ചെടികൾ സംസാരിക്കും; ടെൻഷനടിച്ചാൽ സംസാരം കൂടുമെന്ന് പഠനം

ചെടികൾ സംസാരിക്കാനോ? മണ്ടത്തരം പറയാതെ എന്നാകും ചിന്തിക്കുന്നത്. എന്നാൽ ചെടികൾക്കും സംസാരിക്കാനാകും എന്നു തെളിയിച്ചിരിക്കുകയാണ് പുതിയൊരു പഠനം. ഇസ്രയേലിലെ ടെൽ അവീവ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് പ്ലാന്റ് സയൻസസ് ആൻഡ് ഫുഡ് സെക്യൂരിറ്റിയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. സസ്യങ്ങൾ ഒരു പ്രത്യേക തരം ശബ്​ദം പുറപ്പെടുവിക്കുന്നു എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.
പോപ്പ്‌കോൺ പൊട്ടുന്നതിന് സമാനമാണ് ചെടികളുടെ ശബ്​ദമെന്നാണ് ​ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇത് മനുഷ്യർക്ക് കേൾക്കാനാകില്ല. ”സസ്യങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന വൈബ്രോമീറ്ററുകൾ വൈബ്രേഷനുകൾ റെക്കോർഡ് ചെയ്യുന്നതായി മുൻ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ പ്രകമ്പനങ്ങൾക്ക് ശബ്ദ തരംഗങ്ങളായി മാറാൻ സാധിക്കുമോ എന്ന വർഷങ്ങളായുള്ള ചോദ്യത്തിനാണ് ഞങ്ങളുടെ പഠനം ഉത്തരം നൽകുന്നത്”, ​ഗവേഷണത്തിന് നേതൃത്വം കൊടുത്ത പ്രൊഫ. ലിലാച്ച് ഹദാനി പറഞ്ഞു.
ലോകം മുഴുവൻ സസ്യങ്ങളുടെ ശബ്‌ദങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ഈ ശബ്‌ദങ്ങളിൽ ജലക്ഷാമം, മറ്റ് അപകടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളുണ്ടെന്നും ​ഗവേഷകർ പറയുന്നു. “സസ്യങ്ങൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ വവ്വാലുകൾ, എലികൾ, പ്രാണികൾ, തുടങ്ങിയ ജീവികൾക്കു മാത്രമേ കേൾക്കാനാകൂ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ അങ്ങനെയല്ല, മറ്റ് സസ്യങ്ങൾക്കും അവ കേൾക്കാൻ സാധിക്കും എന്നാണ് ഞങ്ങൾ കരുതുന്നത്”, ഹഡാനി പറഞ്ഞു. സെൻസറുകൾ പോലെയുള്ള ഉപകരണങ്ങൾ ഉപയോ​ഗിച്ചാൽ മനുഷ്യർക്കും ഈ ശബ്ദങ്ങൾ കേൾക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.