ഇന്ത്യൻ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും വൻ അവസരങ്ങൾ; വിസ നടപടികളിൽ മാറ്റം വരുത്തി ന്യൂസിലൻഡ്.

കുടിയേറ്റ നടപടികൾ കാര്യക്ഷമമാക്കാൻ വിസ നടപടികളിൽ മാറ്റം വരുത്തി ന്യൂസിലൻഡ്. വിസ കാലാവധി, തൊഴിൽ പരിചയ മാനദണ്ഡങ്ങൾ, വേതനം എന്നിവയിലാണ് മാറ്റം വരുത്തിയത്. ജീവനക്കാർക്കും തൊഴിലുടമകൾക്കും ഇമിഗ്രേഷൻ എളുപ്പമാക്കുന്നതിനാണ് ഇത്തരം നടപടികൾ സ്വീകരിച്ചതെന്നാണ് വിവരം.

പ്രവൃത്തിപരിചയം മൂന്നിൽ നിന്ന് രണ്ട് വർഷമായി കുറച്ചിട്ടുണ്ട്. ഇനി മുതൽ രണ്ട് വർഷത്തെ തൊഴിൽ പ്രവൃത്തിപരിചയത്തിൽ ന്യൂസിലൻഡിൽ തൊഴിൽ നേടാൻ കഴിയും. ഈ പുതിയ മാറ്റം ഇന്ത്യയിൽ നിന്ന് കൂടുതൽ പേരെ ന്യൂസിലൻഡിലേക്ക് കുടിയേറാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ന്യൂസിലൻഡിൽ നിരവധി ജോലി അവസരങ്ങൾ ഇന്ത്യക്കാർക്കായി തുറക്കും.

ഉയർന്ന പരിചയസമ്പന്നരായ തൊഴിലാളികൾക്ക് മൂന്ന് വർഷത്തെ മൾട്ടി എൻട്രി വിസയും കുറഞ്ഞ വെെദഗ്ധ്യമുള്ള തൊഴിലാളികൾക്ക് ഏഴ് മാസത്തെ സിംഗിൾ എൻട്രി വിസയും അനുവദിക്കാനാണ് ന്യൂസിലൻഡിന്റെ പുതിയ തീരുമാനം. അംഗീകൃത തൊഴിലുടമ തൊഴിൽ വിസ (എഇഡബ്ല്യുവി), സ്‌പെസിഫിക് പർപ്പസ് വർക്ക് വിസ (എസ്പിഡബ്ല്യുവി) എന്നിവയുടെ ശരാശരി വേതന മാനദണ്ഡങ്ങൾ സർക്കാർ നീക്കം ചെയ്തിട്ടുണ്ട്.

പുതിയ നിയമം അനുസരിച്ച് മാർക്കറ്റ് നിരക്ക് അനുസരിച്ച് തൊഴിലാളികൾക്ക് വേതനം നൽകണം. കൂടാതെ 2025 ഏപ്രിൽ മുതൽ സ്റ്റുഡന്റ് വിസയിൽ നിന്നോ മറ്റേതെങ്കിലും ജോലിയിൽ നിന്നോ അംഗീകൃത തൊഴിലുടമ തൊഴിൽ വിസയിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് ഇടക്കാല തൊഴിൽ അവകാശങ്ങൾ നൽകും. പോസ്റ്റ് സ്റ്റഡി വർക്ക് വിസയും പരിഷ്കരിച്ചിട്ടുണ്ട്.

വിദ്യാർത്ഥികൾക്ക് അവരുടെ യോഗ്യതകൾ അനുസരിച്ച് രാജ്യത്ത് മൂന്ന് വർഷം വരെ താമസിക്കാനും ജോലി ചെയ്യാനും പുതിയ നിയമം അനുവദിക്കുന്നു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ വിദ്യാർത്ഥികളും പോസ്റ്റ് സ്റ്റഡി വർക്ക് വിസയ്ക്ക് യോഗ്യരാണ്. ന്യൂസിലൻഡിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഇത് വളരെ പ്രയോജനകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights