സ്കൂള്‍ വളപ്പില്‍ ഒരാള്‍ എന്നെ സ്ഥിരമായി തുറിച്ചു നോക്കുന്നു സാറെ’ നെടുങ്കണ്ടം പച്ചടി ശ്രീനാരായണ എല്‍.പി സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിനി ഹെഡ്മാസ്റ്ററോട് പരാതിപ്പെട്ടു. വിവരം അന്വേഷിച്ച ഹെഡ്മാസ്റ്റര് പ്രതിയെ കണ്ട് അമ്പരന്നു. സ്കൂള്‍ മുറ്റത്ത് തല ഉയര്‍ത്തിയിരിക്കുന്ന കൊമ്പന് പച്ചടി കുട്ടിശങ്കരന്റെ പ്രതിമയാണ് വില്ലന്‍. പച്ചടി സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ 13 സൈനികര്‍ ചേര്‍ന്ന് 2 ലക്ഷത്തോളം രൂപ മുടക്കിയാണ് സ്കൂള്‍ മുറ്റത്ത് കൊമ്പനാനയുടെ പ്രതിമ സ്ഥാപിച്ചത്. 10 അടി ഉയരവും 600 കിലോ ഭാരവുമുള്ള സിമന്റിലും ഫൈബറിലുമായി നിര്‍മ്മിച്ച ആനയ്ക്ക് സ്കൂള്‍ അധികൃതരാണ് പച്ചടി കുട്ടിശങ്കരന് എന്ന് പേരിട്ടത്.
പതിവില്ലാതെ ഒരാളെ സ്കൂള്‍ വളപ്പില്‍ കണ്ടതും ഹെഡ്മാസ്റ്റര് ബിജു പുളിക്കലേടത്തിന് മുന്നില്‍ എല്‍കെജി വിദ്യാര്‍ഥിനി പരാതിയുമായെത്തി. പ്രതിമയാണെങ്കിലും അത്രയധികം ഒറിജിനാലിറ്റിയോടെയാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. കൊമ്പും നഖവും എന്തിന് ദേഹത്തെ ചുളിവുകള്‍ പോലും കിറുകൃത്യം. അവസാനം ആനയ്ക്ക് ജീവനില്ലെന്നും ശില്പമാണെന്നും പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് പരാതി പരിഹരിച്ചത്. ആനപ്രതിമയുടെ അടുത്ത് കൊണ്ടുപോയി പേടി മാറ്റിയതോടെ കുട്ടിയുടെ പേടിയും മാറി.
പച്ചടി എസ്എൻഎൽപി സ്കൂൾ കെട്ടിടം ഹെടെക് വിദ്യാലയമാക്കി നവീകരിച്ചപ്പോഴാണ് സ്കൂളിലെ പൂർവ വിദ്യാർഥികളും രാജ്യത്തിന്റെ പല ഭാഗത്തായി വിവിധ സൈനിക റെജിമെന്റുകളിൽ സേവനം അനുഷ്ഠിക്കുന്ന 13 പേരും ചേർന്ന് സ്കൂൾ വളപ്പിൽ അസ്സലിനെ വെല്ലുന്ന ആനശിൽപം ഒരുക്കിയത്.
തൃശൂരിൽ നിർമിച്ച ശിൽപം ലോറിയിലാണ് പച്ചടിയിൽ എത്തിച്ചത്. തുടർന്ന് ക്രെയിനിൽ സ്കൂൾ വളപ്പിൽ സ്ഥാപിച്ചു. സ്കൂളിന്റെ മുൻപിലെ റോഡിലൂടെ വാഹനങ്ങളിൽ പോകുന്നവർ ആനയെ കണ്ട് ഞെട്ടുമെങ്കിലും അടുത്ത് വന്ന് സൂക്ഷിച്ചു നോക്കുമ്പോഴാണ് ശിൽപമാണെന്ന് തിരിച്ചറിയാൻ കഴിയുന്നത്. പിന്നാലെ ആനയുടെ ചിത്രമെടുത്തും ആനപ്രതിമക്കൊപ്പം സെൽഫിയെടുത്തുമാണ് മടക്കം.