കോംപാക്‌ട് ഹാച്ച്ബാക്ക് രംഗത്ത് വൻമാറ്റങ്ങൾ കൊണ്ടുവന്ന വാഹനമാണ് ഹ്യുണ്ടായി i10 മോഡലുകൾ. ഗ്രാൻഡ് ആയാലും നിയോസായാലും അതത് തലമുറ പതിപ്പുകളിൽ തങ്ങളുടെ സ്ഥാനം കണ്ടെത്തിയവരാണ്. ഇപ്പോൾ എസ്‌യുവികൾക്ക് പിന്നാലെ പോവുന്ന ഉപഭോക്താക്കളെ പിടിച്ചു നിർത്താനായി i10 നിയോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി വിപണിയിൽ എത്തിയിരിക്കുകയാണ് ദക്ഷിണി കൊറിയൻ ബ്രാൻഡ്.കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവിട്ടാണ് കാറിലെ മാറ്റങ്ങൾ കമ്പനി ജനങ്ങളിലേക്ക് എത്തിച്ചിരുന്നത്. ഇന്ന് മുഖം മിനുക്കിയെത്തുന്ന ഗ്രാൻഡ് i10 നിയോസിന്റെ വിലയും ഹ്യുണ്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്. 5.69 ലക്ഷം രൂപ മുതലാണ് ഹാച്ച്ബാക്കിന് പ്രാരംഭ വിലയായി മുടക്കേണ്ടത്. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനായുള്ള ബുക്കിംഗും കമ്പനി ഈ മാസം ആദ്യം 11,000 രൂപ ടോക്കൺ തുകയ്ക്ക് ആരംഭിച്ചിരുന്നു.ഫെയ്‌സ്‌ലിഫ്റ്റ് ഗ്രാൻഡ് i10 നിയോസിന് ഇപ്പോൾ ഒരു പുതിയ മുൻവശമാണ് ഹ്യുണ്ടായി കൊണ്ടുവന്നിരിക്കുന്നത്. ബമ്പർ പരിഷ്ക്കാരത്തിലൂടെ വലിയൊരു ഗ്രില്ലും കാറിലേക്ക് കൊണ്ടുവരാൻ ബ്രാൻഡിന് സാധിച്ചു. അതോടൊപ്പം ഇതിന് പുതിയ ട്രൈ-ആരോ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും സൈഡ് ഇൻടേക്കുകളും ഹ്യുണ്ടായി അവതരിപ്പിക്കുന്നു.

15 ഇഞ്ച് അലോയ് വീലുകളുടെ പുതിയ സെറ്റിനൊപ്പം ഒരു ലൈറ്റ് ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന പുതിയ എൽഇഡി ടെയിൽ-ലൈറ്റുകളും ഹാച്ച്ബാക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പോളാർ വൈറ്റ്, ടൈറ്റൻ ഗ്രേ, ടൈഫൂൺ സിൽവർ, ടീൽ ബ്ലൂ, ഫിയറി റെഡ് ഓപ്‌ഷനുകൾക്കൊപ്പം പുതിയ സ്പാർക്ക് ഗ്രീൻ നിറവും ഹ്യൂണ്ടായി ഇപ്പോൾ പുതിയ ഗ്രാൻഡ് i10 നിയോസ് ഫെയ്‌സിലിഫ്റ്റിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.അകത്ത് ഹാച്ച്ബാക്കിന്റെ ക്യാബിൻ ലേഔട്ട് അതേപടി തുടരുന്ന കാഴ്ച്ചയാണ് കാണാനാവുന്നത്. കാലത്തിനൊത്ത ഡിസൈൻ തന്നെയാണ് ഇൻ്റീരിയറിനുള്ളത് എന്നതിനാലാണ് ഇവിടെ പുതിയ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുന്നതിൽ നിന്നും കമ്പനി വിട്ടുനിന്നത്. എങ്കിലും സീറ്റുകൾക്ക് പുതിയ ഗ്രേ അപ്ഹോൾസ്റ്ററി, നവീകരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫുട്‌വെൽ ലൈറ്റിംഗ് എന്നിവയാൽ വാഹനത്തിന്റെ അകത്തളത്ത് ചില മാറ്റങ്ങൾ കൊണ്ടുവരാനും ഹ്യുണ്ടായി തയാറായിട്ടുണ്ട്.