ആകാശ നിരീക്ഷകര്‍ ഹാപ്പിയല്ലെ!; രണ്ട് ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പമുള്ള ഛിന്നഗ്രഹം അടുത്ത് കാണാനാവും

4.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗരയൂഥം രൂപപ്പെട്ടതിനുശേഷം അവശേഷിക്കുന്ന പാറക്കഷണങ്ങളാണ് ഛിന്നഗ്രഹങ്ങള്‍. ഏകദേശം രണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഈ മാസം ഭൂമിയോട് അടുത്ത് എത്തും. ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നതനുസരിച്ച് ‘2024 ON’ എന്ന് പേരിട്ടിരിക്കുന്ന 720 അടി വീതിയുള്ള ഛിന്നഗ്രഹം സെപ്റ്റംബര്‍ 15-ന് ഭൂമിയുടെ അടുത്തു നിന്ന് ഏകദേശം 620,000 മൈല്‍ ദൂരത്തില്‍ കടന്നുപോകും. ഈ ദൂരം വളരെ വലുതാണെന്ന് തോന്നുമെങ്കിലും ജ്യോതിശാസ്ത്രപരമായി ഇത് വളരെ അടുത്താണ്. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരത്തിന് ഏകദേശം സമാനമാണ് ഈ ഛിന്നഗ്രഹം കടന്നു പോകുന്ന ദൂരം. ഭൂമിക്ക് ഒരു തരത്തിലും ഈ പ്രതിഭാസം ഒരു ദേഷവും ഉണ്ടാക്കില്ലെന്നും സമാനമായ സംഭവം ഓരോ 10 വര്‍ഷത്തിലും ശരാശരി ഒരു തവണ സംഭവിക്കുന്നുവെന്നുമാണ് വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റ് പറയുന്നത്.

വടക്കന്‍ അര്‍ദ്ധഗോളത്തില്‍ നിന്ന് ദൃശ്യമാകുന്ന ഈ ഛിന്നഗ്രഹം നക്ഷത്ര നിരീക്ഷകരെയും ജ്യോതിശാസ്ത്രജ്ഞരെയും സംബന്ധിച്ച് അപൂര്‍വവും മനോഹരവുമായ ഒരു കാഴ്ചയാണ്. സെപ്റ്റംബര്‍ 15-ന് ഉച്ചയ്ക്ക് 2:30-ന് ആരംഭിക്കുന്ന ഈ പ്രതിഭാസം തെളിഞ്ഞ ആകാശത്തില്‍ ദൂരദര്‍ശിനികളുടെയോ ബൈനോക്കുലറുകളുടെയോ സഹായത്തോടെ നിരീക്ഷിക്കാവുന്നതാണ്.

ജ്യോതിശാസ്ത്രജ്ഞരെ സംബന്ധിച്ച് ‘2024 ON’ എന്ന ഈ ഛിന്നഗ്രഹത്തിന്റെ ഘടന, വേഗത, ഭ്രമണ കാലഘട്ടം, പരിക്രമണ പാത എന്നിവയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള അപൂര്‍വവും അമൂല്യവുമായ അവസരമാണിത്. ഭൂമിക്ക് സമീപമുള്ള വസ്തുക്കളുടെ (NEO) പ്രവചന മാതൃകകള്‍ പരിഷ്‌കരിക്കുന്നതിനും സൗരയൂഥത്തിന്റെ സങ്കീര്‍ണ്ണമായ ചലനാത്മകതയിലേക്ക് വെളിച്ചം വീശുന്നതിനും ശാസ്ത്രലോകത്തെ സംബന്ധിച്ച് ഈ വിവരങ്ങള്‍ അത്യന്താപേക്ഷിതമാണ്.

നാസയുടെ അഭിപ്രായത്തില്‍, 4.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗരയൂഥം രൂപപ്പെട്ടതിനുശേഷം അവശേഷിക്കുന്ന പാറക്കഷണങ്ങളാണ് ഛിന്നഗ്രഹങ്ങള്‍. എല്ലാ ഛിന്നഗ്രഹങ്ങളും ഒരേ വലിപ്പവും ആകൃതിയും ഉള്ളവയല്ല. ഛിന്നഗ്രഹങ്ങള്‍ സൂര്യനില്‍ നിന്ന് വ്യത്യസ്ത അകലങ്ങളില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ രൂപം നിലകൊള്ളുന്നതിനാല്‍ എല്ലാ ഛിന്നഗ്രഹങ്ങളും ഒരുപോലെയല്ല. മിക്ക ഛിന്നഗ്രഹങ്ങളും വ്യത്യസ്ത തരം പാറകള്‍ കൊണ്ട് രൂപപ്പെട്ടതാണെങ്കിലും ചിലതില്‍ നിക്കല്‍, ഇരുമ്പ് തുടങ്ങിയ ലോഹങ്ങളോ കളിമണ്ണുകളോ ഉണ്ട്.

ഭൂമിക്ക് സമീപമുള്ള വസ്തുക്കളെ (NEO) നാസ തുടര്‍ച്ചയായി ട്രാക്ക് ചെയ്യുകയും അവയുടെ പാതകളുടെ ഒരു ഡാറ്റാബേസ് സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. 150 മീറ്ററില്‍ കൂടുതല്‍ (492 അടി) വ്യാസമുള്ളതും 4.6 ദശലക്ഷം മൈല്‍ (7.4 ദശലക്ഷം കിലോമീറ്റര്‍) അടുത്തും ഉള്ള ഛിന്നഗ്രഹങ്ങളെ അപകടസാധ്യതയുള്ള ഛിന്നഗ്രഹങ്ങളായി (PHAs) കണക്കാക്കുന്നു.

 

അപകട സാധ്യതയുള്ള ഛിന്നഗ്രഹ ഭീഷണികള്‍ പഠിക്കുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി നാസ ഛിന്നഗ്രഹ വ്യതിയാന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നുണ്ട്. ബഹിരാകാശത്ത് ഒരു ഛിന്നഗ്രഹത്തിന്റെ ഗതി മാറ്റാന്‍ ഒരു കൈനറ്റിക് ഇംപാക്റ്റര്‍ ബഹിരാകാശ പേടകം ഉപയോഗിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനാണ് ഡബിള്‍ ആസ്റ്ററോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ് (DART) ദൗത്യം നാസ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Verified by MonsterInsights