ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് ബോധവത്കരണം നടത്താൻ സംസ്ഥാന ആരോഗ്യവകുപ്പ് കുടുംബശ്രീയുമായി കൈകോർക്കും. ആന്റിബയോട്ടിക്കുകൾ സ്ഥിരമായി കഴിച്ചാൽ പിന്നീട് സാധാരണ അണുബാധയ്ക്കുപോലും അത് ഫലിക്കാതെവരുന്ന അവസ്ഥ (ആൻറിമൈക്രോബിയൽ റെസിസ്റ്റന്റ്സ് -എ.എം.ആർ.)യ്ക്കെതിരേആരോഗ്യ പ്രവർത്തകരേയും ജനങ്ങളേയും ബോധവത്‌കരിക്കും.
ഡോക്ടറുടെ കുറിപ്പില്ലാതെ, മുമ്പ് കഴിച്ച ആന്റിബയോട്ടിക്കുകൾ വീണ്ടും വാങ്ങിക്കഴിക്കുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ബോധവത്കരണം മുമ്പേ തുടങ്ങിയിരുന്നു. ഡോക്ടർമാർക്കും മെഡിക്കൽ സ്റ്റോറുകൾക്കും കർശനമാർഗനിർദേശവും നൽകിയിരുന്നു. അത് താഴേത്തട്ടിൽ എത്തിക്കാനാണ് കുടുംബശ്രീയെ കൂട്ടുപിടിക്കുന്നത്.

ഇതിനായി നവംബർ 17 മുതൽ ഒരാഴ്ച എ.എം.ആർ. ബോധവത്കരണം നടത്തും. പഞ്ചായത്തുതലത്തിൽ എല്ലാ അയൽക്കൂട്ടങ്ങളിൽനിന്നും സാമൂഹ്യവികസനസമിതി കൺവീനർമാർക്ക് ആരോഗ്യവകുപ്പബോധവത്കരണ ക്ളാസ് നടത്തും. ശേഷം ഇവരുടെ നേതൃത്വത്തിൽ അയൽക്കൂട്ടങ്ങളിൽ ചർച്ചചെയ്ത് പൊതുജനങ്ങളിലേക്ക് വിവരം എത്തിക്കുകയാണ് ലക്ഷ്യം.
ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നതും കുറിപ്പടിയില്ലാത്തവർക്ക് മരുന്ന് നൽകുന്നതും കുറിച്ച് നൽകുന്ന മരുന്നുകൾ കൃത്യമായും പൂർണമായും കഴിക്കാത്തതും പ്രധാന പ്രശ്നങ്ങളാണ്.

മൃഗങ്ങൾക്കും ആൻറിബയോട്ടിക്കുകൾ നൽകുമ്പോൾ സമാനമായ ശ്രദ്ധവേണം. അതും ബോധവത്കരണത്തിൽപ്പെടും. ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിന് പുറമേ പൊതുവായ ശുചിത്വത്തെക്കുറിച്ചുള്ള അവബോധ പ്രവർത്തനമായ ‘ആഹാരപോഷണ ആരോഗ്യശുചിത്വ’ത്തിനും കുടുംബശ്രീയുടെ പിന്തുണ തേടുന്നുണ്ട്.
