എച്ച്.ഡി.എഫ്.സി ക്രെഡിറ്റ്‌ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കണം ഓഗസ്റ്റ് 1 മുതൽ വരുന്ന ഈ മാറ്റങ്ങൾ.

എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ്‌ കാർഡ് ഉപഭോക്താകൾക്കുള്ള നിരക്കുകളിലും നിബന്ധനകളിലും ചില സുപ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ബാങ്കിന്റെ വെബ്സൈറ്റിൽ പറയുന്നതനുസരിച്ച് ഈ മാറ്റങ്ങൾ 2024 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കാം. ഇന്ധന ഇടപാടുകൾ, ബിസിനസ് കാർഡുകൾ, അന്താരാഷ്ട്ര / ക്രോസ് കറൻസി തുടങ്ങി നിരവധി സാമ്പത്തിക ഇടപാടുകളിൽ മാറ്റങ്ങൾ വരുന്നതായിരിക്കും. ഈ ഇടപാടുകളിലെ നിരക്കുകളുടെയും നിബന്ധനകളുടെയും മാറ്റങ്ങൾ എങ്ങനെയൊക്കെയാകുമെന്ന് നോക്കാം.വാടക ഇടപാടുകളിൽ നിങ്ങൾ ക്രെഡ് , പേടിഎം, ചെക്, ഫ്രീചാർജ് എന്നിവ പോലുള്ള സേവനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, ഇടപാട് തുകയിൽ നിന്ന് 1 ശതമാനം ഫീസ് ഈടാക്കുകയും ഓരോ ഇടപാടിനും 3000 രൂപ പരിധിയായി നിശ്ചയിക്കുകയും ചെയ്യും. ഉപഭോക്തൃ കാർഡുകളിലെ ഇന്ധന ഇടപാടുകളിൽ നിങ്ങൾ 15,000 രൂപയിൽ താഴെയാണ് ചെലവഴിക്കുന്നത് എങ്കിൽ അധിക ഫീസുകളൊന്നും ഉണ്ടാകില്ല. ഇനി നിങ്ങൾ, ഒരു ഇടപാടിൽ പരമാവധി 3000 രൂപ വരെ എന്ന നിലയ്ക്ക്, 15,000 രൂപയിൽ കൂടുതൽ ചെലവഴിച്ചാൽ മൊത്തം തുകയ്ക്ക് 1 ശതമാനം ഫീസ് ബാധകമാവും. 

 

ബിസിനസ് കാർഡുകളിലെ ഇന്ധന ഇടപാടുകളിൽ, നിങ്ങൾ ഓരോ ഇടപാടിലും ഇന്ധനത്തിന് 30,000 രൂപയിൽ താഴെയാണ് ചെലവഴിക്കുന്നത് എങ്കിൽ, നിങ്ങളിൽ നിന്ന് അധിക നിരക്ക് ഈടാക്കുകയില്ല. ഇനി നിങ്ങൾ, ഓരോ ഇടപാടിലും പരമാവധി 3000 രൂപ എന്ന നിലയ്ക്ക്, ഇന്ധന ഇടപാടിൽ 30,000 രൂപയിലധികം ചെലവഴിക്കുകയാണെങ്കിൽ മൊത്തം തുകയ്ക്കും കൂടി 1 ശതമാനം ഫീസ് അടയ്‌ക്കേണ്ടി വരും. അടുത്തതായി, നിങ്ങൾ ഒരു അന്താരാഷ്ട്ര അല്ലെങ്കിൽ ക്രോസ് – കറൻസി ഇടപാട് നടത്തുകയാണെങ്കിൽ 3.5 ശതമാനം ഫീസ് ബാധകമാവുന്നതാണ്. അതുപോലെ, സ്റ്റേറ്റ്മെന്റ് ക്രെഡിറ്റിലേക്കുള്ള റിവാർഡ് വീണ്ടെടുക്കുമ്പോൾ 50 രൂപ ഫീസായി ഈടാക്കും.അതുപോലെ തന്നെ, നിങ്ങൾക്ക് ഏതെങ്കിലും ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ സ്റ്റോറിൽ ഈസി – ഇ.എം.ഐ ലഭിക്കുകയാണെങ്കിൽ, 299 രൂപ വരെ നടത്തിപ്പ് തുകയായി ഈടാക്കുന്നതാണ്. നിരക്കിൽ മാറ്റം വരുന്ന മറ്റൊന്ന്, പ്രതിമാസ ബില്ലിംഗ് സ്റ്റേറ്റ്മെന്റിൽ കാണിച്ചിരിക്കുന്ന, കുടിശികയുള്ള മൊത്തം തുകയേക്കാൾ കുറവ് നൽകാനാണ് നിങ്ങൾ തീരുമാനിക്കുന്നതെങ്കിൽ, ഇടപാടിന്റെ തീയതി മുതൽ കുടിശിക പൂർണമായും അടയ്ക്കുന്നത് വരെ പ്രതിമാസം 3.75 ശതമാനം എന്ന നിലയ്ക്ക് ചാർജുകൾ ഈടാക്കും. ഇവിടെ കാണിച്ച എല്ലാ ഫീസുകളും സർക്കാർ നിയന്ത്രണങ്ങൾ അനുസരിച്ച് ജി.എസ്.ടിക്ക് വിധേയമാണ്. എന്നിരുന്നാലും ഈ നിരക്കുകളൊന്നും പിക്സൽ ക്രെഡിറ്റ്‌ കാർഡുകൾക്ക് ബാധകമാവുന്നതല്ല.

Verified by MonsterInsights