ഇനിയും വില കുറയ്ക്കാം; ക്രൂഡ് ഓയില്‍ ഇറക്കുമതി വിഹിതം കൂട്ടാന്‍ ഇന്ത്യയോട് റഷ്യ.

വില പരിധി നിശ്ചയിക്കാനുള്ള ജി7 രാജ്യങ്ങളുടെ നീക്കത്തെ ചെറുക്കാന്‍ വീണ്ടും വന്‍ വിലക്കുറവില്‍ അസംസ്‌കൃത എണ്ണ നല്‍കാന്‍ തയ്യാറാണെന്ന് ഇന്ത്യയെ റഷ്യ അറിയിച്ചു. വില പരിധി നിശ്ചയിക്കുന്നതിന് പിന്തുണ ആവശ്യപ്പെട്ട്‌ ജി7 രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചതിന് പിന്നാലെയാണ് റഷ്യയുടെ നീക്കം. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെ ഒപ്പം നിര്‍ത്തുകയെന്നത് ജി7 രാജ്യങ്ങള്‍ക്ക് നിര്‍ണായകമാണ്. വിശദമായ ചര്‍ച്ചയ്ക്കുശേഷം ഇക്കാര്യത്തില്‍ തീരുമാനമറിയിക്കാമെന്നാണ് ഇന്ത്യ റഷ്യയെ അറിയിച്ചിരിക്കുന്നത്. നിലവില്‍ ഇറാഖ് വാഗ്ദാനം. ചെയ്തിട്ടുള്ളതിനേക്കാള്‍ വന്‍തോതില്‍ കുറഞ്ഞ വിലയാണ് റഷ്യ മുന്നോട്ടുവെച്ചിട്ടുള്ളത്.

രാജ്യത്തെ ശരാശരി ഇറക്കുമതി ചെലവായ ബാരലിന് 110 ഡോളറില്‍നിന്ന് 16 ഡോളര്‍ കിഴിവിലാണ് മെയ് മാസത്തില്‍ റഷ്യ ഇന്ത്യക്ക് ക്രൂഡ് ഓയില്‍ നല്‍കിയത്. വിലയിലെ വ്യതിയാനത്തിനുനുസരിച്ച് ജൂണിലാകട്ടെ കിഴിവ് ബാരലിന് 14 ഡോളറായും ഓഗസ്റ്റില്‍ ആറ് ഡോളറായും കുറഞ്ഞു. എന്നാല്‍ രാജ്യത്തേയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇറാഖ് റഷ്യയില്‍നിന്നുള്ളതിനേക്കാള്‍ ഒമ്പത് ഡോളര്‍ കുറവിനാണ് ജൂണില്‍.നല്‍കിയത്. ഇതേതുടര്‍ന്ന് ഇറാഖില്‍നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ വന്‍തോതില്‍ വര്‍ധനവുണ്ടായി. ഇതോടെ ഇന്ത്യയിലേയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ റഷ്യയുടെ സ്ഥാനം മൂന്നാമതാകുകയുംചെയ്തു.

രാജ്യത്തെ ആവശ്യത്തിനുള്ള അസംസ്‌കൃത എണ്ണയുടെ 20.6ശതമാനവും ഇറക്കുമതി ഇതോടെ ഇറാഖില്‍നിന്നായി. സൗദി അറേബ്യയില്‍നിന്ന് 20.8ശതമാനവും റഷ്യയില്‍നിന്ന് 18.2ശതമാനവുമാണ് ഇന്ത്യയുടെ ഇറക്കുമതി. ഇറാഖിലെ അസ്ഥിരമായ ആഭ്യന്തര സാഹചര്യവും ആഗോള പ്രതിസന്ധിയും പരിഗണിച്ച് അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ ബദല്‍ സംവിധാനം ആവശ്യമാണെന്ന് ഇന്ത്യ കരുതുന്നുണ്ട്. ഈ സാഹചര്യത്തില്‍ റഷ്യയെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനുമുമ്പ്, രാജ്യത്തേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ ഒരുശതമാനത്തില്‍ താഴെയായിരുന്നു റഷ്യയുടെ വിഹിതം ഏപ്രിലില്‍ 8 ശതമാനമായും മെയില്‍ 14ശതമാനമായും ജൂണില്‍ 18ശതമാനമായും ഇത് ഉയര്‍ന്നു. അതേസമയം, ജൂലായില്‍ വിഹിതത്തില്‍ കുറവുണ്ടായി. കുറഞ്ഞ വില വാഗ്ദാനംചെയ്യുന്നതുവരെ റഷ്യയില്‍നിന്നുള്ള അസംസ്‌കൃത എണ്ണവില ഇറക്കുമതി ഇന്ത്യ തുടരുമെന്നാണ് ലഭിക്കുന്ന സൂചന.

Verified by MonsterInsights