മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നു നടത്തുന്ന ‘ഹൃദയപൂർവം’ ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള കൂട്ടയോട്ടം നാളെ. കർമോത്സുകതയ്ക്കു ഹൃദയം ഉപയോഗിക്കാം (യൂസ് ഹാർട്ട് ഫോർ ആക്‌ഷൻ) എന്ന ലോക ഹൃദയദിന സന്ദേശം പ്രചരിപ്പിക്കാനാണു കൂട്ടയോട്ടം.
നാളെ രാവിലെ 6.30നു നെഹ്റു സ്റ്റേഡിയത്തിൽ നിന്നു കൂട്ടയോട്ടം ആരംഭിക്കും. 5 കിലോമീറ്ററാണു ദൂരം. നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഫ്ലാഗ് ഓഫ് ചെയ്യും. റെയിൽവേ സ്റ്റേഷനു മുന്നിലൂടെ ഗുഡ്ഷെപ്പേഡ് റോഡ്, മനോരമ ജംക്‌ഷൻ വഴി തിരുനക്കര എത്തി വൈഡബ്ല്യുസിഎ വഴി നെഹ്റു സ്റ്റേഡിയത്തിൽ സമാപിക്കും.
കൂട്ടയോട്ടത്തിനു പേരു റജിസ്റ്റർ ചെയ്തവർ നാളെ രാവിലെ ആറിനുതന്നെ എത്തി ചെസ്റ്റ് നമ്പർ, ടീ ഷർട്ട്, തൊപ്പി എന്നിവ കൈപ്പറ്റണം. പങ്കെടുക്കുന്നവർക്കെല്ലാം പ്രഭാതഭക്ഷണം ഒരുക്കിയിട്ടുണ്ട്. സർട്ടിഫിക്കറ്റുകളും നൽകും.