അവധിക്കാല ക്യാമ്പുകൾ മികച്ച സർഗ്ഗാത്മക വേദികൾ

പൊതു ഇടങ്ങൾ ഇല്ലാതാകുന്ന പുതിയ ഡിജിറ്റൽ കാലഘട്ടത്തിൽ അവധിക്കാല ക്യാമ്പുകൾ വിദ്യാർഥികളുടെ സർഗ്ഗാത്മക വേദികളായി മാറിയതായി വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോർജ്. സംസ്ഥാന ശിശുക്ഷേമ സമിതി തൈക്കാട് സംഘടിപ്പിച്ച കിളിക്കൂട്ടം അവധിക്കാല ക്യാമ്പിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു മന്ത്രി. മാധ്യമപ്രവർത്തക എന്ന രീതിയിൽ ജനങ്ങൾക്ക് വേണ്ടി വാദിക്കാൻ കഴിഞ്ഞു. മന്ത്രി എന്ന നിലയിൽ ജനങ്ങൾക്കാവശ്യമായത് ചെയ്യാൻ കഴിയുന്നുവെന്ന് മന്ത്രി വിദ്യാർഥികളുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. രോഗികളുടെയും വനിതകളുടെയും കുട്ടികളുടെയും കാര്യങ്ങളിൽ ഇടപെട്ട് പരിഹാരം കാണാൻ കഴിയുന്നത് മികച്ച അനുഭവമാണ്. വിദ്യാർഥികൾക്ക് വരുന്ന വർഷത്തോടെ സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം നടപ്പാക്കും. വിദ്യാർഥികൾക്ക് സ്‌കൂളുകളിൽ വാർഷിക സൗജന്യ ആരോഗ്യ പരിശോധന പരിപാടികൾ പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടപ്പാക്കും. സൗജന്യവും സാർവത്രികവും നൂതനവും നവീനവുമായ ചികിത്സ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ക്യാമ്പംഗങ്ങളായ വിദ്യാർഥികൾ  വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.കേരള ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി, ജോയിന്റ് സെക്രട്ടറി മീര ദർശക്, ട്രഷറർ കെ ജയപാൽ, ദേശീയ ശിശുക്ഷേമ സമിതി അംഗം കെ കൃഷ്ണൻ, ക്യാമ്പ് ഡയറക്ടർ എൻ എസ് വിനോദ് എന്നിവർ സംബന്ധിച്ചു. ക്യാമ്പംഗങ്ങളായ വിദ്യാർഥികൾക്ക് മധുരം വിതരണം ചെയ്താണ് മന്ത്രി മടങ്ങിയത്.