ഇളവുകള്‍ ആസ്വദിച്ച് നിയമലംഘനം; ചെറിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും നമ്പര്‍പ്ലേറ്റ് വേണമെന്ന് പോലീസ്

കുറഞ്ഞശക്തിയുള്ള മോട്ടോർ ഉപയോഗിക്കുന്ന വൈദ്യുത സ്കൂട്ടറുകൾക്കും നമ്പർപ്ലേറ്റുകൾ നിർബന്ധമാക്കണമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ്. ഇത്തരം സ്കൂട്ടറുകൾ നിരന്തരം സിഗ്നലുകൾലംഘിക്കുന്നതായും അപകടങ്ങളുണ്ടാക്കുന്നതായും ചൂണ്ടിക്കാട്ടി ഗതാഗതവകുപ്പിന് കത്തുനൽകി. തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം ഗതാഗതവകുപ്പ് പരിഗണിക്കുമെന്നാണ് വിവരം.

നിലവിലെ കേന്ദ്ര മോട്ടോർവാഹന നിയമമനുസരിച്ച് 250 വാട്ടിൽ താഴെ ശേഷിയുള്ള വൈദ്യുതി സ്കൂട്ടറുകൾക്ക് നമ്പർ പ്ലേറ്റുകളോ ഓടിക്കുന്നയാൾക്ക് ഹെൽമെറ്റോ ലൈസൻസോ ആവശ്യമില്ല. നഗരത്തിലെ ഭൂരിഭാഗം ഭക്ഷണവിതരണക്കാരും കൊറിയർ വിതരണക്കാരും ഇത്തരം സ്കൂട്ടറുകളാണ് ഉപയോഗിക്കുന്നത്.

നിയമത്തിൽ ഇളവുകളുള്ളതിനാൽ സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർ നടപ്പാതകളിലൂടെ ഓടിക്കുന്നതും സിഗ്നലുകൾ മറികടക്കുന്നതും പതിവാണ്. ഇതിനോടകം ഒട്ടേറെ അപകടങ്ങളുമുണ്ടായി. ചെറു വൈദ്യുതി സ്കൂട്ടറുകൾക്കും മറ്റു വാഹനങ്ങൾക്കുള്ള അതേനിയമങ്ങൾ കൊണ്ടുവന്നാൽ ഇത്തരം അപകടങ്ങളും നിയമവിരുദ്ധപ്രവർത്തനങ്ങളും ഒഴിവാക്കാൻ കഴിയുമെന്നാണ് ട്രാഫിക് പോലീസ് ചൂണ്ടിക്കാട്ടുന്നത്.

 250 വാട്സിൽ കുറവ് ശേഷിയുള്ള വാഹനങ്ങൾക്കാണ് രജിസ്ട്രേഷനിൽ സർക്കാർ ഇളവ് നൽകിയിട്ടുള്ളത്. ഇത്തരം ഇലക്ട്രിക് സ്കൂട്ടറുകൾക്ക് രജിസ്ട്രേഷൻ നമ്പർ ആവശ്യമില്ല. ഇതിനുപുറമെ, ഡ്രൈവിങ്ങ് ലൈസൻസ്, റോഡ് ടാക്സ് എന്നവയും ആവശ്യമില്ല. പക്ഷെ ഇത്തരം സ്കൂട്ടറുകൾക്ക് എടുക്കാവുന്ന പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്റർ ആയിരിക്കണമെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്.

ഡ്രൈവിങ്ങ് ലൈസൻസ്, രജിസ്ട്രേഷൻ എന്നിവ ആവശ്യമില്ലെന്ന് അവകാശപ്പെടുന്ന കമ്പനികളുടെ സ്കൂട്ടറുകൾ എടുക്കുന്നതിന് മുമ്പ് ഉപയോക്താക്കൾ ഉറപ്പാക്കേണ്ട ഏതാനും കാര്യങ്ങളുമുണ്ട്. ആ മോഡൽ വാഹനത്തിന് ഏതെങ്കിലും അംഗീകൃത ടെസ്റ്റിങ്ങ് ഏജൻസിയുടെ(എ.ആർ.എ.ഐ, ഐ.സി.എ.ടി) അപ്രൂവൽ ഉള്ളതാണോയെന്നതാണ് ഇതിൽ പ്രധാനം. വാഹനത്തിന്റെ ഭാരം (ബാറ്ററി ഒഴിവാക്കി) പരിശോധിച്ച് 60 കിലോഗ്രാമിൽ അധികമില്ലെന്നും ഉറപ്പാക്കണം.

Verified by MonsterInsights