെ ചൈനീസ് ചാര ബലൂണ്‍ അമേരിക്കന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം. എന്നാല്‍ ചൈനീസ് ചാര ബലൂണിനേക്കാള്‍ ചെറുതായിരുന്നു പേടകം എന്നാണ് എന്നാണ് റിപ്പോര്‍ട്ട്. ഒരു ചെറിയ കാറിന്റെ വലിപ്പമേ പേടകത്തിനുണ്ടായിരുന്നുള്ളൂ എന്നാണ് ജോണ്‍ കിര്‍ബി പറയുന്നത്.