അഗ്നിപഥ് പദ്ധതിയുടെ (Agnipath Scheme) ഭാഗമായി സൈന്യത്തിൽ ചേർന്ന് അഗ്നിവീർ (Agniveer) ആകുന്നതിനായുള്ള അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ സൈന്യം (Indian Army). ജൂലൈയിലാണ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുക. ഉദ്യോഗാർത്ഥികൾക്ക് ആയുധ വിഭാഗം, ടെക്, എവിഎൻ ആൻഡ് എഎംഎൻ എക്സാമിനർ, ക്ലർക്ക്, സ്റ്റോർ കീപ്പർ ടെക്നിക്കൽ, ട്രേഡ്സ്മാൻ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ അപേക്ഷിക്കാവുന്നതാണ്. അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിനിടയിലാണ് അപേക്ഷകരെ ക്ഷണിച്ച് കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ സൈന്യത്തിൽ ചേരാനായി തയ്യാറെടുപ്പുകൾ നടത്തിവരുന്ന വലിയൊരു വിഭാഗം യുവാക്കൾ പദ്ധതിക്ക് എതിരാണ്. റെയിൽ-റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നതടക്കം നിരവധി പ്രതിഷേധ പ്രകടനങ്ങളാണ് രാജ്യത്ത് നടക്കുന്നത്.
ഒരു വിഭാഗത്തിൽ മാത്രമേ ഒരു ഉദ്യോഗാർത്ഥിക്ക് അപേക്ഷിക്കാൻ കഴിയൂ. ഒന്നിലധികം ട്രേഡ്/വിഭാഗം എന്നിവയിലായി ആരെങ്കിലും രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയാൽ, അയാൾ അയോഗ്യനാക്കപ്പെടും. ഒരു വിഭാഗത്തിലും പരിഗണിക്കുകയും ചെയ്യില്ല. അതിനാൽ അപേക്ഷിക്കുന്നതിന് മുമ്പ് വ്യക്തമായ ധാരണ ഉണ്ടാവുന്നത് നല്ലതാണ്, എന്നും വിജ്ഞാപനത്തിൽ പറയുന്നു. joinindianarmy.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം.