പ്രോട്ടീന്‍ സമ്പുഷ്ടമായതുകൊണ്ടുതന്നെ മുട്ടയ്ക്ക് ഭക്ഷണത്തില്‍ വളരെയധികം പ്രാധാന്യം ഉണ്ട്. എന്നാലും മുട്ടയില്‍ കൊളസ്‌ട്രോള്‍ കൂടിയുള്ളതുകൊണ്ട് ഹൃദ്‍രോഗ ആശങ്കയുമായി ബന്ധപ്പെട്ട് മുട്ട സംശയത്തിന്റെ നിഴലിലാണ്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ മുട്ടയിലെ കൊളസ്‌ട്രോള്‍ അത്ര പ്രശ്‌നക്കാരനല്ലെന്ന് പറയുന്നുണ്ടെങ്കിലും മുട്ട എങ്ങനെ പാകം ചെയ്യുന്നു എന്നതില്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശമുണ്ട്.
പാചകം മുട്ടയിലെ കൊളസ്‌ട്രോളിനെ ബാധിക്കുന്നതെങ്ങനെ
ഒരു വലിയ മുട്ടയില്‍ 186 മില്ലിഗ്രാം ഡയറ്ററി കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. ദിവസേനെ ഒരു മുട്ട കഴിക്കുന്നത് മിക്ക ആളുകളിലും സുരക്ഷിതമാണെങ്കിലും മുട്ട കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അവ പാകം ചെയ്യുന്ന രീതിയെ ആശ്രയിച്ചാണിരിക്കുന്നത്. മുട്ട അമിതമായി ചൂടാക്കുമ്പോള്‍ അതിലെ കൊളസ്‌ട്രോള്‍ ഓക്‌സിഡൈസ് ചെയ്ത് ഓക്‌സിസ്റ്ററോള്‍ എന്ന സംയുക്തം ഉണ്ടാക്കുന്നു. ഈ സംയുക്തം ശരീരത്തില്‍ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദവും ഇന്‍ഫ്‌ളമേഷനും ഉണ്ടാക്കും. അതുകൊണ്ട് ഇത് ഹൃദ്‍രോഗ സാധ്യതയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.

ഓക്‌സിസ്റ്റോളിനെ പേടിക്കുന്നത് എന്തിന്
ഉയര്‍ന്ന ഊഷ്മാവില്‍ ദീര്‍ഘനേരം മുട്ട പാകം ചെയ്യുമ്പോള്‍ ഓക്‌സിസ്റ്ററോള്‍ എന്ന സംയുക്തം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞല്ലോ. ഇത് രക്തക്കുഴലുകളില്‍ പ്ലാക്ക് അടിഞ്ഞുകൂടാന്‍ കാരണമാവുകയും ധമനികളില്‍ കാഠിന്യമുണ്ടാവുകയും ചെയ്യും. ഇത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
മുട്ട സുരക്ഷിതമായി പാകം ചെയ്യേണ്ടത് എങ്ങനെ
- കുറഞ്ഞ ഊഷ്മാവില്‍ മുട്ട പാകം ചെയ്യുന്നത് ഓക്‌സിസ്റ്റോളുകളുടെ രൂപീകരണം കുറയ്ക്കാന്‍ സഹായിക്കും
- മുട്ട ഫ്രൈ ചെയ്യുമ്പോള്‍ ഉയര്‍ന്ന സ്‌മോക്ക് പോയിന്റുള്ള എണ്ണകള്‍ ഉപയോഗിക്കാം. ഉദാ (വെളിച്ചെണ്ണ, അവക്കാഡോ ഓയില്‍, ഒലിവ് ഓയില്‍) പോലെയുളളവ.
- മുട്ട അമിതമായി വേവിക്കാതിരിക്കുക. ഇത് ഓക്‌സിഡേഷന്റെ അപകട സാധ്യത കുറയ്ക്കുകയും മുട്ടയുടെ പോഷക ഗുണം നിലനിര്‍ത്തുകയും ചെയ്യും.
- മുട്ട വിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പച്ചക്കറികള്‍ ചേര്‍ക്കാം. ഇത് ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റ് ഓക്‌സിഡന്റുകള്‍ ഉണ്ടാക്കുന്നു
