ക്രെഡിറ്റ് കാർഡ് (Credit Card), ആദായ നികുതി (Income Tax), പാൻ-ആധാർ ബന്ധിപ്പിക്കൽ (PAN-Aadhaar Linking) അങ്ങനെ സുപ്രധാനമായ പല കാര്യങ്ങൾ സംബന്ധിച്ചും ജൂലൈ മാസം മുതൽ ചില മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയാണ്. അവ ഏതൊക്കെയാണെന്നു നോക്കാം.
1. ക്രെഡിറ്റ് കാർഡ് നിയമങ്ങളിലെ മാറ്റം (Credit Card Rules Change)
ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യൽ, ബില്ലിങ്ങ് സൈക്കിൾ, തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ജൂലൈ 1 മുതൽ മാറ്റം വരുമെന്ന് റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ആവശ്യമില്ലെങ്കിൽ ക്രെഡിറ്റ് കാർഡ് കമ്പനികൾക്ക് ഇനി മുതൽ കാർഡുകൾ അയയ്ക്കാൻ കഴിയില്ല. ക്രെഡിറ്റ് കാർഡ് ബില്ലിങ്ങ് സൈക്കിളിലും മാറ്റമുണ്ട്. മുൻ മാസത്തിലെ 11-ാം തീയതിയിൽ ആരംഭിച്ച് നിലവിലെ മാസത്തിലെ 10-ാം തീയതിയിൽ അവസാനിക്കുന്നതായിരിക്കും ബില്ലിങ്ങ് സൈക്കിളെന്നും ആർബിഐ വിജ്ഞാപനത്തിൽ അറിയിച്ചു. ഉപഭോക്താവിന്റെ അഭ്യർത്ഥന പ്രകാരം, ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്തില്ലെങ്കിൽ അത് ക്ലോസ് ചെയ്യുന്ന സമയം വരെ ഉപഭോക്താവിന് കമ്പനി പ്രതിദിനം 500 രൂപ വീതം നൽകണമെന്നും ആർബിഐ നിയമങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
2. പാൻ-ആധാർ ബന്ധിപ്പിക്കൽ വൈകിയതിനുള്ള പിഴ വർദ്ധിപ്പിക്കും (PAN-Aadhaar Linking Fine to Increase)
ഇതുവരെ പാൻ കാർഡും ആധാറും ബന്ധിപ്പിക്കാത്തവർക്ക് ഇനിയും അവസരമുണ്ട്. എന്നാൽ ജൂലൈ 1 മുതൽ 1000 രൂപ പിഴ അടയ്‌ക്കേണ്ടി വരും. ജൂൺ 30 വരെ 500 രൂപയാണ് പിഴ. പാനും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി മാർച്ച് 23 വരെ നീട്ടിയിരുന്നു. എന്നാൽ ജൂലൈ 1-നോ അതിനുശേഷമോ ആണ് ഇവ ബന്ധിപ്പിക്കുന്നതെങ്കിൽ 1,000 രൂപ പിഴ അടയ്‌ക്കേണ്ടിവരും.
3. ക്രിപ്‌റ്റോകറൻസികൾക്കുള്ള ടിഡിഎസ് (TDS on Cryptocurrencies)
ഡിജിറ്റൽ ആസ്തികൾക്കും (virtual digital assets (VDA)) ക്രിപ്‌റ്റോ കറൻസികൾക്കുമുള്ള ടിഡിഎസ് (tax deducted at source (TDS)) സംബന്ധിച്ചും സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് വിശദമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ നിയമങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. വെർച്വൽ ആസ്തികൾ കൈമാറ്റം ചെയ്യുമ്പോൾ നടത്തുന്ന പണമിടപാടിന്റെ ഒരു ശതമാനം നികുതിയായി നൽകണമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു.
4. ഡോക്ടർമാർ, ഇൻഫ്ളുവൻസർമാർ എന്നിവർക്കുള്ള ഇൻകം ടാക്സ് നിയമങ്ങളിൽ മാറ്റം (Income Tax Rule Change for Doctors, Influencers)
ഡോക്ടർമാർ, ഇൻഫ്ളുവൻസർമാർ എന്നിവർ സൗജന്യമായി കൈപ്പറ്റുന്ന സാധനങ്ങൾക്ക് ജൂലൈ 1 മുതൽ നികുതി നൽകേണ്ടിവരുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.
5. ഡീമാറ്റ് കെവൈസി നിയമങ്ങളിലെ മാറ്റം (Demat KYC Rule Change)
ഡീമാറ്റ് അക്കൗണ്ടിലെ കെവൈസി പൂർത്തിയാക്കുന്നതിനുള്ള സമയപരിധി ജൂൺ 30 ആണ്. അതിനുശേഷം അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യപ്പെടും. പേര്, വിലാസം, പാൻ നമ്പർ, മൊബൈൽ നമ്പർ, വരുമാനം, ഇമെയിൽ ഐഡി തുടങ്ങിയ വിശദാംശങ്ങൾ സഹിതമാണ് കെവൈസി അപ്‌ഡേറ്റ് ചെയ്യേണ്ടത്.