“ചെലവേറിയ യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് വ്യത്യസ്‌തതയാർന്ന മറ്റ് ഇടങ്ങൾക്കാണ് നിലവിൽ ഇന്ത്യൻ സഞ്ചാരികൾ കൂടുതൽ പരിഗണന നൽകി വരുന്നത്. നിലവിൽ സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നത് അതുല്യമായ പ്രകൃതിദൃശ്യങ്ങൾ മുതൽ അതിമനോഹരമായ വാസ്‌തുവിദ്യ വരെ സമ്മേളിക്കുന്ന യൂറോ ഏഷ്യൻ രാജ്യമായ അസർബൈജാനാണ്. ആധുനികതയും പാരമ്പര്യവും ഒന്നിക്കുന്ന സവിശേഷമായ അന്തരീക്ഷമാണ് രാജ്യത്തുളളത്.
ഭൂമിശാസ്ത്രപരമായി നോക്കിയാൽ രണ്ട് ഭൂഖണ്ഡങ്ങളിലായി കാസ്‌പിയൻ കടലിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. കിഴക്കൻ യൂറോപ്പിലും പശ്ചിമേഷ്യയിലുമായാണ് പരന്നു കിടക്കുന്ന ഇവിടം അതിശയകരമായ സാംസ്കാരിക വൈവിധ്യവും ആകർഷകമായ യൂറോപ്യൻ അന്തരീക്ഷവും കൊണ്ട് സഞ്ചാരികൾക്ക് പ്രിയങ്കരമാകുകയാണ്. അസർബൈജാനിലെ ഗബാല, ബാക്കു എന്നീ സ്ഥലങ്ങളിലേക്കാണ് കൂടുതൽ വിനോദ സഞ്ചാരികളും ഒഴുകുന്നത്.
ഇന്ത്യൻ പാസ്പോർട്ടുളളവർക്ക് രാജ്യം ഇ-വീസയു വാഗ്ദാനം ചെയ്യുന്നു. ഈ സൗകര്യം സങ്കീർണ്ണമായ വീസ പ്രക്രിയ ലളിതവും സൗകര്യപ്രദവുമാക്കുന്നു.അതേസമയം, യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ ചെലവ് കുറവാണെന്നതും ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഒരു പ്രധാനഘടകമാണ്. 1 അസർബൈജാനി മനാത്തിന് നൽകേണ്ടി വരിക 51 ഇന്ത്യൻ രൂപയാണ്. ഇന്ത്യയിൽ നിന്ന് 5 മണിക്കൂർ വിമനയാത്രയാണ് അസർബൈജാനിലേക്കുള്ളത്.
അതേസമയം, അവധിക്കാലം കൂടുതൽ ചെലവഴിക്കാനാഗ്രഹിക്കുന്നവർക്ക് അയൽ രാജ്യമായ ജോർജിയ കൂടി സന്ദർശിക്കാം. യൂറോപ്പിലും പശ്ചിമേഷ്യയിലുമായാണ് ജോർജിയയും സ്ഥിതി ചെയ്യുന്നത്. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിലേക്ക് ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും നേരിട്ടുളള വിമാനങ്ങൾ ലഭ്യമാണ്.