ചൂടിൽ വിയർക്കും, കറണ്ട് ബില്ല് കണ്ടാലോ തളർന്നു വീഴും! വൈദ്യുതി ഉപഭോഗം വർധിച്ചതോടെ കറണ്ട് ബില്ലും ഇരട്ടിയായി

വേനൽ കടുത്തതോടെ വീടുകളിലെ വൈദ്യുത ഉപഭോഗം കുത്തനെ കൂടി. ഇത്തവണത്തെ കറണ്ട് ബില്ല് കണ്ട് ഞെട്ടാത്ത മലയാളികൾ കുറവാണ്. രണ്ടു മാസത്തെ ബില്ല് ഒന്നിച്ചുവരുമ്പോഴാണ് ബില്ലിലെ വൻ വര്‍ധനവറിഞ്ഞ് വീട്ടുകാര്‍ ഞെട്ടുന്നത്. സ്ലാബ് മാറുന്നതോടെ ഇടത്തരം കുടുംബങ്ങളിലെയടക്കം ബില്ലിൽ വൻ വർധനയാണുണ്ടാകുന്നത്. കൊടും ചൂടിൽ വിയര്‍ക്കുന്ന മലയാളികളിപ്പോള്‍ കറണ്ട് ബില്ല് കണ്ടാല്‍ തളര്‍ന്നു വീഴുന്ന അവസ്ഥയാണുള്ളത്.

കഴിഞ്ഞ തവണ വന്നതിന്‍റെ ഇരട്ടിയാണ് മിക്ക വീടുകളിലും ഇത്തവണത്തെ കറണ്ട് ബില്ല്. വരുമാനം കൊണ്ട് ഒത്ത് വരുന്നില്ലെങ്കിലും എങ്ങനെയെങ്കിലും എസി വെക്കണമെന്നാണ് സാധാരണകുടുംബങ്ങളിൽ പോലും പറയുന്നത്. ചൂട് കാരണം രാത്രി പോലും ഉറങ്ങാൻ പറ്റാതായതോടെയാണ് എസിയിൽ ഭൂരിഭാഗം പേരും അഭയം പ്രാപിക്കുന്നത്. ഇതോടൊപ്പം നിർത്താതെ ഫാനുകൾ കൂടിയാകുമ്പോള്‍ കറണ്ട് ബില്ല് കുത്തനെ ഉയരുകയാണ്. രണ്ട് എസി ഉണ്ടെങ്കിൽ 8000 മുതലാണ് ബില്ല്. വെള്ളത്തിന് വേറെയും ബില്ല്. കറണ്ട് ബില്ല് ഇരട്ടിയായതോടെ കുടുംബ ബജറ്റും താളം തെറ്റിയ അവസ്ഥയിലാണെന്നാണ് വീട്ടുകാര്‍ പറയുന്നത്.

Verified by MonsterInsights