നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി?

സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീണ്ടേക്കും. സംസ്ഥാനത്ത് പൊതുവിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കൻ ജില്ലകളിൽ പ്രത്യേകിച്ചും പരിശോധനകൾ വർദ്ധിപ്പിക്കാനാണ് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനമായിരിക്കുന്നത്. എന്തെല്ലാം ഇളവുകൾ വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ജില്ലാ കളക്ടർമാരുടെ യോഗം മുഖ്യമന്ത്രി നാളെ വിളിച്ചിട്ടുണ്ട്. നാളെ വൈകിട്ട് മൂന്നരയ്ക്കുള്ള യോഗശേഷം വൈകിട്ടത്തെ വാർത്താസമ്മേളനത്തിലാവും ലോക്ക്ഡൗൺ നിയന്ത്രണം എങ്ങനെയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുക. 

friends travels

ടെസ്റ്റുകൾ പൊതുവിൽ സംസ്ഥാനത്ത് കൂട്ടിയതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടാൻ കാരണമെന്ന് വിദഗ്ധ സമിതി യോഗത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തെ നിലവിലെ സ്ഥിതി ആശങ്കാ ജനകമല്ല, എന്നാൽ ജാഗ്രത വേണം. കൃത്യമായി ടെസ്റ്റുകൾ നടത്തുന്നതിനാലാണ് ടെസ്റ്റ് പോസിറ്റിവിറ്റി പത്തിന് മുകളിൽത്തന്നെയായി തുടരുന്നതെന്നും വിദഗ്ധസമിതി വിലയിരുത്തുന്നു. നിയന്ത്രണങ്ങൾ തുടരണമെന്നാണ് പൊലീസും ആരോഗ്യവകുപ്പും യോഗത്തിൽ ആവശ്യപ്പെട്ടത്. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിൽ നാളെ ജില്ലാ കളക്ടർമാരുമായി നടത്തുന്ന യോഗത്തിലെ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും ലോക്ക്ഡൗൺ ഇളവുകളിലെ തീരുമാനം വരിക. 

oetposter2

ഇതിനിടെ സംസ്ഥാനത്ത് കേന്ദ്രസംഘം കൊവിഡ് വ്യാപനവും ഇതിനെ തടയാനുള്ള സജ്ജീകരണങ്ങളും വിലയിരുത്താനായി ഇന്ന് രാവിലെ എത്തി. കേരളത്തിലെ ചികിത്സാ സൗകര്യങ്ങളടക്കം പരിശോധിക്കാനെത്തിയ കേന്ദ്രസംഘം, മൂന്നാം തരംഗം മുൻകൂട്ടി കണ്ട് ജാഗ്രതയോടെ നടപടികളെടുക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെ ചികിത്സാ സൗകര്യങ്ങൾ പരിശോധിച്ച കേന്ദ്രസംഘം തൃപ്തി രേഖപ്പെടുത്തി. 

afjo ad

ഇ സഞ്ജീവനി വഴി 2 ലക്ഷത്തിലധികം പേർ ചികിത്സ തേടി

കോവിഡ് കാലത്ത് മലയാളികളുടെ ഇടയിൽ വളരെ വേഗം പ്രചരിച്ച സർക്കാരിന്റെ സൗജന്യ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി മറ്റൊരു നാഴികക്കല്ല്  പിന്നിട്ടിരിക്കുകയാണ്. 2020 ജൂൺ 10ന് ആരംഭിച്ച ഇ സഞ്ജീവനി വഴി രണ്ട് ലക്ഷത്തിലധികം (2,00,700) പേരാണ് ചികിത്സ തേടിയത്. രണ്ടായിരത്തോളം പേർ പ്രതിദിനം ഇ സഞ്ജീവനി വഴി ചികിത്സ തേടുന്നു. രണ്ടായിരത്തി അഞ്ഞുറോളം ഡോക്ടർമാർ സേവന സന്നദ്ധരായുണ്ട്.

afjo ad

ഇ സഞ്ജീവനി സേവനം പരമാവധി ആളുകൾ ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. കോവിഡ് സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് പതിവ് ഒപി ചികിത്സക്കായുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കി ഓൺലൈൻ വഴി ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന രീതിയിലാണ് ഇ സഞ്ജീവനി വികസിപ്പിച്ചിട്ടുള്ളത്. സ്പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാകും. ഇ സഞ്ജീവനി പ്ലാറ്റ്ഫോമിലൂടെ ഡോക്ടർമാർ നൽകുന്ന കുറിപ്പടികൾ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ മരുന്നുകൾ സൗജന്യമായി ലഭിക്കും. കുറിപ്പടി പ്രകാരം ആശുപത്രിയിൽ ലഭ്യമായ പരിശോധനകളും അതത് ആശുപത്രി നിരക്കിൽ ചെയ്യാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

സൈക്യാട്രി, ശിശുരോഗ വിഭാഗം, ഹൃദ്രോഗ വിഭാഗം, ഗൈനക്കോളജി തുടങ്ങിയ സ്പെഷ്യാലിറ്റി ഒപി സേവനങ്ങൾ ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ ഡോക്ടർമാർ നൽകുന്നു. മെഡിക്കൽ കോളേജുകളുടേയും ആയുഷ് വകുപ്പിന്റേയും സേവനങ്ങളും ഇ സഞ്ജീവനിയിൽ ലഭ്യമാണ്. കോവിഡ് ഒ.പി സേവനം 24 മണിക്കൂറും ലഭിക്കും. കുട്ടികളുടെ വിവിധ പ്രശ്നങ്ങൾക്കായുള്ള ക്ലിനിക്കുകളും പ്രവർത്തിക്കുന്നുണ്ട്. ആർസിസി, മലബാർ കാൻസർ സെന്റർ, കൊച്ചി കാൻസർ സെന്റർ എന്നിവയുടെ സേവനവും ലഭ്യമാണ്.

കിളിക്കൊഞ്ചൽ എല്ലാ വീട്ടിലും: 14,102 കുട്ടികൾക്ക് പ്രീ സ്‌കൂൾ കിറ്റ്

സംസ്ഥാനത്ത് ഇന്റർനെറ്റ് സൗകര്യമോ ടി.വി. സൗകര്യമോ ലഭ്യമല്ലാത്ത കുട്ടികൾക്ക് പ്രീ സ്‌കൂൾ കിറ്റ് നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട കുലശേഖരപതിയിലെ 92-ാം നമ്പർ അങ്കണവാടിയിലെ കുട്ടിയ്ക്കുള്ള കിറ്റ് നൽകി കൊണ്ട് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഇത്തരത്തിലുള്ള 14,102 കുട്ടികളുടെ പ്രീ സ്‌കൂൾ പഠനം ഉറപ്പ് വരുത്തുന്നതിനാണ് പ്രീ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നത്. 

                  അങ്കണവാടികളിലെ ആക്ടിവിറ്റി ബുക്ക്, ചാർട്ട് പേപ്പറുകൾ, ക്രയോൺ എന്നിവയാണ് കിറ്റിലുള്ളത്. പ്രീ സ്‌കൂൾ കിറ്റെത്തിക്കുന്ന പ്രവർത്തനം വരും ദിവസങ്ങളിൽ തന്നെ പൂർത്തിയാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോവിഡ് കാലത്ത് കുട്ടികളുടെ പ്രീ സ്‌കൂൾ പഠനം മുടങ്ങാതിരിക്കാനാണ് 2020 ജൂൺ മാസം മുതൽ വനിത ശിശുവികസന വകുപ്പ് കിളിക്കൊഞ്ചൽ എന്ന പരിപാടി വിക്‌ടേഴ്‌സ് ചാനലിൽ ആരംഭിച്ചത്. 2021ൽ രണ്ടാം ഭാഗവും ആരംഭിച്ചു. എങ്കിലും ഇന്റർനെറ്റും ടി.വി. സിഗ്നലുകൾ ഇല്ലാത്തതും കാരണം കുറേ കുട്ടികൾക്ക് ഇത് കാണാൻ സാധിക്കാതെ വരുന്നെന്ന് മനസിലായി. അവരെ കൂടി പ്രീ സ്‌കൂൾ പഠനത്തിന്റെ ഭാഗമാക്കാനാണ് ഇത്തരമൊരു പദ്ധതി വകുപ്പ് ആവിഷ്‌ക്കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 


മുൻസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ, വാർഡ് കൗൺസിലർ അഷറഫ്, ജില്ലാ വനിത ശിശുവികസന ഓഫീസർ തസ്‌നിം, പ്രോഗ്രാം ഓഫീസർ നിഷ നായർ തുടങ്ങിയവർ പങ്കെടുത്തു.

ഇക്വഡോറിനെ പൂട്ടി അർജന്‍റീന; കോപ്പ അമേരിക്ക സെമി ലൈനപ്പായി

റിയോ: കോപ്പ അമേരിക്ക ക്വാർട്ടറില്‍ ഇക്വഡോറിനെതിരെ അർജന്‍റീന വിജയിച്ചതോടെ സെമി ഫൈനല്‍ ലൈനപ്പായി. സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ പെറുവിനെയും അർജന്‍റീന കൊളംബിയയേയും നേരിടും. ലിയോണല്‍ മെസി ഇരട്ട അസിസ്റ്റും ഒരു ഗോളുമായി കളംനിറഞ്ഞ മത്സരത്തില്‍ 3-0നാണ് അർജന്‍റീന ഇക്വഡോറിനെ മലർത്തിയടിച്ചത്. 

മെസി-മാർട്ടിനസ്-ഗോണ്‍സാലസ് സഖ്യത്തെ ആക്രമണത്തിന് നിയോഗിച്ച് 4-3-3 ശൈലിയില്‍ ശക്തമായ സ്റ്റാർട്ടിംഗ് ഇലവനുമായാണ് അർജന്‍റീന മൈതാനത്തിറങ്ങിയത്. വലന്‍സിയയും മെനയും പലാസ്യാസും അണിനിരന്ന മുന്നേറ്റനിരയുമായി ഇക്വഡോറിനും 4-3-3 ഫോർമേഷനായിരുന്നു കളത്തില്‍. ആദ്യപകുതിയില്‍ 40-ാം മിനുറ്റില്‍ അർജന്‍റീന മത്സരത്തില്‍ മുന്നിലെത്തി. ലിയോണല്‍ മെസിയുടെ അസിസ്റ്റില്‍ മധ്യനിരതാരം റോഡ്രിഗോ ഡി പോളാണ് ഗോള്‍ നേടിയത്. ഗോണ്‍സാലിന്‍റെ മുന്നേറ്റം ബോക്സിന് പുറത്തുവച്ച് ഇക്വഡോർ ഗോളി ഗാലിന്‍ഡസ് തടുത്തെങ്കിലും പന്ത് കാല്‍ക്കലെത്തിയ മെസി, ഡി പോളിന് മറിച്ചുനല്‍കിയതോടെ വല ചലിക്കുകയായിരുന്നു. റോഡ്രിഗോ ഡി പോളിന്‍റെ ആദ്യ അന്താരാഷ്‍ട്ര ഗോളാണിത്.

ഡി മരിയ 71-ാം മിനുറ്റില്‍ കളത്തിലെത്തിയതോടെ അർജന്‍റീനന്‍ വേഗം ഇരട്ടിച്ചു. അർജന്‍റീന 84-ാം മിനുറ്റില്‍ ലീഡ് രണ്ടാക്കി. ഇക്വഡോർ പ്രതിരോധപ്പിഴവില്‍ പന്ത് റാഞ്ചി ലിയോണല്‍ മെസി നല്‍കിയ അസിസ്റ്റില്‍ മാർട്ടിനസാണ് ലക്ഷ്യം കണ്ടത്. ഇഞ്ചുറിടൈമില്‍ ഏഞ്ചല്‍ ഡി മരിയയെ ബോക്സിന് തൊട്ടുപുറത്ത് ഫൗള്‍ ചെയ്തതിന് അർജന്‍റീനക്ക് അനുകൂലമായി ഫ്രീകിക്ക് വിധിച്ചു. രണ്ടാം മഞ്ഞക്കാർഡ് കിട്ടിയ ഹിന്‍കാപ്പി ചുവപ്പ് കാർഡ് കണ്ടു മടങ്ങുകയും ചെയ്തു. ഫ്രീകിക്കെടുത്ത മെസി സുന്ദരമായി പന്ത് വലയിലേക്ക് ചരിച്ചുവിട്ടു. 

അതേസമയം ഉറുഗ്വേയെ പെനാല്‍റ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് കൊളംബിയ സെമിയിലെത്തിയത്. രണ്ട് സേവുകളുമായി  നായകന്‍ കൂടിയായ ഡേവിഡ് ഒസ്പീനയാണ് കൊളംബിയയുടെ വിജയശില്‍പി. ബ്രസീല്‍-പെറു ആദ്യ സെമി ആറാം തിയതി ഇന്ത്യന്‍ സമയം പുലർച്ചെ 4.30നും അർജന്‍റീന-കൊളംബിയ രണ്ടാം സെമി ഏഴാം തിയതി പുലർച്ചെ 6.30നും നടക്കും. 

സഹകരണ സ്റ്റാമ്പ് പ്രകാശനം ചെയ്തു

സഹകരണ ദിനത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കാൻ സംസ്ഥാന സഹകരണ യൂണിയൻ പുറത്തിറക്കിയ സഹകരണ സ്റ്റാമ്പിന് കഴിയുമെന്ന് സഹകരണം-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. അന്തർദേശീയ സഹകരണ ദിനത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ യൂണിയൻ പുറത്തിറക്കിയ സഹകരണ സ്റ്റാമ്പ് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ സ്‌നേഹം വളർത്താനും സഹകരണ സന്ദേശം പൊതു ജനങ്ങളിൽ എത്തിക്കാനും ഇത്തരം നടപടികൾ സഹായകരമാവുമെന്നും സഹകരണ മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. അഡീഷണൽ രജിസ്ട്രാർ- സെക്രട്ടറി ഗ്ലാഡി ജോൺ പുത്തൂർ, ജനറൽ മാനേജർ ജി. ഗോപകുമാർ, ഡിജിഎം എം.ബി അജിത്കുമാർ എന്നിവർ സംബന്ധിച്ചു.

koottan villa

സ്വിസ് പ്രതിരോധവും കടന്ന് സ്‌പെയ്ന്‍; സെമിയില്‍ കടന്നത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: സ്വിറ്റ്‌സര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് സ്‌പെയ്ന്‍ യൂറോ കപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും സ്‌കോര്‍ 1-1. ഡെന്നിസ് സക്കറിയയുടെ സെല്‍ഫ് ഗോളിലൂടെ സ്‌പെയ്ന്‍ ലീഡ് നേടി. സെദ്രാന്‍ ഷാകീരിയുടെ വകയായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മറുപടി ഗോള്‍. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 1-3ന് സ്‌പെയ്ന്‍ ജയം കണ്ടു. 77-ാം മിനിറ്റില്‍ റെമോ ഫ്രെവുലര്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായത് സ്വിസ് പടയ്ക്ക് തിരിച്ചടിയായി. 

ഗോള്‍മഴയുടെ സൂചന നല്‍കി എട്ടാം മിനിറ്റില്‍ തന്നെ സ്‌പെയ്ന്‍ മുന്നിലെത്തി. കോക്കെയുടെ കോര്‍ണറില്‍ ജോര്‍ഡി ആല്‍ബയുടെ വോളി പ്രതിരോധതാരം ഡെന്നിസ് സക്കറിയയുടെ കാലില്‍ തട്ടി വലയിലേക്ക്. 17-ാം മിനിറ്റില്‍ കോക്കെയുടെ ഫ്രീകിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 25-ാം മിനിറ്റില്‍ കോക്കെയുടെ മറ്റൊരു കോര്‍ണറില്‍ അസ്പ്ലിക്വേറ്റയുടെ ഒരു ഫ്രീ ഹെഡ്ഡര്‍ യാന്‍ സോമ്മര്‍ കയ്യിലൊതുക്കിയതോടെ ആദ്യ പകുതിക്ക് വൈകാതെ അവസാനമായി.

രണ്ടാം പകുകിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നേറ്റം കടുപ്പിച്ചു. 64-ാം മിനിറ്റില്‍ റൂബന്‍ വര്‍ഗാസ് ഒരുക്കികൊടുത്ത അവസരം സ്റ്റീവന്‍ സുബര്‍ പാഴാക്കി. താരത്തിന്റെ ശക്തിയില്ലാത്ത ഷോട്ട് സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനൈ സിമോണ്‍ രക്ഷപ്പെടുത്തി. 68-ാം മിനിറ്റില്‍ സ്പാനിഷ് പ്രതിരോധത്തിലെ പൊരുത്തമില്ലായ്മ സ്വിറ്റ്‌സര്‍ലന്‍ഡിന് സമനില ഗോള്‍ സമ്മാനിച്ചു. അയ്മറിക് ലാപോര്‍ട്ട്, പൗ ടോറസ് എന്നിവരുടെ പിഴവില്‍ നിന്ന് പന്ത് തട്ടിയെടുത്ത സെദ്രാന്‍ ഷാകീരി വല കുലുക്കി.

77-ാം മിനിറ്റില്‍ റെമോ ഫ്രെവുലര്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായത് സ്വിസിന് തിരിച്ചടിയായി. എങ്കിലും നിശ്ചിത സമയം വരെ പ്രതിരോധിച്ച് നില്‍ക്കാന്‍ അവര്‍ക്കായി. 84-ാം മിനിറ്റില്‍ ജെറാര്‍ഡ് മൊറേനൊയുടെ ഷോട്ട് സോമ്മര്‍ രക്ഷപ്പെടുത്തി. മത്സരം അധികസമയത്തേക്ക് നീണ്ടപ്പോല്‍ 92-ാം മിറ്റില്‍ മൊറോനോ ബോകില്‍ നിന്ന് തൊടുത്ത ഷോട്ടും സോമ്മര്‍ രക്ഷപ്പെടുത്തി. പത്തോളം ഷോട്ടുകളാണ് സോമ്മര്‍ രക്ഷപ്പെടുത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും സ്വിറ്റ്‌സര്‍ലന്‍ഡിനെ സംരക്ഷിച്ച് നിര്‍ത്തിയത് സോമ്മറിന്റെ പ്രകടനമാണ്.

മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. സ്‌പെയ്‌നിന് വേണ്ടി കിക്കെടുത്ത സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന് പിഴച്ചു. താരത്തിന്റെ ചിപ് ഷോട്ട് പോസ്റ്റില്‍ തട്ടിമടങ്ങി. സ്വിസിനായി കിക്കെടുത്ത മാരിയോ ഗാവ്രനോവിച്ച് ലക്ഷ്യം തെറ്റിച്ചില്ല. ഡാനി ഓല്‍മോ സ്‌പെയ്‌നിനെ ഒപ്പമെത്തിച്ചു. സ്വിസ് താരം ഫാബിയന്‍ ഷാറിന് പിഴക്കുകയും ചെയ്തു. മൂന്നാം കിക്കെടുത്ത ഇരു ടീമിലേയും താരങ്ങള്‍ക്ക് ലക്ഷ്യം തെറ്റി. സ്‌പെയ്‌നിന് റോഡ്രിയും സ്വിസിനായി മാനുവല്‍ അകഞിയുമാണ് കിക്കെടുത്തത്. സ്‌പെയ്‌നിനായി നാലാം കിക്കെടുത്ത ജെറാര്‍ഡ് മൊറേനോ ഗോള്‍വര കടത്തി. എന്നാല്‍ സ്വിസ് താരം റുബന്‍ വര്‍ഗാസിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. മികേല്‍ ഒയര്‍സബാള്‍ ലക്ഷ്യം കണ്ടതോടെ സ്‌പെയ്‌നിന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 3-1ന്റെ ജയം.

യുട്യൂബിലൂടെ പഠനം, മൈക്രോസോഫ്റ്റിലെ ഗുരുതര തകരാര്‍ പരിഹരിച്ചു; ഇന്ത്യന്‍ വനിതാ ഹാക്കറിന് 22 ലക്ഷം രൂപ സമ്മാനം

മൈക്രോസോഫ്റ്റിലെ ഗുരുതര സുരക്ഷാ വീഴ്ച പരിഹരിച്ച ഇന്ത്യന്‍ വനിതാ ഹാക്കറിന് 22 ലക്ഷം രൂപ പ്രതിഫലം. കോട്ട സ്വദേശിയായ അദിതി സിംഗാണ് മൈക്രോ സോഫ്റ്റില്‍ നിന്നും അഭിമാനാര്‍ഹമായ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്‍റെ പ്രശസ്തമായ ക്ലൌഡ് പ്ലാറ്റ്ഫോമായ അസൂറിലെ റിമോട്ട് കോഡ് എക്സിക്യൂഷന്‍ ബഗിനെയാണ് അദിതി കണ്ടെത്തി പരിഹാരം ചെയ്തത്.

20 വയസ് പ്രായമുള്ള അദിതി സ്വന്തമായാണ് എത്തിക്കല്‍ ഹാക്കിംഗ് വിദ്യ പരിശീലിച്ചത്. സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് ആകണമെന്നല്ല തന്‍റെ ആഗ്രഹമെന്ന് അദിതി ദേശീയമാധ്യമങ്ങളോട് പറഞ്ഞു. മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പരിശീലനത്തിനായി കോട്ടയിലെ സ്വകാര്യ സ്ഥാപനത്തിലെ പഠനമാണ് അദിതിയുടെ ജീവിതം മാറ്റിയത്. കംപ്യൂട്ടര്‍ സയന്‍സുമായി ബന്ധപ്പെട്ട് മുന്‍ പ്രാവീണ്യം തനിക്കില്ലെന്നും അദിതി വിശദമാക്കുന്നു. ഒരു വര്‍ഷം മുന്‍പ് മാത്രമാണ് ബ്ഗ് ബൌണ്ടി ഹണ്ടിംഗ് ആരംഭിച്ചതെന്നും അദിതി കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് മെഡിക്കല്‍ പഠനത്തില്‍ നിന്ന് അദിതി വഴി മാറിയത്.

ജാവാ സ്ക്രിപ്റ്റും മറ്റ് പ്രോഗ്രാമിംഗ് ഭാഷകളും യുട്യൂബിലൂടെയാണ് അദിതി പരിശീലിച്ചത്. മാപ് മൈ ഇന്ത്യ എന്ന സ്ഥാപനത്തിലെ സുരക്ഷാ വീഴ്ചയാണ് അദിതി ആദ്യം കണ്ടെത്തിയത്. ഇത് സ്ഥാപനത്തിന്‍റെ ശ്രദ്ധയിലെത്തിച്ചതിന് പിന്നാലെ ബിരുദമില്ലാതിരുന്നിട്ടും അദിതിയ്ക്ക് മാപ് മൈ ഇന്ത്യ ജോലി നല്‍കുകയായിരുന്നു. ബഗ് ഹണ്ടിംഗിലെ താല്‍പര്യമാണ് അദിതിയെ എത്തിക്കല്‍ ഹാക്കിംഗില്‍ വേറിട്ട് നിര്‍ത്തുന്നത്. മകളുടെ പ്രയത്നത്തിന് വന്‍തുക സമ്മാനം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് അദിതിയുടെ കുടുംബമുള്ളത്. 

sap feb 13 2021

കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്, കൊവിഡ് സാഹചര്യം വിലയിരുത്തും, സന്ദർശനം രോഗബാധ കുറയാത്ത പശ്ചാത്തലത്തിൽ

ലോക്ഡൌൺ അടക്കം നടത്തിയിട്ടും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകാത്ത പശ്ചാത്തലത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രസർക്കാർ തീരുമാനം. കേരളമടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തി സ്ഥിതി ഗതികൾ വിലയിരുത്തും. രോഗവ്യാപനം കുറയാത്തതിനാലാണ് വീണ്ടും സന്ദർശനം.

കേരളത്തിന് പുറമെ ത്രിപുര, ഒഡീഷ, ഛത്തീസ്ഘട്ട്, തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് സംഘത്തെ അയക്കുക. ആരോഗ്യമന്ത്രാലയത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.രോഗബാധ കൂടുതലുള്ള ജില്ലകളിൽ കേന്ദ്ര വിദഗ്ത സംഘം പ്രത്യേക സന്ദർശനം നടത്തും. 

വലിയ രീതിയിൽ അടച്ചുപൂട്ടൽ നടത്തിയിട്ടും കേരളത്തിൽ രോഗബാധ പിടിച്ചുകെട്ടാൻ സാധിച്ചിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 10 ന് മുകളിൽ തന്നെയാണ്. ഇതോടൊപ്പം വൈറസ് വകഭേദങ്ങളും റിപ്പോർട്ട് ചെയ്ത സാഹചര്യമാണ് കേരളത്തിലേത്. 

banner

അതിനിടെ കൊവിഡ് മരണം നിശ്ചയിക്കുന്നതിനുള്ള സുപ്രീംകോടതി മാര്‍ഗ്ഗരേഖ നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്കുള്ള നിര്‍ദ്ദേശങ്ങൾ തയ്യാറാക്കാൻ കേന്ദ്രം നടപടി തുടങ്ങി. സഹായധനവും സംസ്ഥാനങ്ങൾക്കുള്ള പുതിയ നിര്‍ദ്ദേശങ്ങളും തയ്യാറാക്കൻ പ്രത്യേക സമിതിക്ക്  രൂപം നൽകിയേക്കും. അറ്റോര്‍ണി ജനറൽ നൽകുന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാകും ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം.

തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരന്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരന്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു. കാട്ടാക്കട കിള്ളി സ്വദേശി അര്‍ഷാദ് (45) ആണ് മരിച്ചത്. ഉച്ചയ്ക്കാണ് സംഭവം.

മൃഗശാലയിലെ മൃഗപരിപാലകനായ അര്‍ഷാദിന്, പാമ്പിന്റെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് കടിയേറ്റതയാണ് മൃഗശാല അധികൃതരുടെ നിഗമനം. കൂട് വൃത്തിയാക്കിയശേഷം ഭക്ഷണം നൽകുകയാണ് പതിവ്.

അർഷാദ് ഉച്ചയ്ക്ക് 12.15നു രാജവെമ്പാലയുടെ കൂട്ടിലേക്കു പോകുന്നത് മൃഗശാലയിലെ സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നാണ് അധികൃതർ പറയുന്നത്. അർഷാദിനെ ഏറെ കഴിഞ്ഞിട്ടും കാണാതായതോടെ രണ്ടു മണിയോടെ സഹപ്രവർത്തകൻ ചെന്നുനോക്കിയപ്പോഴാണ് പാമ്പ് കടിയേറ്റ വിവരമറിഞ്ഞത്.

ഈ സമയം അർഷാദ് പാമ്പിന്റെ കടിയേറ്റ് കൂട്ടിനുള്ളിൽ കിടക്കുകയായിരുന്നുവെന്നും സഹജീവനക്കാരൻ മറ്റുള്ളവരെ വിവരമറിയിച്ച് ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

achayan ad

എല്ലാ വിദ്യാർത്ഥികൾക്കും 10 ദിവസത്തിനുള്ളിൽ വാക്സീൻ നൽകാനുള്ള പദ്ധതി തയ്യാറാക്കും; കർണാടക ഉപമുഖ്യമന്ത്രി

കർണാടക: കൊവിഡിന്റെ രണ്ടാം തരം​ഗ വ്യാപനം കുറക്കുന്നതിനായി സംസ്ഥാനത്തെ മുഴുവൻ സർവ്വകലാശാല, കോളേജ് വിദ്യാർത്ഥികൾക്കും 
പത്ത് ദിവസത്തിനുള്ളിൽ വാക്സീൻ നൽകാൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നതായി കർണാടക ഉപമുഖ്യമന്ത്രി സിഎൻ അശ്വത് നാരായൺ. പോളിടെക്നിക്, ഐടിഐ, എഞ്ചിനീയറിം​ഗ്, ബിരു​ദം, മെഡിക്കൽ, പാരാമെഡിക്കൽ, യൂണിവേഴ്സിറ്റി ക്യാംപസുകളിൽ പഠിക്കുന്നവർ, മുഖ്യമന്ത്രിയുടെ സ്കിൽ ഡെവലപ്മെന്റ് സ്കീമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾ എന്നിവരാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളതായി ഉപമുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. 

കർണാടകയിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കൂടിയായ അശ്വത് നാരായൺ, ആരോ​ഗ്യ വിദ്യാഭ്യാസ വകുപ്പിലെ വിദ​ഗ്ധരുമായി യോ​ഗം ചേർന്നിരുന്നു. കോളേജ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന തീരുമാനം യോ​ഗത്തിൽ സ്വീകരിച്ചിരുന്നു. കൊവിഡ് മൂന്നാം തരം​ഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി കൂടിയാണ് ഈ തീരുമാനം. സംസ്ഥാനത്തെ ഓക്സിജൻ ഉത്പാദന ശേഷിയും വർദ്ധിപ്പിക്കും. അതേ സമയം സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും എപ്പോൾ തുറന്നു പ്രവർത്തിക്കുമെന്ന വിഷയത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനങ്ങളൊന്നും എത്തിയിട്ടില്ല. 

അക്കാദമിക് പ്രവർത്തനങ്ങളെല്ലാം തന്നെ ഇപ്പോൾ ഓൺലൈനിലാണ് നടന്നു കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥികൾക്കുളള വാക്സിനേഷൻ ഡ്രൈവ് ജൂൺ  28 മുതൽ ആരംഭിച്ചു. ആദ്യ ദിവസം തന്നെ 94000 വിദ്യാർത്ഥികൾക്ക് കുത്തിവെയ്പ് നൽകി. എല്ലാ വിദ്യാർത്ഥികൾക്കും പത്ത് ദിവസത്തിനുള്ളിൽ വാക്സീൻ നൽകാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി വ്യക്തമാക്കി. 

 

koottan villa
Verified by MonsterInsights