എ.ടി.എം ഉപയോഗം കൂടിയാല്‍ പോക്കറ്റ് കാലിയാകും! ഏപ്രില്‍ ഒന്നുമുതല്‍ ബാങ്കിംഗ് നിയമങ്ങളില്‍ വലിയ മാറ്റം.

പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. സാമ്പത്തിക രംഗത്ത് ഒരുപിടി മാറ്റങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ ഉണ്ടാകും. ബാങ്കിംഗ് രംഗത്തും പുതിയ പരിഷ്‌കരണം അടുത്തയാഴ്ച മുതലുണ്ടാകും. എ.ടി.എം ഉപയോഗം മുതല്‍ മിനിമം ബാലന്‍സ് വരെയുള്ള കാര്യങ്ങളില്‍ പുതിയ മാറ്റം അറിഞ്ഞിരിക്കണം. ഇല്ലെങ്കില്‍ പോക്കറ്റ് കാലിയായേക്കാം. എന്തൊക്കെയാണ് ബാങ്കിംഗ് രീതികളില്‍ വരുന്ന മാറ്റങ്ങളെന്ന് നോക്കാം

എ.ടി.എം വഴി പണം പിന്‍വലിക്കല്‍


ഏപ്രില്‍ ഒന്നുമുതല്‍ എ.ടി.എം വഴിയുള്ള പണം പിന്‍വലിക്കലില്‍ മാറ്റങ്ങള്‍ വരികയാണ്. ഇതിലേറ്റവും പ്രധാനപ്പെട്ടത് സൗജന്യ പിന്‍വലിക്കലുകളുടെ എണ്ണം നിജപ്പെടുത്തിയെന്നതാണ്. അടുത്തയാഴ്ച മുതല്‍ മറ്റ് ബാങ്കുകളില്‍ നിന്ന് പ്രതിമാസം വെറും മൂന്ന് സൗജന്യ പണം പിന്‍വലിക്കലുകള്‍ മാത്രമാകും അനുവദിക്കുക. ഇതിനുശേഷമുള്ള ഓരോ പിന്‍വലിക്കലുകള്‍ക്കും 20 മുതല്‍ 25 രൂപ വരെ ഈടാക്കും. ഓണ്‍ലൈന്‍ രീതിയിലേക്ക് കൂടുതല്‍ മാറേണ്ടി വരുമെന്ന് ചുരുക്കം.

മിനിമം ബാലന്‍സ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ), പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ മിനിമം ബാലന്‍സ് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇടപാട് നടത്തുന്ന ബാങ്ക് ബ്രാഞ്ച് ഇരിക്കുന്ന പ്രദേശവുമായി ബന്ധപ്പെട്ടാകും ഇനി മിനിമം ബാലന്‍സ് നിശ്ചയിക്കുക. നഗരങ്ങളില്‍ മിനിമം ബാലന്‍സ് തുക കൂടുതലും ഗ്രാമങ്ങളില്‍ കുറവും ആയിരിക്കും. മിനിമം ബാലന്‍സ് പാലിച്ചില്ലെങ്കില്‍ പിഴയിലും വ്യത്യാസം ഉണ്ടാകും. ഓരോ ബാങ്കിനും വ്യത്യസ്ത നിരക്കാകും.

പോസിറ്റീവ് പേ സിസ്റ്റം (പി.പി.എസ്)

ബാങ്കിംഗ് തട്ടിപ്പുകള്‍ തടയുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) പോസിറ്റീവ് പേ സിസ്റ്റം (പി.പി.എസ്) നടപ്പാക്കിലാക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഇടപാടുകളിലെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി നിരവധി ബാങ്കുകള്‍ ഈ സംവിധാനം നടപ്പാക്കുകയാണ്. 50,000 രൂപയ്ക്ക് മുകളില്‍ ചെക്കുകള്‍ നല്‍കുന്ന ഉപയോക്താക്കള്‍, അവര്‍ നല്‍കുന്ന ചെക്കുകളുടെ പ്രധാന വിവരങ്ങള്‍ ബാങ്കിന് നല്‍കേണ്ടതാണ്.

ഈ വിവരങ്ങള്‍ ചെക്ക് സമര്‍പ്പിക്കുന്നതിനു മുമ്പ് സ്ഥിരീകരിക്കും. ചെക്ക് നമ്പര്‍, തീയതി, പേയ്മെന്റ് സ്വീകരിക്കുന്ന വ്യക്തിയുടെ പേര്, തുക എന്നിവ മുന്‍കൂറായി സ്ഥിരീകരിക്കുന്നതിലൂടെ തട്ടിപ്പുകളും പിഴവുകളും കുറയ്ക്കാന്‍ സഹായിക്കുന്നു. യു.പി.ഐ ഇടപാട്


ദീര്‍ഘകാലമായി ഉപയോഗിക്കപ്പെടാത്ത യു.പി.ഐ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറുകള്‍ ബാങ്ക് രേഖകളില്‍ നിന്ന് നീക്കം ചെയ്യപ്പെടും. നിങ്ങള്‍ യു.പി.ഐയുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പര്‍ ദീര്‍ഘകാലം പ്രവര്‍ത്തനരഹിതമായിട്ടില്ലെന്ന് ഉറപ്പുവരുത്തണം. നീണ്ടകാലമായി ഉപയോഗിക്കാത്തത് ആണെങ്കില്‍ ആ നമ്പര്‍ ബാങ്ക് രേഖകളില്‍ നിന്ന് നീക്കം ചെയ്യും. ഇതുമൂലം യു.പി.ഐ സേവനങ്ങളില്‍ തടസം നേരിട്ടേക്കും.

Verified by MonsterInsights