ആരോഗ്യരംഗത്ത് സമഗ്രവും സമ്പൂർണ്ണവുമായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാമനാട്ടുകര നഗരസഭ കുടുംബാരോഗ്യ കേന്ദ്രം കോടമ്പുഴ സെന്ററിന്റെ കെട്ടിടോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജീവിതശൈലീ രോഗനിർണ്ണയവും ചികിത്സയും യഥാസമയം നടത്തേണ്ടത് കോവിഡാനന്തര കാലത്ത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.നിലവിൽ 15,000 ത്തോളം ആളുകളുടെ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്രം പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ഇ ഹെൽത്ത് പദ്ധതി തയ്യാറായതായും രാമനാട്ടുകര, ചാലിയം, ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പദ്ധതി ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചെറുവണ്ണൂർ സി എഫ് സി യിൽ 10 ബെഡ് സൗകര്യമുള്ള ഐസൊലേഷൻ വാർഡിനായി 1.79 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കരുവൻതിരുത്തി നഗരാരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ചെറുവണ്ണൂർ നല്ലളം സബ് സെന്ററുകൾ ഹെൽത്ത് ആന്റ് വെൽനസ് സെന്ററാക്കി ഉയർത്തും. ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തിന് സംസ്ഥാന തല അക്രെഡിഷൻ ലഭിച്ചതായും മന്ത്രി അറിയിച്ചു.
വെൽനസ് സെന്ററിന്റെ ഉദ്ഘാടനം രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ ബുഷ്റ റഫീഖ് നിർവ്വഹിച്ചു.സർക്കാരിന്റെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ ആരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള കോടമ്പുഴ സബ് സെന്ററാണ് ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്ററാക്കി ഉയർത്തിയത്. മുൻ എംഎൽഎ വി കെ സി മമ്മദ് കോയയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും എൻ എച് എം അനുവദിച്ച 7 ലക്ഷം രൂപയും ഉപയോഗിച്ചാണ് പുതിയ കേന്ദ്രത്തിന്റെ നിർമ്മാണം. ഇമ്മ്യൂണൈസേഷൻ, പരിശോധന മുറി, ഐ യു ഡി, സ്റ്റോർ മുറി, കാത്തിരിപ്പ് ഏരിയ, മൂലയൂട്ടുന്നത്തിനുള്ള മുറി തുടങ്ങിയ സൗകര്യങ്ങൾ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. രാമനാട്ടുകര നഗരസഭ വൈസ് ചെയർമാൻ കെ സുരേഷ് അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സുമംഗല, അസിസ്റ്റന്റ് എൻജിനീയർ ഹിരൺ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി ടി നദീറ, വി എം പുഷ്പ, അബ്ദുൽ ലത്തീഫ്, സഫ റഫീഖ്, ഡിവിഷൻ കൗൺസിലർമാരായ പി നിർമ്മൽ, എം കെ ഗീത, ആസൂത്രണ സമിതി ഉപാധ്യാക്ഷൻ എം കെ മുഹമ്മദലി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എം യമുന സ്വാഗതവും നഗരസഭ സെക്രട്ടറി പി ജെ ജെസിത നന്ദിയും പറഞ്ഞു.