പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളതു തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു. അപേക്ഷയ്ക്കൊപ്പം നൽകുന്ന രേഖകളിലെ ചെറിയ പൊരുത്തക്കേടുപോലും ഇനി അംഗീകരിക്കില്ല. തിരുത്തലുകൾക്കും കർശന നിയന്ത്രണമുണ്ടാകും. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പു തടയാൻ ലക്ഷ്യമിട്ടാണു നടപടി.
ആധാറിലെ പേരിലെ ചെറിയ തിരുത്തലിനുപോലും ഇനി ഗസറ്റ് വിജ്ഞാപനം നിർബന്ധം. പേരിന്റെ ആദ്യഭാഗവും അക്ഷരവും തിരുത്താനും അതു ബാധകമാണ്. ഇതോടൊപ്പം, പഴയപേരിന്റെ തിരിച്ചറിയൽ രേഖയും നൽകണം. പാൻകാർഡ്, വോട്ടർ ഐ.ഡി., ഡ്രൈവിങ് ലൈസൻസ്, സർവീസ് തിരിച്ചറിയൽ കാർഡ്, ഫോട്ടോയുള്ള പുതിയ എസ്.എസ്.എൽ.സി. ബുക്ക്, പാസ്പോർട്ട് എന്നിവയിലേതെങ്കിലും ആധികാരിക രേഖയായി ഉപയോഗിക്കാം. പേരുതിരുത്താൻ പരമാവധി രണ്ടവസരമേ നൽകൂവെന്ന നിബന്ധനയിൽ മാറ്റമില്ല.

ജനനത്തീയതി ഒരുതവണയേ തിരുത്താനാകൂവെന്ന നിബന്ധന തുടരുമ്പോഴും നിയന്ത്രണം കടുപ്പിച്ചു. 18 വയസ്സുവരെയുള്ളവരുടെ ജനനത്തീയതി തിരുത്താൻ അതതു സംസ്ഥാനത്തെ അംഗീകൃത അധികാരികൾ നൽകുന്ന ജനനസർട്ടിഫിക്കറ്റു മാത്രമേ പരിഗണിക്കൂ. പാസ്പോർട്ട്, എസ്.എസ്.എൽ.സി. ബുക്ക് എന്നിവ ഒഴിവാക്കി.
18 വയസ്സിനു മുകളിലുള്ളവർക്ക് എസ്.എസ്.എൽ.സി. ബുക്ക് ജനനത്തീയതിയുടെ തെളിവായി ഉപയോഗിക്കാം. അതിനായി കവർ പേജ്, വിലാസമുള്ള പേജ്, ബോർഡ് സെക്രട്ടറിയുടെ മുദ്രയും ഒപ്പുമുള്ള മാർക്ക് ഷീറ്റ് എന്നിവ നൽകണം. എസ്.എസ്.എൽ.സി. ബുക്കിലെ പേര് ആധാറുമായി കൃത്യമായി പൊരുത്തപ്പെടണം.