ഗ്യാസിന്റെ തീവില ഇനി അലട്ടില്ല, വിറകടുപ്പിൽ ഊതി സമയം കളയണ്ട; അടുക്കള ഭരിക്കാൻ ഇലക്ട്രിക് വിറകടുപ്പ്.

പലരും ഗൃഹാതുരതയോടെ ഓര്‍ക്കുന്നതാണ് വിറകടുപ്പില്‍ പാചകം ചെയ്യുന്ന കാലം. വിറകടുപ്പില്‍ മണ്‍ച്ചട്ടി വെച്ച് പാകം ചെയ്‌തെടുക്കുന്ന കറികളെക്കുറിച്ച് വീട്ടിലെ പ്രായമായവര്‍ കൊതിയോടെ പറയുന്നത് നാം കേള്‍ക്കാറുണ്ട്. എന്നാല്‍ വിറകടുപ്പ് ഉപയോഗിക്കുമ്പോഴുള്ള കരിയും പുകയും അസഹനീയമാണ് താനും.

പാചകം കുറച്ച് കൂടി എളുപ്പമാക്കുന്ന ഗ്യാസ് അടുപ്പുകള്‍ കളം പിടിച്ചിരിക്കുന്ന ഇക്കാലത്ത് ഗ്യാസടുപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം നന്നേ കുറവാണ്. പക്ഷേ, ഗ്യാസടുപ്പിന്റെ വില വര്‍ധനയും നമ്മെ അലട്ടുന്ന ഒരു വിഷയമാണ്. ഇന്‍റക്ഷന്‍ സ്റ്റൗ ഉപയോഗിച്ചാല്‍ കറന്റ് ബില്ല് കൂടുമെന്നതിനാല്‍ അതും പലര്‍ക്കും സ്വീകാര്യമല്ലാത്ത അവസ്ഥയാണ്. ഈ പ്രതിസന്ധികള്‍ക്കിടയില്‍ പാചകത്തിന് ബദലായി മാറുകയാണ് ഇലക്ട്രിക് കറന്റ് അടുപ്പുകള്‍.

എറണാകുളത്തെ ഹോട്ടല്‍ നടത്തിപ്പുകാരനായ രാജീവനാണ് തമിഴ്‌നാട്ടില്‍ പ്രചാരമുള്ള ഇലക്ട്രിക് വിറകടുപ്പിനെ കേരളത്തില്‍ പ്രചരിപ്പിക്കുന്നത്. ഗാര്‍ഹികാവശ്യത്തിനും വാണിജ്യാവശ്യത്തിനും ലാഭത്തോടെ ഉപയോഗിക്കാന്‍ കഴിയുന്നവയാണിവ. നന്നായി ചൂടിനെ ആഗിരണം ചെയ്യുന്ന കാസ്റ്റ് അയേണില്‍ നിര്‍മിക്കുന്നവയാണ് ഇലക്ട്രിക് വിറകടുപ്പ്. വിറകുകള്‍ ചെറിയ കഷണങ്ങളാക്കി നിറച്ച് കത്തിക്കാനുള്ള ഒരു ഭാഗവും തീയുടെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതിനുള്ള കാറ്റ് പ്രദാനം ചെയ്യുന്ന ഫാനുള്ള മറ്റൊരു ഭാഗവും ഇലക്ട്രിക് വിറകടുപ്പിലുണ്ടാകും. ബാറ്ററി ഉപയോഗിച്ചും ഈ ഫാന്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

Verified by MonsterInsights