കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തുടക്കം. 10 ഇനങ്ങളിലാണ് ഇന്ത്യക്ക് ഇന്ന് ഫൈനൽ മത്സരങ്ങളുള്ളത്. ട്രയാത്തലൺ, ജിംനാസ്റ്റിക്സ്, സൈക്ക്ളിംഗ്, നീന്തൽ തുടങ്ങിയ ഇനങ്ങളിലാണ് ഫൈനൽ. മലയാളി നീന്തൽ താരം സജൻ പ്രകാശ് 50 മീറ്റർ ബട്ടർഫ്ലൈസ് ഇനത്തിൽ സെമിഫൈനൽ പോരിനിറങ്ങും. കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ വനിതാ ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും.എക്കാലവും മെഡൽ വാരിക്കൂട്ടിയിട്ടുള്ള ഷൂട്ടിംഗും അമ്പെയ്ത്തും ഒഴിവാക്കിയത് ഇന്ത്യക്ക് തിരിച്ചടിയാണ്. ആകെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ നേടിയ 503 മെഡലുകളിൽ 130ഓളം മെഡലുകൾ ഷൂട്ടിംഗിൽ നിന്ന് മാത്രമാണ്. ഉറച്ച മെഡൽ പ്രതീക്ഷയായ ജാവലിൻ ത്രോ താരം നീരജ് ചോപ്ര പരുക്കേറ്റ് പുറത്തായതും ഇന്ത്യയുടെ നഷ്ടമാണ്. കഴിഞ്ഞ തവണ 66 മെഡലുകളാണ് ഇന്ത്യ നേടിയത്.