ക്ഷീണിച്ച് വലഞ്ഞിരിക്കുമ്പോൾ ചെറുചൂടു ചായ ഊതി കുടിക്കുമ്പോൾ കിട്ടുന്ന ആശ്വാസം മനസ്സിന് മാത്രമല്ല ശരീരത്തിനും പുത്തനുണർവ് നൽകും. ഈ ചായ പല വീടുകളിലും പല വിധത്തിലാണ് ഉണ്ടാകുന്നത് എന്ന് മാത്രം. അതുകൊണ്ടാണ് ‘ചായ ഉണ്ടാക്കുന്നത് ശരിയായ രീതിയിലാണോ’ എന്ന് മിക്കവരും ചിന്തിച്ചിട്ടുണ്ടാകും. ചായയ്ക്കും ദിനം ഉണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് എല്ലാ വർഷവും മെയ് 21 നാണ് രാജ്യാന്തര ചായ ദിനം ആചരിക്കുന്നത്.
ചായ ഉണ്ടാക്കുമ്പോൾ ചായപ്പൊടി ആദ്യമേ ഇടുന്നതാണോ തിളച്ചു കഴിഞ്ഞ് ഇടുന്നതാണോ നല്ലത്, ഇത് രുചിയിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരുവാൻ സഹായിക്കുമോ?
“സാധാരണ രീതിയിൽ നമ്മൾ വെള്ളം തിളയ്കുമ്പോൾ അതിലേക്ക് തേയിലപ്പൊടി ഇടാറാണ് പതിവ്. അല്ലെങ്കിൽ തേയിലയും പഞ്ചസാരയും ആദ്യമേതന്നെ വെള്ളത്തിലിട്ട് തിളപ്പിക്കും. വെള്ളം അല്ലെങ്കിൽ പാൽ തിളപ്പിച്ച് മാറ്റി വച്ചശേഷം അതിലേക്ക് തേയിലപ്പൊടി ഇടണം. ഇട്ട ശേഷം ഉടൻ തന്നെ ഒരു അടപ്പുകൊണ്ട് അത് മൂടണം. മൂന്നോ നാലോ മിനിറ്റുകൾ കഴിഞ്ഞു അതെടുത്ത് അരിച്ച് ഗ്ളാസ്സിലേക്ക് പകർത്താം, കുടിക്കാം. ശ്രദ്ധിക്കുക, പഞ്ചസാര വേറേ മാത്രമേ ഇടാവൂ.
“തുറന്നുവച്ച് തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്കോ പാലിലേക്കോ തേയില ഇട്ടാൽ തേയിലയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾസ്, ഗ്ലൈക്കോസൈഡ്സ്, തിയോഗല്ലിൻ എന്നിവയെല്ലാം ബാഷ്പീകരിച്ചു പോകും, പിന്നെ നമുക്ക് ബാക്കി കിട്ടുന്നത് വെറും കളർ വെള്ളം മാത്രമാകുമെന്നാണ്. ഇവയെല്ലാം പോയിക്കഴിഞ്ഞാൽ പിന്നെ ചായ കുടിച്ചാൽ ഉന്മേഷം കിട്ടില്ലത്രെ.
ഒരിക്കലും മധുരം വെള്ളത്തിനൊപ്പം അല്ലെങ്കിൽ പാലിനൊപ്പം ഇട്ടു തിളപ്പിക്കരുത്, പഞ്ചസാരയുടെ കെമിക്കൽ സ്വഭാവം ചായയുടെ അസ്സൽ രുചിയിൽ മാറ്റങ്ങൾ ഉണ്ടാക്കും.
