കര്‍വ് ഇവി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ‘കേരള യാത്ര’ നടത്താം.

ടാറ്റ മോട്ടോര്‍സ് അടുത്തിടെയാണ് ഇന്ത്യന്‍ വാഹന പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൂപ്പെ എസ്‌യുവിയായ കര്‍വ് (Tata Curvv) പ്രൊഡക്ഷന്‍ രൂപത്തില്‍ അവതരിപ്പിച്ചത്. ഐസിഇ, ഇലക്ട്രിക് പതിപ്പുകളുടെ ഔദ്യോഗിക ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ച ടാറ്റ പുറത്തുവിട്ടിരുന്നു. അതേ സമയം ഇന്റീരിയര്‍ ഡിസൈനും ഫീച്ചറുകളുമടക്കമുള്ള പ്രധാന വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ കാറിന്റെ ഫീച്ചര്‍ ലിസ്റ്റ് ലോഞ്ചിന് മുമ്പേ ചോര്‍ന്നു. സമാനമായ രീതിയില്‍ ടാറ്റ കര്‍വ് ഇവിയുടെ (Tata Curvv EV) ബാറ്ററി പായ്ക്ക്, റേഞ്ച് വിശദാംശങ്ങള്‍ ഇപ്പോള്‍ ഡീലര്‍ ഉറവിടങ്ങള്‍ വഴി പുറത്തുവന്നിട്ടുണ്ട്. ടാറ്റ കര്‍വ് ഇവിയുടെ ബാറ്ററി സവിശേഷതകള്‍ വിശദമായി ചുവടെ വായിക്കാം.ടാറ്റ കര്‍വ് ഇവി 2024 ഓഗസ്റ്റ് ഏഴിനാണ് പുറത്തിറങ്ങാന്‍ പോകുന്നത്. ഇലക്ട്രിക് പതിപ്പ് പുറത്തിറക്കിയ ശേഷമാകും ഐസി എഞ്ചിന്‍ പതിപ്പുകള്‍ വില്‍പ്പനക്ക് എത്തുക. ലോഞ്ചിന് മുന്നോടിയായി ഇലക്ട്രിക് എസ്‌യുവിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത് തുടരുകയാണ്. മറ്റ് ടാറ്റ ഇവികളെപ്പോലെ കര്‍വ് ഇവിക്കും രണ്ട് ബാറ്ററി ഓപ്ഷനുകള്‍ ഉണ്ടാകും. ടോപ് വേരിയന്റുകള്‍ക്ക് 55kWh ബാറ്ററി പായ്ക്ക് ലഭിക്കും.

അതേസമയം താഴ്ന്ന വേരിയന്റുകളില്‍ നെക്‌സോണ്‍ ഇവി LR മോഡലില്‍ നിന്ന് 40.5kWh ബാറ്ററി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 55kWh യൂണിറ്റായിരിക്കും ടോപ്പ്-സ്‌പെക്ക് പതിപ്പ്. ഞങ്ങളുടെ ഉറവിടങ്ങള്‍ അനുസരിച്ച് ഈ ബാറ്ററി പായ്ക്കിന്റെ ക്ലെയിംഡ് റേഞ്ച് 600 കിലോമീറ്ററാണ്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ 400 മുതല്‍ 450 കിലോമീറ്റര്‍ വരെ ഓടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് കര്‍വ് ഇവി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെ പോകാം.40.5kWh ബാറ്ററിയുടെ ARAI അവകാശപ്പെടുന്ന റേഞ്ച് 465 കിലോമീറ്ററാണ്. കര്‍വ് ഇവിയുടെ വരാനിരിക്കുന്ന എതിരാളികളായ ക്രെറ്റ ഇവി, മാരുതി eVX എന്നിവ യഥാക്രമം 45kWh, 60kWh ബാറ്ററികള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കര്‍വ് ഇവിയുടെ രണ്ട് വേരിയന്റുകള്‍ക്കും ഫ്രണ്ട്-ആക്സില്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് ലഭിക്കുക. ആഗസ്ത് ഏഴിന് വാഹനം പുറത്തിറങ്ങുന്നതിനാല്‍ കൃത്യമായ സ്‌പെസിഫിക്കേഷനുകള്‍ അന്ന് അറിയാം.

Verified by MonsterInsights