ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള പഴവർഗമാണ് അവകാഡോ അഥവാ വെണ്ണപ്പഴം. ഏറ്റവും പോഷകപ്രധാനമായ പഴങ്ങളിൽ ഒന്നാണിത്. നമ്മുടെ നാട്ടിൽ മുമ്പുള്ളതിനേക്കാൾ ഏറെ ആവശ്യക്കാരുണ്ട് ഇപ്പോൾ അവകാഡോക്ക്. ചർമസംരക്ഷണത്തിനും ജീവിതശൈലീ രോഗങ്ങളെ നേരിടാനും പ്രതിരോധശേഷി വർധിപ്പിക്കാനുമൊക്കെ അവകാഡോ സഹായിക്കും. കടയിൽ നിന്ന് വലിയ വില കൊടുത്തുവാങ്ങുന്ന അവകാഡോ മനസ്സുവെച്ചാൽ നമുക്ക് സ്വന്തം വീട്ടുമുറ്റത്തും പറമ്പിലും വളർത്തിയെടുക്കാനാകും. വലിയ പരിചരണം ആവശ്യമില്ലെന്നത് അവകാഡോ കൃഷിയുടെ പ്രത്യേകതയാണ്. കേരളത്തിൽ വയനാട്ടിലും ഇടുക്കിയിലും അവകാഡോ വ്യാവസായികമായി കൃഷി ചെയ്യുന്നുണ്ട്.
മൂന്നുതരം അവക്കാഡോകള്‍ ഉണ്ട്. മെക്സിക്കന്‍, ഗ്വാട്ടിമാലന്‍, വെസ്റ്റിന്ത്യന്‍. ഇതില്‍ മെക്സിക്കന്‍ ഇനത്തിന്‍റെ കായ്കള്‍ തീരെ ചെറുതാണ്. പൂത്തു കഴിഞ്ഞാല്‍ 8 മാസം മതി കായ്കള്‍ മൂപ്പാകാന്‍. അല്‍പ്പം കൂടെ വലിയ കായ്കളാണ് ഗ്വാട്ടിമാലന്‍ അവക്കാഡോയുടേത്. ഇത് മൂത്തു പഴുക്കാന്‍ ഒന്‍പതു മുതല്‍ പന്ത്രണ്ടു മാസം വേണം. ഇടത്തരം വലുപ്പമുള്ള കായ്കളാണ് വെസ്റ്റിന്ത്യന്‍ ഇനത്തിന്‍റെ പ്രത്യേകത. കായ്കള്‍ക്ക് മൂപ്പാകാന്‍ ഒമ്പതു മാസം വേണം.

ഏകദേശം 20 മീറ്ററോളം ഉയരത്തില്‍ വളരുന്ന നിത്യഹരിതമരമാണ് അവക്കാഡോ. ശാഖകള്‍ തിരശ്ചീനമായി വളരുന്നു. വേരുകള്‍ അധികം ആഴത്തില്‍ ഓടില്ല. ഇലകള്‍ വലുതും പരുപരുത്തതും. തളിരിലകള്‍ക്ക് ഇളം ചുവപ്പായിരിക്കും. മൂത്താല്‍ കടുംപച്ചയാകും. ചില്ലകളുടെ അഗ്രഭാഗത്ത് പൂക്കളുണ്ടാകും. ഓരോ പൂവും രണ്ടു തവണ വിരിയും. ആദ്യം വിരിയുമ്പോള്‍ പെണ്‍പൂവായും രണ്ടാമത് ആണ്‍പൂവായും ഇത് പ്രവര്‍ത്തിക്കും. അതിനാല്‍ പരപരാഗണമാണ് ഇതില്‍ നടക്കുന്നത്. കായ് വലുതും മാംസളവും ഒറ്റവിത്തുള്ളതുമാണ്. കായുടെ പരമാവധി നീളം 20 സെ.മീറ്റര്‍. പുറംതൊലിക്ക് ഇളംപച്ചയോ പിങ്കോ നിറം. ഉള്‍ക്കാമ്പിന്‍റെ നിറം മഞ്ഞയോ മഞ്ഞ കലര്‍ന്ന പച്ചയോ. ഉള്‍ക്കാമ്പ് ആദ്യം ദൃഢമായിരിക്കുമെങ്കിലും പഴുക്കുമ്പോള്‍ മൃദുവും വെണ്ണയുടെ പരുവത്തിലാകുകയും ചെയ്യും.
വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണിലും അവക്കാഡോ വളരും. വിത്തു മുളപ്പിച്ചാണ് തൈകള്‍ സാധാരണ തയാറാക്കുന്നത്. കായില്‍നിന്നു വേര്‍പെടുത്തിയ വിത്ത് രണ്ടുമൂന്നാഴ്ചയ്ക്കുള്ളില്‍ പാകണം. സൂക്ഷിപ്പു നീണ്ടാല്‍ മുളയ്ക്കല്‍ശേഷി കുറയും. മുളയ്ക്കാന്‍ 50-100 ദിവസം വേണം. വിത്തുകള്‍ ജൂലൈ മാസം ശേഖരിച്ച് വളമിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചികളില്‍ നടുന്നു. കമ്പുകള്‍ വേരു പിടിപ്പിച്ചും പുതിയ തൈകള്‍ ഉല്‍പ്പാദിപ്പിക്കാം. ഇതിനു പുറമേ പതിവയ്ക്കല്‍, ഗ്രാഫ്റ്റിങ്, ബഡ്ഡിങ് മുതലായ രീതികളും അവക്കാഡോയില്‍ വിജയകരമായി നടത്താം. ഇതിന് പെന്‍സില്‍ കനമുള്ള കമ്പുകള്‍ വിത്തു മുളപ്പിച്ചെടുത്ത അവക്കാഡോ തൈയില്‍തന്നെയാണ് ഒട്ടിക്കുക.

അവകാഡോയുടെ ഏതാനും ഗുണങ്ങള്‍
ഇരുപതോളം വ്യത്യസ്ത ഇനം ജീവകങ്ങളും ധാതുക്കളും വെണ്ണപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. 100 ഗ്രാം വെണ്ണപ്പഴത്തിൽ ജീവകം K (26%), ഫോളേറ്റ് (20%), ജീവകം C (17%), പൊട്ടാസ്യം (14%), ജീവകം B5 (14%), ജീവകം B6, (13%), ജീവകം E (10%) എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ചെറിയ അളവിൽ മഗ്നീഷ്യം, മാംഗനീസ്, കോപ്പർ, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, ജീവകം 4, B1 (തയാമിന്‍), B2 (റൈബോഫ്ലോവിൻ) ബി 3 (നിയാസിൻ) ഇവയും അടങ്ങിയിട്ടുള്ള വെണ്ണപ്പഴത്തിൽ 2 ഗ്രാം മാംസ്യം, 15 ഗ്രാം ആരോഗ്യമായ കൊഴുപ്പുകൾ ഇവ അടങ്ങിയിരിക്കുന്നു.
അവക്കാഡോ പതിവായി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ കൂടാനും ഗുണം ചെയ്യും. ഇതിലുള്ള ആരോഗ്യകരമായ കൊഴുപ്പുകളാണ് ഇതിന് സഹായിക്കുന്നത്. അതിനൊപ്പം ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉപകരിക്കും.
