ഏഷ്യാ കപ്പ് വേദി പാകിസ്ഥാനിൽ നിന്നും മാറ്റിയേക്കുമെന്ന് റിപ്പോർട്ട്; അവസരം യുഎഇക്ക് ലഭിക്കാൻ സാധ്യത

ഏഷ്യാ കപ്പിന്റെ വേദി പാകിസ്ഥാനിൽ നിന്നും മാറ്റിയെക്കുമെന്ന് റിപ്പോർട്ടുകൾ. ബിസിസിഐ സെക്രട്ടറി ജയ് ഷായും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്‌ (പിസിബി) ചെയർമാൻ നജാം സേത്തിയും ശനിയാഴ്ച ബഹ്‌റൈനിൽ തങ്ങളുടെ ആദ്യ ഔപചാരിക കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ഏഷ്യാ കപ്പിന്റെ വേദി മാറുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇക്കാര്യത്തിൽ മാർച്ചിൽ ചേരുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗം അന്തിമ തീരുമാനം എടുക്കും.

ഏഷ്യാ കപ്പ് ആദ്യം പാക്കിസ്ഥാനിൽ വെച്ചു നടത്തുമെന്നാണ് ഈ വർഷം സെപ്തംബറിൽ അറിയിച്ചിരുന്നത്. എന്നാൽ ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്നും വേദി മാറ്റണം എന്നും എസിസി ചെയർമാൻ കൂടിയായ  ജയ് ഷാ ആവശ്യപ്പെട്ടിരുന്നു.

യുഎഇയിലെ ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ ഏഷ്യാ കപ്പ്‌ നടത്തിയേക്കുമെന്നാണ് സൂചനകൾ. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. പിസിബി ചെയർമാൻ നജാം സേത്തിയുടെ നിർദേശപ്രകാരം വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ എല്ലാ എസിസി അംഗരാജ്യങ്ങളുടെ തലവന്മാരും പങ്കെടുത്തു.

എസിസി യോഗത്തിൽ പല ചർച്ചകളും നടന്നു. എന്നാൽ വേദി മാറ്റുന്നത് സംബന്ധിച്ച തീരുമാനം മാർച്ചിലേക്ക് മാറ്റി. പക്ഷേ, ഇന്ത്യ പാകിസ്ഥാനിലേക്ക് പോകാൻ തയ്യാറാകാത്തതിനാൽ ടൂർണമെന്റിന്റെ വേദി മാറ്റേണ്ടിവരുമെന്ന് ഉറപ്പിക്കാം. വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും, ശുഭ്മാൻ ഗിൽസും ഏഷ്യാകപ്പിൽ പങ്കെടുക്കാത്തതിനാൽ ഇത്തവണ സ്‌പോൺസർമാരെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്”, ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

പാകിസ്ഥാൻ നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, രാജ്യത്തെ കറൻസി ഒരു യുഎസ് ഡോളറിനെതിരെ 277 രൂപയിലേക്ക് കുത്തനെ ഇടിഞ്ഞു. പണപ്പെരുപ്പവും രാജ്യത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്. എസിസി ഫണ്ട്‌ അനുവദിച്ചാൽ തന്നെയും ഏഷ്യാ കപ്പ് പോലുള്ള വലിയ തലത്തിലുള്ള ടൂർണമെന്റ് സംഘടിപ്പിക്കുക എന്നത് പിസിബിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി ആകും. ടൂർണമെന്റ് യുഎഇയിൽ നടത്തുകയാണെങ്കിൽ, എല്ലാ അംഗരാജ്യങ്ങളും പങ്കെടുക്കുകയും ചെയ്യും.

ഈ വർഷം സെപ്റ്റംബറിലാണ് ഏഷ്യ കപ്പ് നടക്കുക. പാകിസ്ഥാനിലേക്ക് ഏഷ്യാകപ്പിനായി പോകില്ലെന്നും നിഷ്പക്ഷ വേദി വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണെങ്കിൽ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിൽ പാകിസ്ഥാന്റെ മത്സരങ്ങൾ നിക്ഷ്പക്ഷ വേദികളിൽ നടത്തണമെന്ന് പാക് ബോര്‍ഡ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോ​ഗത്തിൽ ആവശ്യപ്പെട്ടു. ലോകകപ്പിനായി ഇന്ത്യയിലേക്ക് വരില്ലെന്ന പിസിബിയുടെ ഭീഷണിയിൽ ഇത് ഐസിസി നോക്കേണ്ട വിഷയമാണെന്നായിരുന്നു ബിസിസിഐ പ്രതികരിച്ചത്.

2008ലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനിൽ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരത്തിനായി പോയത്. ഇന്ത്യ ആതിഥേയത്വം വഹിച്ച അവസാന ഐസിസി ഇവന്റായ 2016 ടി20 ലോകകപ്പിനായി പാകിസ്ഥാൻ എത്തിയിരുന്നു.

Verified by MonsterInsights