ചൂട് വകവെക്കാതെ വിഷുത്തിരക്കിലമര്‍ന്ന് നഗരം.

നഗരം വിഷുത്തിരക്കിലായി. ചുട്ടുപൊള്ളുന്ന ചൂടിനിടയിലും തിരക്കിന് കുറവൊന്നുമില്ല. വിഷുവിന് മണിക്കൂറുമാത്രം ബാക്കിനില്‍ക്കെ തിരക്ക് മൂർധന്യത്തിലായി.ദിവസങ്ങളായി നഗരത്തില്‍ വലിയ ജനത്തിരക്കാണനുഭവപ്പെട്ടത്. പെരുന്നാളും വിഷുവും ഒപ്പമെത്തിയത് വ്യാപാരകേന്ദ്രങ്ങളില്‍ വലിയ ഉണർവുണ്ടാക്കിയിട്ടുണ്ട്.

 

ചുട്ടുപൊള്ളുന്ന അന്തരീക്ഷമാണെങ്കിലും വിഷുക്കോടിയും മറ്റ് സാധനങ്ങളും വാങ്ങാൻ ആളുകള്‍ നഗരത്തിലേക്ക് കൂട്ടത്തോടെയെത്തുന്നു. പാതയോരത്തുനിന്ന് സാധനങ്ങള്‍ വാങ്ങാനും ആളുകള്‍ തിരക്കുകൂട്ടുന്നു.പുതിയ ട്രെൻഡ് വസ്ത്രങ്ങളുമായി ഇക്കുറി കളംപിടിച്ചപ്പോള്‍ പ്രയോജനമുണ്ടാക്കിയതായി കച്ചവടക്കാർ പറയുന്നു. തുണിത്തരങ്ങളുമായി ഇതരസംസ്ഥാനക്കാർ നഗരത്തിലെ വഴിയോരങ്ങള്‍ കൈയടക്കിയിരിക്കുകയാണ്. വസ്ത്രങ്ങള്‍ക്കുള്‍പ്പെടെ വിലയില്‍ വലിയ വർധനവുണ്ടായിട്ടുണ്ട്. വിഷുവിന് കണിയൊരുക്കാനുള്ള മണ്‍കലങ്ങളും നഗരത്തില്‍ എത്തിയിട്ടുണ്ട്.മടിക്കൈയില്‍നിന്നാണ് മണ്‍കലങ്ങള്‍ ഇവിടേക്ക് വില്‍പനക്കായെത്തുന്നത്. വിഷുദിവസം കണികാണാനുള്ള കൃഷ്ണവിഗ്രഹങ്ങളും യഥേഷ്ടമുണ്ട്. വിഷുവിന്റെ തലേദിവസമായ ശനിയാഴ്ച നഗരത്തില്‍ അഭൂതപൂർവമായ തിരക്കനുഭവപ്പെടാനാണ് സാധ്യത. പച്ചക്കറി-പഴവർഗക്കടകളിലും തിരക്കുണ്ടാവും.

Verified by MonsterInsights