ഗ്രാമീണ മേഖലയിൽ സമ്പൂർണ്ണ കുടിവെള്ള ലഭ്യതക്കുള്ള നടപടികൾ 2024 ഓടെ പൂർത്തീയാക്കും

ഗ്രാമീണ മേഖലയിൽ സമ്പൂർണ്ണ കുടിവെള്ള ലഭ്യതക്കുള്ള നടപടികൾ 2024 ഓടെ പൂർത്തീയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജല ജീവന്‍ മിഷനുമായി ബന്ധപ്പെട്ട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് എല്ലാ വീടുകളിലും ശുദ്ധ ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജലജീവൻ മിഷൻ പദ്ധതി ആരംഭിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയിൽ പൂർണ്ണമായി കുടിവെള്ളം ലഭ്യമാക്കുന്നതിന് 3821.78 കോടി രൂപയുടെ ഭരണാനുമതി നൽകി കഴിഞ്ഞു. 11 നിയോജകമണ്ഡലങ്ങളിൽ ഇതുസംബന്ധിച്ച വർക്കുകൾ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

ജല ജീവൻ പദ്ധതിയിൽ സാങ്കേതികമായി ഉണ്ടാവുന്ന ചില തടസ്സങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന് പരിഹാരം കാണുന്നതിനാണ് ജില്ലാതല അവലോകന യോഗങ്ങൾ നടത്തുന്നത്. ഇതിനോടകം 7 ജില്ലകളിൽ അവലോകനയോഗം നടന്നതായും മന്ത്രി പറഞ്ഞു

മുമ്പ് ജില്ലയിൽ ഉണ്ടായിരുന്ന കുടിവെള്ള കണക്ഷൻ 86,272 ആണ്. ജലജീവൻ മിഷൻ തുടങ്ങിയതിനുശേഷം 82,951 കണക്ഷൻ കൂടി കൊടുത്തിട്ടുണ്ട്. ഇനി മൂന്നു ലക്ഷത്തി നാല്പത്തി അയ്യായിരം കണക്ഷൻ കൂടി കൊടുക്കാനുണ്ടെന്നും അതിനുള്ള ശ്രമകരമായ ദൗത്യമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാൻ ജില്ലാ കലക്ടറെ യോഗത്തിൽ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. നാഷണൽ ഹൈവേ ഉൾപ്പെടെയുള്ള റോഡുകളിലെ ജല ജീവൻ പദ്ധതികൾ കരാർ എടുത്തിരിക്കുന്നതും കരാർ കാലാവധി തീരാത്തതുമായുള്ള വർക്കുകളെല്ലാം കൃത്യമായി മോണിറ്റർ ചെയ്യും. ഇതിനായി പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയറും വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറും സംയുക്തമായി പരിശോധന നടത്തി പ്രശ്നങ്ങൾ മനസ്സിലാക്കി തടസ്സങ്ങൾ ഇല്ലാതാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

പദ്ധതിയുമായി ബന്ധപ്പെട്ട് പൊളിച്ചുമാറ്റേണ്ടിവരുന്ന പഞ്ചായത്ത് റോഡുകൾ പുനർനിർമ്മിക്കാനാവശ്യമായ തുക കൂടി വാട്ടർ അതോറിറ്റി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി നടത്തിപ്പ് മോണിറ്റർ ചെയ്യുന്നതിന് നിയോജകമണ്ഡലം അടിസ്ഥാനത്തിൽ എംഎൽഎമാർക്ക് ചുമതല ഉണ്ട്. ഏഴു ദിവസത്തിനകം നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ മണ്ഡലങ്ങളിലെ പ്രശ്നങ്ങൾ എംഎൽഎ മാരുടെ ശ്രദ്ധയിൽ കൊണ്ടുവരും. അടുത്ത 15 ദിവസത്തിനകം മണ്ഡലങ്ങളിലെ എംഎൽഎമാർ വിഷയങ്ങൾ ചർച്ച ചെയ്തു പ്രശ്നപരിഹാരത്തിനായി ശ്രമിക്കും. പഞ്ചായത്ത് പ്രസിഡണ്ടുമാരും ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് ഇത്തരം വിഷയങ്ങളിൽ തീരുമാനത്തിലെത്തും. ഡിസംബർ മാസത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി ജില്ലയിലെ പൊതുവായ വിഷയങ്ങൾ എംഎൽഎമാരുമായി കൂടിയാലോചിച്ച് ചർച്ച ചെയ്യും. ജനുവരിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിരീക്ഷണങ്ങൾ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു. 

ഈ സർക്കാർ വരുന്ന സന്ദർഭത്തിൽ 17 ലക്ഷം കണക്ഷൻ ആയിരുന്നു വാട്ടർ അതോറിറ്റിക്ക് ഉണ്ടായിരുന്നത്. ഒന്നരവർഷംകൊണ്ട് 13 ലക്ഷം കണക്ഷൻ കൊടുത്തു തീർക്കാൻ കഴിഞ്ഞു. ഇനി 40 ലക്ഷത്തോളം കണക്ഷൻ കൊടുക്കേണ്ട തീവ്ര പ്രയത്നത്തിലാണ് സർക്കാർ. ജീവനക്കാരുടെ അഭാവം മൂലം പദ്ധതികൾ വൈകാൻ പാടില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി ആവശ്യമുള്ള ജീവനക്കാരെ നിയമിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് സമ്പൂർണ്ണമായി കുടിവെള്ളം എത്തിക്കാനുള്ള പ്രധാനപ്പെട്ട ദൗത്യമാണ് വാട്ടർ അതോറിറ്റി പൂർത്തീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എംഎല്‍എമാരായ ലിന്റോ ജോസഫ്, അഡ്വ.കെ.എം സച്ചിന്‍ദേവ്, ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഡി, വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം ഷാജി പാമ്പൂരി, വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍ എസ്. ലീനാകുമാരി തുടങ്ങിയവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights