എഞ്ചിനീയറിങ് ബിരുദക്കാര്‍ക്ക് കരസേനയില്‍ ഓഫീസറാവാം; ഒന്നര ലക്ഷത്തിന് മുകളില്‍ ശമ്പളം; അപേക്ഷ മെയ് 9 വരെ.

എഞ്ചിനീയറിങ് യോഗ്യതയുള്ളവര്‍ക്ക് കരസേനയില്‍ ഓഫീസറാവാം. അവിവാഹിതരായ പുരുഷ എഞ്ചിനീയറിങ് ബിരുദക്കാര്‍ക്കാണ് അവസരം. ജോലി ലഭിച്ചാല്‍ കരസേനയിലെ 140ാമത് ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിലൂടെ ലഫ്റ്റനന്റ് പദവിയിലാണ് നിയമനം നടക്കുക. 

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2025 ജനുവരി മുതല്‍ ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ പരിശീലനം നല്‍കും. വിവിധ ബ്രാഞ്ചുകളിലായി ആകെ 30 ഒഴിവുകളുണ്ട്. സിവില്‍ 7, കമ്പ്യൂട്ടര്‍ സയന്‍സ് 7, ഇലക്ട്രിക്കല്‍ 3, ഇലക്ട്രോണിക്‌സ് 4, മെക്കാനിക്കല്‍ 7, മറ്റ് ശാഖകളില്‍ 2 എന്നിങ്ങനെയാണ് ഒഴിവുകള്‍. 

പ്രായപരിധി
1.1.2025ല്‍ 20 മുതല്‍ 27 വയസ് വരെ. 

യോഗ്യത
ബന്ധപ്പെട്ട / അനുബന്ധ ശാഖയില്‍ എഞ്ചിനീയറിങ് ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനകം പരീക്ഷ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മതി. ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് 12 ആഴ്ച്ചത്തെ സമയം കൂടി ലഭിക്കും. 


അപേക്ഷ ഓണ്‍ലൈനായി മെയ് 9ന് വൈകീട്ട് 3 മണിവരെ സമര്‍പ്പിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 12 മാസത്തെ പരിശീലനവുമുണ്ട്. ഈ കാലയളവില്‍ കേഡറ്റുകള്‍ക്ക് പ്രതിമാസം 56,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.  തുടര്‍ന്ന് പരിശീലനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് 56,100 – 1,77,500 രൂപ വരെ ശമ്പളം ലഭിക്കും. 

Verified by MonsterInsights