കനേഡിയൻ സ്റ്റഡി പെർമിറ്റിന് അപേക്ഷിക്കാൻ അന്താരാഷ്ട്ര വിദ്യാർത്ഥികൾ ട്യൂഷൻ ഫീസ് നൽകേണ്ട; സുപ്രധാന വിധിയുമായി ഫെഡറൽ കോടതി

കനേഡിയൻ സ്റ്റഡി പെർമിറ്റിന് അപേക്ഷിക്കുന്നതിന് അന്താരാഷ്ട്ര വിദ്യാർത്ഥികൾ ട്യൂഷൻ ഫീസ് മുഴുവനായോ ഭാഗികമായോ നൽകേണ്ടതില്ലെന്ന് ഫെഡറൽ കോടതിയുടെ വിധി. തങ്ങൾക്ക് ട്യൂഷൻ ഫീസ് നൽകാനാകും എന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ വിദ്യാർത്ഥികൾക്ക് സ്റ്റഡി പെർമിറ്റിന് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുമ്പോൾ ട്യൂഷൻ ഫീസ് അടക്കാത്തവർക്ക് പിഴ ഈടാക്കില്ല. ഒരു ഇറാനിയൻ വിദ്യാർത്ഥിയുടെ ഹർജി പരി​ഗണിച്ചു കൊണ്ടാണ് കോടതി സുപ്രധാനമായ വിധി പ്രസ്താവിച്ചത്. ട്യൂഷൻ ഫീസ് നൽകാത്തതിന്റെ പേരിൽ ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആര്‍സിസി) ഈ വിദ്യാർത്ഥിക്ക് സ്റ്റഡി പെർമിറ്റ് നൽകാൻ വിസമ്മതിച്ചിരുന്നു.

കാനഡയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസകരമായ വിധിയാണിത്. കാനഡയിലേക്ക് പഠിക്കാൻ പോകാൻ ഉദ്ദേശിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്കും ഈ വിധി ആശ്വാസമാകും. ‌‌

2022 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ 807,750 അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് സാധുവായ സ്റ്റഡി പെർമിറ്റ് ഉണ്ട്. ഇത് എക്കാലത്തെയും ഉയർന്ന നമ്പറാണ്. 319,130 വർക്ക് പെർമിറ്റുള്ള ​​വിദ്യാർത്ഥികളുമായി ഇന്ത്യക്കാർ തന്നെയാണ് ഇക്കാര്യത്തിലും മുന്നിൽ. ചൈന (100,075 വിദ്യാര്‍ത്ഥികള്‍), ഫിലിപ്പീന്‍സ് (32,455 വിദ്യാര്‍ത്ഥികള്‍) എന്നിവര്‍ ഇക്കാര്യത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി.

Verified by MonsterInsights