ആഘോഷമാക്കാം അവധിക്കാലം; കുഞ്ഞുമനസ്സുകളിൽ സമ്മർദം നീങ്ങി സന്തോഷം നിറയട്ടെ.

പരീക്ഷകളുടെയും അസൈൻമെന്റുകളുടെയുമെല്ലാം ഭാരമൊഴിഞ്ഞ് മനസ്സുനിറയെ ചിരിക്കാനും മടുക്കുംവരെ കളിച്ചുനടക്കാനും വേനലവധി എത്തിക്കഴിഞ്ഞു. രണ്ടുമാസത്തെ നീണ്ട അവധിയിൽ വെറുതേയിരുന്ന് ബോറടിക്കേണ്ട. മൊബൈൽ, ടിവി സ്ക്രീനുകളുടെ മുൻപിൽനിന്ന് പറമ്പുകളിലേക്കും തൊടിയിലേക്കും നടന്നിറങ്ങാം. കളികൾക്കപ്പുറം പലതും കാണാം, പഠിക്കാം.

“ഒരുക്കാം, വീട്ടിലൊരു വായനമുറി


വെയിലേറ്റുവാടാതെ പകൽസമയങ്ങളിൽ പുസ്തകങ്ങളെ കൂട്ടുപിടിക്കാം. ശേഖരിക്കുന്ന പുസ്തകങ്ങളെ ചേർത്ത് വീട്ടിൽ തന്നെ ഒരു കൊച്ചു ലൈബ്രറി ഒരുക്കാം. പുസ്തകങ്ങളിലെ കഥകൾ കുഞ്ഞനിയൻമാർക്കും അനിയത്തിമാർക്കും പറഞ്ഞുകൊടുക്കാം. അതുവഴിയെല്ലാം ഭാഷയെ കൂടുതൽ സ്നേഹിക്കാം.

പോകാം, ഉല്ലാസയാത്ര


ഓരോ അവധിക്കാലവും നല്ല യാത്രകൾക്കുള്ള സമയംകൂടിയാണ്. മനസ്സിനെയും ശരീരത്തെയും ഒരുപോലെ ഊർജസ്വലമാക്കുന്ന യാത്രകൾ അതുല്യമായ നല്ല പാഠങ്ങൾ തരും. മസിനഗുഡിവഴി ഊട്ടിക്ക് തന്നെ പോകണമെന്നില്ല. രക്ഷിതാക്കളുടെയും സഹോദരങ്ങളുടെയുമൊപ്പം നടത്തുന്ന ചെറിയ യാത്രകൾ വലിയ സന്തോഷംതരും. മുത്തശ്ശിയെയും മുത്തച്ഛനെയും കാണാൻ പോകണ്ടേ? അവരൊക്കെ കഥകളുടെയും അറിവുകളുടെയും അനുഭവങ്ങളുടെയും കലവറകളാണ്. അവരോടൊപ്പമുള്ള നിമിഷങ്ങൾ നിറമുള്ള ഓർമ്മകളായി ജീവിതം മുഴുവൻ നിലനിൽക്കും.

മെരുക്കാം, ഭാഷയെ

ഭാഷയെ മെരുക്കിയാൽ ഭാവിയെയും മെരുക്കാം. അവധിദിവസങ്ങളിൽ ഭാഷയെ മെച്ചപ്പെടുത്തിയാൽ പഠനത്തിലും ഭാവിയിൽ ജോലിയിലും ഗുണംചെയ്യും. ഓരോ ദിവസവും ഓരോ പുതിയ വാക്ക് പഠിക്കാം. മാതൃഭാഷയ്ക്കൊപ്പം ഇംഗ്ലീഷ്, ഹിന്ദി ഭാഷകളും സ്വായത്തമാക്കാം. വിദേശസ്വപ്നം കാണുന്നവരാണെങ്കിൽ വിദേശ ഭാഷകൾ പഠിക്കാം.

പഠിക്കാം, സ്വയം പ്രതിരോധം

സ്വയം പ്രതിരോധത്തിനായി കളരിയും കരാട്ടെയും കുങ്ഫുവും പഠിക്കാം. അത് ആത്മവിശ്വാസം കൂട്ടും. പ്രതിസന്ധികളെ നേരിടാൻ ശേഷിനൽകും. കുട്ടികൾക്ക് തനിച്ചു പോകാൻ മടിയാണെങ്കിൽ അച്ഛനും അമ്മയും അവർക്കൊപ്പം പഠിക്കാൻ ചേരുന്നതും നല്ലതാണ്.

പരിശീലിക്കാം, കായികവിനോദങ്ങൾ

റോളർ സ്കേറ്റിങ്ങും സൈക്ലിങ്ങും മുതൽ ഫുട്ബോൾ, ക്രിക്കറ്റ്, ആർച്ചറി എന്നിവയെല്ലാം പഠിപ്പിക്കുന്ന ഇടങ്ങളുണ്ട്. നീന്തൽ ഒരു കായിക ഇനം മാത്രമല്ല, ചിലപ്പോൾ ജീവരക്ഷയ്ക്ക് ഉതകിയെന്നും വരാം.

ഉദ്യാനനിർമാണം


നമ്മുടെ തനി നാടൻ ചെടി ഇനങ്ങളെ പരിചയപ്പെടുന്നതുതന്നെ കൗതുകകരമാണ്. ചെടികളും തണൽമരങ്ങളും ഫലവൃക്ഷങ്ങളുമൊക്കെ വിദേശിയും സ്വദേശിയുമായി ഏതിനവും നഴ്സറികളിൽ വാങ്ങാൻ കിട്ടും.


കൂട്ടുകാരുടെയും ബന്ധുക്കളുടെയും വീടുകൾ സന്ദർശിച്ചു മടങ്ങുമ്പോൾ അവിടെനിന്നും വിത്തും തൈയും ശേഖരിക്കാം. ചെടികൾ സമ്മാനമായി നൽകുന്നത് സ്നേഹം പ്രകടിപ്പിക്കാൻ മാത്രമല്ല, നല്ല പരിസ്ഥിതി സന്ദേശമായും മാറും.

friends travels

വളർത്തുമൃഗ പരിപാലനം

കുട്ടികളിൽ വളരെ പോസിറ്റീവായ മാറ്റമുണ്ടാക്കാൻ സഹായിക്കുന്നതാണ് വളർത്തുമൃഗ പരിപാലനം. ഇതവരിൽ ഉത്തരവാദിത്വബോധവും സഹജീവി സ്നേഹവും വളർത്തും. വേനലിൽ പക്ഷികൾക്ക് വെള്ളവും ഭക്ഷണവും കൊടുക്കാം.

ക്രിയേറ്റീവാകാൻ ആർട്ടും ക്രാഫ്റ്റും

വേനൽച്ചൂടിൽ പുറത്തിറങ്ങിയുള്ള കളികൾ പകൽ സമയത്ത് ആരോഗ്യകരമല്ല. അതിനാൽ ആ സമയം വീടിനുള്ളിൽ ക്രിയാത്മകമായി ചെലവഴിക്കാൻ ആർട്ടും ക്രാഫ്റ്റും സഹായിക്കും. വർണക്കടലാസുകൾ കൊണ്ടുള്ള ക്രാഫ്റ്റുകളും ഫിംഗർ പെയിന്റിങ് പോലുള്ളവയും മൺപാത്ര നിർമാണം പോലുള്ളവയുമൊക്കെ അച്ഛനമ്മമാർക്കൊപ്പം ചേർന്ന് ചെയ്യാം. പാട്ടും വാദ്യോപകരണങ്ങളും നൃത്തവുമെല്ലാം പരിശീലിക്കാം.

പരിചയപ്പെടാം, നിർമിതബുദ്ധിയെ

ഷോർട്ട് ഫിലിം, അനിമേഷൻ എന്നിവയിൽ ഒരു കൈ നോക്കാം. കോഡിങ് പഠിക്കാം. നിർമിതബുദ്ധിയെ പരിചയപ്പെടാം. ഇതൊക്കെ പഠനത്തിലും ഗുണം ചെയ്യും

Verified by MonsterInsights