കുട്ടികള്‍ ഒരേ സമയം അച്ഛനമ്മമാരുടെ അനുഗ്രഹവും അതേസമയം ഉത്തരവാദിത്വവുമാണ്. കുട്ടികള്‍ തനിയെ വളര്‍ന്നോളും എന്ന മനോഭാവത്തോടെ അവരെ വളരാനനുവദിക്കുന്നത് ശരിയായ രീതിയല്ല. പകരം അവരെ കുടുംബത്തിനും സമൂഹത്തിനും ഗുണമുള്ളവരായി വളര്‍ത്തിയെടുക്കുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വം തന്നെയാണ്. അതൊട്ടും എളുപ്പമല്ല. ഓരോരുത്തര്‍ക്കും കുഞ്ഞുങ്ങളോടുള്ള സമീപനം ഓരോ തരത്തിലായിരിക്കും. ഏതാണ് നല്ലത്, ഏതാണ് മോശം എന്ന വ്യക്തമായി ഉറപ്പിച്ചു പറയാന്‍ സാധിക്കില്ലെങ്കിലും ചില കാര്യങ്ങളില്‍ എല്ലാ മാതാപിതാക്കളും ഒരേ പോലെയായിരിക്കണം.
അമിത ലാളന വേണ്ടേ വേണ്ട
മാതാപിതാക്കള്‍ക്ക് ഏറ്റവുമധികം സ്‌നേഹമുള്ളത് അവരുടെ മക്കളോട് തന്നെയായിരിക്കും. ആ സ്‌നേഹം ഓരോ മാതാപിതാക്കളും പ്രകടിപ്പിക്കുന്നത് ഓരോ രീതിയിലായിരിക്കും. എന്തു തന്നെയായാലും സ്‌നേഹത്തിന്റെ പേരില്‍ അമിത ലാളന വേണ്ടേ വേണ്ട. അതവര്‍ക്ക് ഗുണത്തെക്കാളേറെ ദോഷമേ ചെയ്യൂ. എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുക്കുന്നതിനു പകരം നോ പറയേണ്ടിടത്ത് കര്‍ശനമായി നോ പറയാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. അവരുടെ തെറ്റുകള്‍ക്ക് നേരെ എപ്പോഴും കണ്ണടച്ചാല്‍ അതവര്‍ക്ക് വളമാവുകയും ഭാവിയില്‍ ദോഷം ചെയ്യുകയും ചെയ്യും. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കരുതെന്ന് പറയുന്നതു പോലെ ലാളിച്ച് ലാളിച്ച് വഷളാക്കരുതെന്ന് സാരം.

അമിത നിയന്ത്രണവും വേണ്ട
എല്ലാ കാര്യങ്ങളിലും കുട്ടികള്‍ക്ക് പരിധി കല്‍പ്പിക്കുന്നവരാണ് ചില മാതാപിതാക്കള്‍. പുറത്ത് കളിക്കാന്‍ പോകാനോ, മറ്റ് കുട്ടികളുമായി സമയം ചെലവഴിക്കാനോ, ടിവി കാണാനോ ഒന്നും ചില കുട്ടികള്‍ക്ക് അനുവാദമേയില്ല. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനും ചിലര്‍ക്ക് വിലക്കുണ്ട്. എല്ലാക്കാര്യങ്ങളും മാതാപിതാക്കളുടെ ഇഷ്ടമനുസരിച്ച് മാത്രമേ നടക്കാവൂ എന്ന പിടിവാശി ഒരിക്കലും പാടില്ല. അമിതമായ നിയന്ത്രണങ്ങള്‍ വിലക്കുകള്‍ ലംഘിക്കാനുള്ള മാനസികാവസ്ഥയാണ് അവരില്‍ സൃഷ്ടിക്കുക. അതൊരിക്കലും പാടില്ല.
അവരുടെ നല്ല സുഹൃത്തുക്കളാകാം
മാതാപിതാക്കളായിരിക്കട്ടെ മക്കളുടെ ഏറ്റവും നല്ല സുഹൃത്തുക്കള്‍. അവര്‍ക്ക് എന്തും തുറന്നു പറയാനുള്ള ഇടമായിരിക്കണം അച്ഛനും അമ്മയും. അങ്ങനെയെങ്കില്‍ അതിലും പ്രീയപ്പെട്ട സൗഹൃദങ്ങള്‍ തേടി അവര്‍ പുറത്തേക്ക് പോകില്ല. ജീവിതത്തിലെ വിഷമഘട്ടങ്ങളില്‍ അച്ഛനും അമ്മയും കൂടെ നില്‍ക്കുമെന്ന ഉറപ്പ് അവര്‍ക്കുണ്ടാകും. എല്ലാ കാര്യങ്ങളും അവരോട് ഷെയര്‍ ചെയ്യുകയും അവരുടെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കുകയും ചെയ്യുന്നത് വഴി കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സാധിക്കും.
