ഗർഭസ്ഥ ശിശുവിന്‍റെ ശാരീരികാവസ്ഥ കൃത്യമായി മനസ്സിലാക്കുന്നതിന് അഞ്ചാം മാസത്തെ അനോമിലി സ്കാനിലൂടെ സാധിക്കുമെങ്കിലും പരിമിതികളും പരിധികളുമുണ്ടെന്ന് വിദഗ്ധർ. കുഞ്ഞിന്‍റെ രൂപവും അവയവങ്ങളും അടുത്തുകാണാൻ സാധിക്കുമെന്നതാണ് അനോമിലി സ്കാനിന്‍റെ സവിശേഷത. അവയവങ്ങൾ വളർച്ച പ്രാപിച്ച ഘട്ടമായതിനാൽ ഇക്കാര്യങ്ങളിൽ ന്യൂനതകളുണ്ടെങ്കിൽ അതും ഈ സ്കാനിങ്ങിലൂടെ കണ്ടെത്താനും കഴിയും.
നാഡീവ്യൂഹങ്ങള്‍, ചെറുനാഡികള്‍, എല്ലുകള്‍ എന്നിവയുടെ നിരീക്ഷണവും സാധിക്കും. കുഞ്ഞിന്റെ വളര്‍ച്ച അളവുകള്‍, അമ്നിയോട്ടിക് ഫ്ലൂയിഡിന്‍റെ അളവ്, പ്ലാസന്റയുടെ സ്ഥാനം എന്നിവയാണ് സാധാരണ അനോമിലി സ്‌കാനിങ് റിപ്പോര്‍ട്ടിലുണ്ടാവുക.
അതേസമയം, അനോമിലി സ്കാനിൽ കണ്ടെത്താനാവുന്നതും കഴിയാത്തതുമായ വൈകല്യങ്ങളുണ്ടെന്നാണ് റേഡിയോളജിസ്റ്റുകളുടെ പക്ഷം. സ്കാനിങ് മെഷീനിന്‍റെ ശേഷിയടക്കം ഇക്കാര്യത്തിൽ പ്രധാനമാണ്. ബ്ലാക്ക് ആൻഡ്വൈറ്റിൽ കാഴ്ച നൽകുന്ന ടു.ഡി സ്കാനിങ്ങാണ് ആദ്യമുണ്ടായിരുന്നത്. ഇപ്പോൾ, ചെലവേറിയ ത്രീഡിയും ഫോർ ഡി സ്കാനിങ്ങുമെല്ലാം വ്യാപകമാണ്.
സാധാരണക്കാർക്ക് അപ്രാപ്യമായതിനാൽ അധികയിടങ്ങളിലും ടുഡി സ്കാനിങ്ങിനെയാണ് ആശ്രയിക്കുന്നത്. സാധാരണ എല്ലാ കേസുകളിലും ത്രീഡിയുടെ ആവശ്യം വരാറില്ല. ടുഡിയിൽ സ്വാഭാവികമായും ഗുണനിലവാരത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാം.
എല്ലാ വൈകല്യങ്ങളും സ്കാനിങ്ങിലൂടെ കണ്ടെത്താനാവില്ലെന്നും അതേസമയം തിരിച്ചറിയാൻ സാധിക്കുന്ന വൈകല്യങ്ങളുമുണ്ടെന്നും റേഡിയോളജിസ്റ്റ് ഡോ. അരുൺ മോഹൻ വ്യക്തമാക്കി. മുറിച്ചുണ്ട്, കൈകാലുകളിലെ പോരായ്മ, കൈയിലെ എല്ലിന്‍റെ അഭാവം എന്നിവ കൃത്യമായും അറിയാൻ കഴിയും.