‘ബ്രഹ്മപുരം തീ ജൈവമാലിന്യങ്ങൾ നിക്ഷേപിച്ചതുകൊണ്ട്; ഉത്തരവാദിത്വം ഞങ്ങൾക്കല്ല’: സോണ്ട ഇൻഫ്രാടെക് എം.ഡി

 ബ്രഹ്മപുരം തീപിടിത്തത്തിന് കാരണം ജൈവമാലിന്യങ്ങൾ നിക്ഷേപിച്ചതുകൊണ്ടാണെന്ന് സോണ്ട ഇൻഫ്രാടെക് എം.ഡി രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള പറഞ്ഞു. തീപിടിത്തത്തിന്‍റെ ഉത്തരവാദിത്വം തങ്ങൾക്കല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബ്രഹ്മപുരത്ത് കരാര്‍ കിട്ടിയത് യോഗ്യതയുള്ളതിനാലെണെന്നും രാജ്കുമാർ അവകാശപ്പെട്ടു.

ബ്രഹ്മപുരത്ത് കരാര്‍ നേടിയത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചല്ല. ബയോമൈനിങ് മുന്‍പരിചയമുണ്ട്. അതിനലാണ് കമ്പനിക്ക് കരാര്‍ കിട്ടിയതെന്നും രാജ്കുമാർ പറഞ്ഞു. ബ്രഹ്മപുരത്ത് ബയോ മൈനിങ് 32 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. ബ്രഹ്മപുരത്ത് ജൈവമാലിന്യങ്ങള്‍ നിക്ഷേപിച്ചതിനാലാണ് തീപിടിച്ചത്. പ്രതിദനം കണക്കില്ലാതെ മാലിന്യം ബ്രഹ്മപുരത്ത് കൊണ്ട് വന്നതിന്റെ ഉത്തരവാദിത്തം കമ്പനിക്കല്ലെന്നും രാജ്കുമാർ പറഞ്ഞു.

കൊല്ലത്തെ പദ്ധതിയില്‍ നിന്ന് സ്വയം പിന്മാറിയതാണെന്ന് രാജ്കുമാർ പറഞ്ഞു. കണ്ണൂരില്‍ കരാറില്‍ പറഞ്ഞതിന്റെ നാലിരട്ടി വരുമെന്ന് കണ്ടു. 500 കോടി രൂപ പ്രൊജക്‌ട് നിലനില്‍ക്കുമ്പോള്‍ ആരെങ്കിലും മാലിന്യം കത്തിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.