വ്യോമസേനയിലെ കമ്മിഷൻഡ് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (AFCAT)02/2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഫ്ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ), ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഫ്ളയിങ് ബ്രാഞ്ചിലേക്കുള്ള എൻ.സി.സി. സ്പെഷ്യൽ എൻട്രിയ്ക്കും ഇതോടൊപ്പം അപേക്ഷിക്കാം. 304 ഒഴിവിലേക്കാണ് വിജ്ഞാപനം. ഇതിൽ 67 ഒഴിവ് വനിതകൾക്കാണ്. 2025 ജൂലായ് മാസത്തിൽ കോഴ്സ് ആരംഭിക്കും.
പ്രായം
ഫ്ളയിങ് ബ്രാഞ്ചിലേക്ക് 2025 ജൂലായ് ഒന്നിന് 20-24വയസ്സ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചിലേക്ക് 2025 ജൂലായ് ഒന്നിന് 20-26 വയസ്സ്.
യോഗ്യത
ബിരുദധാരികൾക്കാണ് അപേക്ഷിക്കാനവസരം (ഓരോ വിഭാഗത്തിലേക്കും ആവശ്യമായ കോഴ്സ്, മാർക്ക് എന്നിവ സംബന്ധിച്ച വിവരങ്ങൾ വിജ്ഞാപനത്തിൽ പ്രസിദ്ധീകരിക്കും). അപേക്ഷകർ അവിവാഹിതരായിരിക്കണം. ട്രെയിനിങ് കാലത്തും വിവാഹം അനുവദിക്കില്ല. അപേക്ഷകർക്ക് നിർദിഷ്ട ശാരീരിക യോഗ്യതകളും ഉണ്ടായിരിക്കണം.
പരീക്ഷാഫീസ്
എൻ.സി.സി.സ്പെഷ്യൽ എൻട്രിക്ക് അപേക്ഷിക്കുന്നവർക്ക് ഫീസ് ഇല്ല. മറ്റുള്ളവർ 550 രൂപ (പുറമെ ജി.എസ്.ടിയും) ഫീസ് അടയ്ക്കണം.
അപേക്ഷ
ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://careerindianairforce.cdac.in, https://afcat.cdac.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. മേയ് 30 മുതൽ അപേക്ഷിക്കാം. അവസാനതീയതി: ജൂൺ 30 (രാത്രി 11.30 വരെ.